പാലക്കാട്: നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമമെന്ന് പരാതി.50-ാം വാർഡിലെ സ്ഥാനാർഥി കെ.രമേശിന്‍റെ വീട്ടിലെത്തി ബിജെപി നേതാക്കൾ പണം നൽകാമെന്ന് വാഗ്ദാനം നൽകിയെന്നാണ് പരാതി.ബിജെപിയുടെ മുൻ കൗൺസിലർ സുനില്‍ വീട്ടിലെത്തുകയും നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തീർത്തു തരാം, സ്ഥാനാർഥിത്വം പിൻവലിക്കാൻ ഭർത്താവിനോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ഭാര്യയോട് പറഞ്ഞതായി കെ.രമേശ് പറഞ്ഞു.
'രാത്രി ഒമ്പതേമുക്കാലിനാണ് മൂന്ന് പേർ വീട്ടിലേക്ക് വന്നത്. രമേശ് ഇല്ലേ എന്ന് ചോദിച്ചാണ് വന്നത്. കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ സ്ഥാനാർഥിയെ കാണാൻ വന്നതാണെന്നാണ് അവർ പറഞ്ഞത്. രമേശ് വീട്ടിലില്ലെന്ന് പറഞ്ഞപ്പോൾ നമ്പർ വാങ്ങിപ്പോയി. അതിന് ശേഷമാണ് കൗൺസിലറും ഗണേഷ് എന്നയാളും വന്ന് ഭർത്താവിനോട് പിന്മാറാൻ വേണ്ടി പറഞ്ഞത്. സിപിഎം സ്ഥാനാര്‍ഥി പിന്മാറി,രമേശും പിന്മാറിയാൽ നന്നായിരുന്നു. ഭർത്താവിനോട് സംസാരിച്ചശേഷം വിളിക്കണം എന്ന് പറഞ്ഞു. സാമ്പത്തികമായി എന്തെങ്കിലും ചെയ്യാമെന്ന് പറയുകയും ചെയ്തു'. രമേശിന്‍റെ ഭാര്യ പറഞ്ഞു.
സംഭവത്തില്‍ പാലക്കാട് നോർത്ത് പൊലീസ് രമേശിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി.എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക പിൻവലിച്ചതോടെ വാർഡിൽ യുഡിഎഫ് ,എൻഡിഎ മത്സരമാണ്.നിലവിലെ സ്ഥാനാർഥിയും കൗൺസിലറും ഉൾപ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ആരോപിച്ചു.
0 Comments