കോഴിക്കോട്∙ കേരളത്തിൽ വോട്ട് ചോരി ആരോപണവുമായി കോൺഗ്രസ്. സിപിഎമ്മിന് ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലാണ് വോട്ട് ചോരി ആരോപണം ഉയർന്നിരിക്കുന്നത്.
18 വർഷമായി കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന വി.എം.വിനുവിന്റെ വോട്ട് എങ്ങനെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും പ്രവീൺ കുമാർ ചോദിച്ചു. ‘‘വിഎം വിനു കോഴിക്കോട് നഗരത്തിൽ ജനിച്ചു വളർന്നുവന്ന വ്യക്തിയാണ്. പ്രശസ്തനായ അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹവും ഭാര്യയും വോട്ട് ചെയ്തു. രണ്ടു പേർക്കും ഇക്കുറി വോട്ടില്ല. ഇതിനുപിന്നിൽ ഗൂഢാലോചനയാണ്. സിപിഎം ജയിക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ട്.
ഇതിന്റെ പരിപൂർണമായ ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ കലക്ടറും ബിഎൽഒയും വരെയുള്ളവർക്കാണ്. കേരളത്തിൽ നടക്കുന്നത് ബിഹാറിനേക്കാൾ വലിയ വോട്ട് ചോരി. ഇത് ഗൗരവതരമാണ്. നിയമപോരാട്ടം കോൺഗ്രസ് ആരംഭിക്കും. കലക്ടറെ കാണും. നാളെ ഹൈക്കോടതിയെ സമീപിക്കും. കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. വിനുവിന് നീതി കിട്ടും. കോഴിക്കോട് വളർന്നുവന്ന പൗരനാണ് വിനു.
0 Comments