ജയ്പൂര്‍: രാജസ്ഥാനില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ ടീച്ചറായ മുകേഷ് ജംഗിദ്(45)ആണ് ആത്മഹത്യ ചെയ്തത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി കുടുംബം ആരോപിച്ചു. ബിന്ദായക റെയില്‍വേ ക്രോസിങില്‍ ട്രെയിനിനു മുന്‍പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്എച്ച്ഒ വിനോദ് വര്‍മ പറഞ്ഞു. അധ്യാപകന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്.
എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സസ്പെന്‍ഷന്‍ ഭീഷണിയുണ്ടെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. കേരളത്തിലും ബിഎല്‍ഒ ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമാനമായ വിഷയം ചൂണ്ടിക്കാണിച്ചുള്ള മറ്റൊരു മരണം. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് മുകേഷ് വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ പുറത്തുപോവുകയായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് പറഞ്ഞു. തന്റെ സഹോദരന്‍ സംഘര്‍ഷത്തിലായിരുന്നു. ഇന്നലെ രാത്രി ഒരു സുഹൃത്ത് ഫോമുകള്‍ പൂരിപ്പിക്കാന്‍ സഹായിച്ച ശേഷം പോയി. ഞായറാഴ്ച രാവിലെ മുകേഷ് വീട്ടില്‍ നിന്നിറങ്ങി. അതിനു ശേഷമാണ് ഈ സംഭവം നടന്നതെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം. ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും. രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ ഭരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ചും നടത്തും
.
0 Comments