ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് കാരണം കേരളത്തിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) മാറ്റിവെക്കണമെന്ന സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവരുടെ ഹരജികൾ തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. തെരഞ്ഞെഞ്ഞടുപ്പും എസ്.ഐ.ആറും ഒരേസമയം നടത്തുന്നതിൽ ഭരണപരമായ തടസ്സമില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇതിൽ ആക്ഷേപമൊന്നും ഉന്നയിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
എസ്.ഐ.ആർ മാറ്റിവെക്കുന്നത് ഭരണഘടനാപരവും നിയമപരവുമായ കടമകളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കണ്ണൂരിൽ ബി.എൽ.ഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം രാഷ്ട്രീയവത്കരിക്കുകയാണ്. ജോലി സമ്മർദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാൻ ഒരു രേഖയുമില്ല.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെന്റ അധ്യക്ഷതയിൽ നവംബർ അഞ്ചിന് നടന്ന കലക്ടർമാരുടെ യോഗത്തിൽ രണ്ട് പ്രക്രിയകളും സുഗമമായി നടത്താൻ കഴിയുമെന്ന് ഉറപ്പ് നൽകി. കേരളത്തിൽ ഏകദേശം 5.5 ലക്ഷം സർക്കാർ ജീവനക്കാരിൽ 25,468 ഉദ്യോഗസ്ഥരെ മാത്രമാണ് ബൂത്ത് ലെവൽ ഓഫിസർമാരായി (ബി.എൽ.ഒ) നിയമിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് 1,76,000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബി.എൽ.ഒമാരെ മാറ്റി പകരം നിയമിക്കാൻ കലക്ടർമാർക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാതെ എസ്.ഐ.ആർ പ്രവർത്തനങ്ങൾ നടത്തുന്നത് ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതയിൽ സത്യവാങ്മൂലം നൽകി. തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് എസ്.ഐ.ആർ പ്രവർത്തനങ്ങൾ ഏൽപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
0 Comments