ന്യൂഡൽഹി: എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭയിൽ മുൻ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖഡിന്റെ രാജിയിൽ ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി.
ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും , പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നും പാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു.
എസ്‌ഐആറിൽ സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവെച്ചു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം എസ്‌ഐആർ വിഷയം ഉയർത്തി. മുൻ ഉപ രാഷ്ട്രപതി ജഗദീപ് ധൻഖഡിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും അധ്യക്ഷൻ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി നഡ്ഡയും പരിഹസിച്ചു. ആണവോർജ ബില്ലടക്കം 13 ബില്ലുകൾ ആണ് ശീതകാല സമ്മേളനത്തിൽ വരിക.
0 Comments