2026-ലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പുതുക്കലുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. കരട് പട്ടിക പ്രസിദ്ധീകരിച്ച 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 30 വരെ ലഭിച്ച അപേക്ഷകളാണ് ഫെബ്രുവരിയിൽ പുറത്തിറങ്ങുന്ന അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുക.
പേര് ചേർക്കുന്നതിനും വിവരങ്ങൾ തിരുത്തുന്നതിനും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുമായി ലഭിച്ച ഫോം 6, 6എ, 7, 8 എന്നിവയിലുള്ള അപേക്ഷകൾ നിലവിൽ കർശനമായ പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ജനുവരി 30-ന് ശേഷവും പൊതുജനങ്ങൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും മറ്റ് തിരുത്തലുകൾക്കുമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. എന്നാൽ ഇത്തരം അപേക്ഷകൾ ഫെബ്രുവരി 21-ലെ അന്തിമ പട്ടികയ്ക്ക് ശേഷം മാത്രമേ തീർപ്പാക്കുകയുള്ളൂ. ഇവരെ പിന്നീട് അനുബന്ധ പട്ടികകളിലൂടെ വോട്ടർപട്ടികയുടെ ഭാഗമാക്കും.
വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരന്മാർക്ക് പേര് ചേർക്കുന്നതിനായി ഓഫ്‌ലൈൻ സംവിധാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'തുടർച്ചയായ പുതുക്കൽ' പ്രക്രിയ പ്രകാരം, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കാവുന്നതാണ്. ഈ കാലയളവിൽ ലഭിക്കുന്ന അപേക്ഷകർക്ക് അന്തിമ പട്ടികയിലെ അവസാന നമ്പറിന് ശേഷമുള്ള ക്രമനമ്പറുകൾ നൽകും.
വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും സഹകരണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.
0 Comments