LATEST

6/recent/ticker-posts

യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി?; എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

 *കോഴിക്കോട്:* എലത്തൂരില്‍ ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പ്രതി വൈശാഖന്‍ പൊലീസ് കസ്റ്റഡിയിലാണ്.

പ്രതി വൈശാഖനെ പൊലീസ് ഇന്ന് സംഭവം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വൈശാകെ വിട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വൈശാഖന്‍ തന്റെ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖന്‍ മൊഴി നല്‍കിയത്.

കൊലപാതകത്തിന് മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളില്‍ കയറി കുരുക്കിട്ടി. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.
യുവതി മരിച്ചെന്ന് ഉറപ്പായശേഷം വൈശാഖന്‍ ഭാര്യയ വിളിച്ചു വരുത്തി. ഒരു യുവതി സ്ഥാപനത്തില്‍ തൂങ്ങി നില്‍ക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഭാര്യയെ വിളിച്ചു വരുത്തിയത്. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കാറില്‍ കയറ്റുന്നത്. ഈ സമയം ഏതാനും പേര്‍ അവിടേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനായിരുന്നു വൈശാഖന്‍ പദ്ധതിയിട്ടത്. അതിനുമുമ്പേ തന്നെ പൊലീസ് സ്ഥലം സീല്‍ ചെയ്തതോടെയാണ് വൈശാഖന്റെ പദ്ധതി പാളിയത്.

Post a Comment

0 Comments