LATEST

6/recent/ticker-posts

ഇന്നത്തെ പ്രഭാത വാർത്തകൾ𝟮𝟬𝟮𝟲 ജനുവരി 5


   അടുക്കളയിലെ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 

പാലക്കാട്: തൃത്താലയിൽ വ്യായാമത്തിനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്‍റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. ആയിഷ ഹിഫ വട്ടേനാട് ജിവിഎച്ച്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

ഉയരം വർധിപ്പിക്കുന്നതിനുള്ള വ്യായാമത്തിനായി വീട്ടിലെ അടുക്കളയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് കുട്ടി അപകടത്തിൽപെട്ടതെന്ന് കുടുംബം മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്തായിരുന്നു അപകടം.

ഈ സമയം കുട്ടിയുടെ മുത്തശിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങിയ നിലയിൽ ഹിഫയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   *വിജിലന്‍സ് ശിപാര്‍ശ തെരഞ്ഞെടുപ്പ് സ്റ്റണ്ട്: ചെന്നിത്തല*

കോഴിക്കോട്: വി.ഡി. സതീശനെതിരായ വിജിലന്‍സ് ശിപാര്‍ശ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷമായി ഈ കേസ് ഉണ്ടായിരുന്നല്ലോ, അപ്പോള്‍ സര്‍ക്കാര്‍ എവിടെയായിരുന്നു? തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുള്ള ചില അഭ്യാസങ്ങള്‍ മാത്രമാണ്. ഇതൊന്നും ചെലവാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളില്‍ ഇതുപോലുള്ള വിഷയങ്ങളുണ്ടായേക്കാം. വിജിലന്‍സ് ശിപാര്‍ശ കൊടുത്തുവെന്ന് കരുതി സിബിഐ കേസ് ഏറ്റെടുക്കുമോ? ഇത് രാഷ്‌ട്രീയ പ്രേരിതമായ നടപടിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇതുപോലെയുള്ള പടക്കങ്ങള്‍ ഒക്കെ പൊട്ടും. വലിയ കാര്യമൊന്നും അതിലില്ലെന്നും ചെന്നിത്തല പറഞ്ഞു.

    *തദ്ദേശ സ്ഥാപന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ*
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.

അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.

സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.

    *നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം; 30 മരണം, നിരവധിപേരെ തട്ടിക്കൊണ്ടുപോയി*

അബുജ: വടക്കൻ നൈജീരിയയിലെ ഗ്രാമത്തിൽ ആയുധധാരികളുടെ ആക്രമണം. 30 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നൈജറിലെ ഉൾഗ്രാമത്തിലാണ് ആക്രണമുണ്ടായത്. നിരവധി പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.

ബോർഗു തദ്ദേശ സ്വയംഭരണ പ്രദേശമായ കസുവാൻ-ദാജി ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. അക്രമികൾ ജനവാസമേഖലയിലേക്ക് അതിക്രമിച്ച് കയറി താമസക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രാദേശിക മാർക്കറ്റും നിരവധി വീടുകളും അക്രമികൾ കത്തിച്ചു.

ആക്രമണത്തിന് ഒരാഴ്ച മുമ്പ് അക്രമികളെ സമീപ പ്രദേശങ്ങളിൽ കണ്ടിരുന്നുവെന്ന് താമസക്കാർ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനും സമാധാനം പുനസ്ഥാപിക്കാനും പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു."

    *വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കണം, സമാധാനം ഉറപ്പാക്കണം: മാർപാപ്പ*
വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ സമീപകാല സംഭവവികാസങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണം. വെനസ്വേലൻ ജനതയുടെ നന്മ വിജയിക്കണം, വെനസ്വേല സ്വതന്ത്രമായി തുടരണമെന്നും മാർപ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് മാർപ്പാപ്പ വെനസ്വേലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

'നാം അക്രമത്തെ മറികടക്കണം. നീതിയും സമാധാനവും പിന്തുടരണം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണം. ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമവാഴ്ച ഉയർത്തിപ്പിടിക്കണം. ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണം. സമാധാനം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം.

ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യങ്ങളിൽ കഷ്ടപ്പെടുന്ന ദരിദ്രർക്ക് പ്രത്യേക ശ്രദ്ധ നൽകണം. എല്ലാറ്റിനുമുപരിയായി വെനസ്വേലയിലെ ജനതയുടെ ക്ഷേമത്തിന് മുൻഗണന നൽകണം. എല്ലാവരുടേയും പ്രാർഥനകളിൽ വെനസ്വേലയിലെ ജനങ്ങളെയും ഉൾപ്പെടുത്തണം'- മാർപ്പാപ്പ പറഞ്ഞു."

   *"നിധി'ക്കുവേണ്ടി ബലി; കർണാടകത്തിൽ കുഞ്ഞിനെ രക്ഷിച്ചത് അവസാന നിമിഷത്തെ ഫോൺകോൾ*
ബംഗളൂരു: കർണാടകയിൽ കുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരു ജില്ലയിലെ ഹൊസ്കോട്ടെ സുളിബലെയിലാണ് സംഭവം. വീടിനുള്ളിൽ കുഞ്ഞിനെ കുഴിച്ചിടാൻ ശ്രമം നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. 'നിധി' ലഭിക്കാൻ കുഞ്ഞിനെ ബലിയർപ്പിക്കാനുള്ള ചടങ്ങുകൾ വീട്ടിൽ നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സൂളിബലെ ഗ്രാമത്തിൽ കുഞ്ഞിനെ നരബലി നൽകാൻ ശ്രമിച്ച വാർത്ത ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. സാമ്പത്തികമായി മികച്ച നിലയിലുള്ള സെയ്യിദ് ഇംമ്രാൻ എന്നയാൾ എട്ടു മാസം മുൻപ് ഒരു കുടിയേറ്റ തൊഴിലാളിയിൽ നിന്ന് പണം നൽകി വാങ്ങിയ കുഞ്ഞിനെയാണ് ബലി നൽകാൻ ശ്രമിച്ചത്. കുഞ്ഞിന് വ്യാജ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇയാൾ നേരത്തെ തയ്യാറാക്കിയിരുന്നു.

വീടിനുള്ളിൽ അസ്വാഭാവികമായ രീതിയിൽ തറ കുഴിക്കുന്നതും പ്രത്യേക തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നൽകിയ വിവരമാണ് വൻ ദുരന്തം ഒഴിവാക്കിയത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് ശിശു സംരക്ഷണ സമിതി സ്ഥലത്തെത്തുകയും പൊലീസിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്."

   *ആയുധവുമായി ക്ഷേത്രത്തിലെത്തി, കൽവിളക്കുകൾ നശിപ്പിച്ചു; ബിജെപിക്കാരൻ അറസ്റ്റിൽ*
കൊട്ടാരക്കര: പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മൈലം പള്ളിക്കൽ മുകളിൽ വീട്ടിൽ രഘു (49)വാണ് പിടിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയും പഞ്ചായത്ത്‌ മുൻ അംഗവുമായ രാധാമണിയുടെ ഭർത്താവാണ് രഘു.

കഴിഞ്ഞ മാസം 21നു രാത്രിയിലായിരുന്നു സംഭവം. ആയുധങ്ങളുമായി ക്ഷേത്രത്തിലെത്തിയ രഘു കൽവിളക്കുകളും നശിപ്പിച്ചു. ദേവിനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ, സർപ്പക്കാവിനുള്ളിലെ വിളക്കുകൾ, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന മഹാദേവർ വിഗ്രഹം എന്നിവ തകർക്കുകയും ചെയ്തു. കൊട്ടാരക്കര ഐഎസ്എച്ച്ഒ എസ് ജയകൃഷ്ണൻ, എസ്‌ഐമാരായ അഭിലാഷ്, പങ്കജ് കൃഷ്ണ, സിപിഒമാരായ മനു കൃഷ്ണൻ, ശ്യാം കൃഷ്ണൻ, രാജേഷ്, ദീപക്, അസർ, പ്രകാശ് കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്."


    *"സർവം മായ 101 കോടിയിൽ; തിരിച്ചുവരവിൽ തിളങ്ങി നിവിൻ*
കൊച്ചി: മലയാളി പ്രേക്ഷകർ ഏറ്റവുമധികം കാത്തിരുന്ന കംബാക്കുകളിലൊന്നായിരുന്നു നിവിൻ പോളിയുടേത്. എപ്പോഴും നമ്മുക്ക് അടുത്ത് പരിചയമുള്ള ഒരാളെ പോലെയാണ് നിവിൻ എന്നാണ് പ്രേക്ഷകാഭിപ്രായം. നിവിന്റേതായി അവസാനം പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം അവരുടെ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു. ആദ്യ ഷോമുതൽ തുടങ്ങിയ ഹർഷാരവം പത്താം ദിവസവും നിവിനായി തീയറ്ററുകളിൽ ഉയരുന്നു. അങ്ങനെ തിരിച്ചുവരവിന്റെ മായയിൽ പ്രേക്ഷകരെ സർവം കീഴടക്കിയിരിക്കുകയാണ് ഈ നിവിൻ പോളി ചിത്രം.

പത്ത് ദിവസത്തിനുള്ളിൽ 101 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കലക്ഷൻ. നിവിൻ പോളി തന്നെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് സർവംമായ. ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളും ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. ഏറെ കാലമായി കാത്തിരുന്ന പഴയ നിവിൻ പോളിയെ ഈ ചിത്രത്തിലൂടെ കാണാനായി എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഹിറ്റ് കോംബോയായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിച്ച പത്താമത്തെ ചിത്രമാണിത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

    *"ഇടതുപക്ഷ പാർടികള്‍ 
രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ; ഡൽഹിയിൽ പ്രതിഷേധം*
ന്യൂഡൽഹി
വെനസ്വേലയിൽ അധിനിവേശം നടത്തി പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക്‌ ആഹ്വാനം ചെയ്‌ത്‌ ഇടതുപക്ഷപാർടികൾ. യുഎൻ ചാർട്ടർ ലംഘിച്ച്‌ ഒരു പരമാധികാര രാഷ്ട്രത്തിനുനേരെ നടത്തിയ കടന്നാക്രമണം അംഗീകരിക്കാനാകില്ല. വെനസ്വേലയിലെ എണ്ണസന്പത്ത്‌ കൈയ്യേറുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോയാകട്ടെ ഒരു പടികൂടി കടന്ന്‌ ക്യൂബയും മെക്‌സികോയുമാണ്‌ അടുത്ത ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.

സൈനിക നീക്കങ്ങളിലൂടെയായാലും വേണ്ടില്ല; ലോകത്തെ മുഴുവൻ സ്വന്തം സാമ്രാജ്യമാക്കി മാറ്റാനാണ്‌ അമേരിക്കയുടെ നീക്കം. പടിഞ്ഞാറൻ അർദ്ധഗോളത്തെ മുഴുവൻ അമേരിക്കയുടെ ചൊൽപ്പടിയിലാക്കാനുള്ള ‘മൺറോ സിദ്ധാന്തം’ തന്റേതായ രീതിയിൽ നടപ്പാക്കാനാണ്‌ ട്രംപിന്റെ പരിശ്രമം. അമേരിക്കൻ അധിനിവേശത്തിന്‌ എതിരായും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുമായി ജനങ്ങൾ വലിയരീതിയിൽ സംഘടിക്കുന്നുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ, വെനസ്വേലയിലെ പോരാടുന്ന ജനതയ്‌ക്ക്‌ ഐക്യദാർഢ്യവും പിന്തുണയും അർപ്പിക്കുന്നതായി ഇടതുപക്ഷ പാർടികൾ അറിയിച്ചു. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌തു. സമാധാന കാംക്ഷികളായ, സാമ്രാജ്യത്വ വിരോധികളായ മുഴുവൻ ജനങ്ങളും വലിയഅളവിൽ പങ്കെടുക്കണം. വെനസ്വേലയ്‌ക്ക്‌ എതിരായ അതിക്രമങ്ങളെ തള്ളിപ്പറയാൻ കേന്ദ്രസർക്കാർ
തയ്യാറാകണമെന്നും സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി, ഫോർവേർഡ്‌ ബ്ലോക്ക്‌ പാർടികൾ ആവശ്യപ്പെട്ടു.

*ഡൽഹിയിൽ പ്രതിഷേധം*

പരമാധികാര രാജ്യമായ വെനസ്വേല ആക്രമിച്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയേയും ഭാര്യയേയും തട്ടിക്കൊണ്ടുപോയ അമേരിക്കൻ കടന്നാക്രമണത്തിനെതിരെ ഡൽഹിയിൽ ഇടതുപക്ഷ പാർടികളുടെ സംയുക്ത പ്രതിഷേധം. സിപിഐ എം, സിപിഐ, സിപിഐ എംഎൽ ലിബറേഷൻ, ഫോർവേർഡ്‌ ബ്ലോക്ക്‌ പാർടികളുടെ നേതൃത്വത്തിലായിരുന്നു ജന്തർ മന്തറിൽ പ്രതിഷേധം. പ്രതിഷേധത്തിൽ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌, ഐസ തുടങ്ങി ഇടതുപക്ഷ വിദ്യാർഥി സംഘടനാപ്രവർത്തകരും അണിനിരന്നു. ലോകവ്യാപകമായി അമേരിക്ക സമാധാനം തകർക്കുന്പോൾ മിണ്ടാതിരിക്കുന്ന കേന്ദ്രസർക്കാർ, അമേരിക്കയ്‌ക്കും ട്രംപിനും കുടപിടിച്ചുനൽകുകയാണെന്ന്‌ സിപിഐ എം പിബി അംഗം ബി വി രാഘവുലു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും അമേരിക്കൻ കടന്നാക്രമണത്തെ അപലപിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു."

    *"ക്യൂബന്‍ ജനത പറയുന്നു ; ‘മഡുറോയ്‌ക്കായി ചോരയും 
ജീവനും നൽകാൻ തയ്യാർ'*

ഹവാന
വെനസ്വേലൻ സർക്കാരിനും ജനങ്ങൾക്കുമെതിരായ യുഎസ് സൈനിക നടപടിയിൽ പ്രതിഷേധിച്ച്‌ ക്യൂബയിൽ ജനം തെരുവിലിറങ്ങി. യുഎസ്‌ വിരുദ്ധ മുദ്രവാക്യങ്ങളുമായി തലസ്ഥാനമായ ഹവാനയിലെ സാമ്രാജ്യത്വ വിരുദ്ധ ട്രിബ്യൂണിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനം പ്രതിഷേധിച്ചു. ട്രംപിന്റെ നടപടി ക്രൂരവും വഞ്ചനാപരവും അസ്വീകാര്യവും അശ്ലീലവുമാണെന്ന്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗ്വേൽ ഡിയാസ് കനേൽ പറഞ്ഞു.

ലാറ്റിൻ അമേരിക്കയെയും കരീബിയയെയും സമാധാന മേഖലയായി തുടരാൻ അനുവദിക്കാത്ത യുഎസ്‌ നടപടിയെ അദ്ദേഹം അപലപിച്ചു. അന്താരാഷ്‌ട്ര നിയമങ്ങൾ കാറ്റിൽപറത്തുന്നതാണ്‌ യുഎസ് ഭീകരാക്രമണങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

"ബൊളിവറിന്റെ നാട് പവിത്രമാണ്, അതിനെതിരായ ആക്രമണം അമേരിക്കയുടെ എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും നേരെയുള്ള ആക്രമണമാണ്. അതിനെതിരെ, നമ്മുടെ സ്വന്തം രക്തവും ജീവനും നൽകാൻ ഞങ്ങൾ തയ്യാറാണ്.' മിഗ്വേൽ പറഞ്ഞു.

വെനസ്വേലയ്‌ക്കെതിരായ യുഎസ് സൈനിക നടപടിയുടെ യഥാർഥ ലക്ഷ്യം തെക്കേ അമേരിക്കൻ രാജ്യത്തിന്റെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുകയും ബൊളിവിയൻ വിപ്ലവവും കമാൻഡർ ഹ്യൂഗോ ഷാവേസും രണ്ട് പതിറ്റാണ്ടിലേറെയായി വളർത്തിയ പ്രതിരോധത്തിന്റെ കോട്ടയെ ഇല്ലാതാക്കുകയുമാണ്‌. ജനങ്ങളുടെ പരമാധികാരത്തിനും സ്വയം നിർണയാവകാശത്തിനും വിരുദ്ധമായ പ്രവൃത്തികളെ അന്താരാഷ്‌ട്ര സമൂഹം നിരസിക്കണം. യുഎസ് ആക്രമണം വെനസ്വേലയെ മാത്രമല്ല, എല്ലാ മനുഷ്യരാശിയെയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി."

Post a Comment

0 Comments