കോഴിക്കോട്: ഇറച്ചിക്കോഴി വില ഉയരുന്നതിനിടെ കോഴി ഫാം ഉടമകൾ പൂഴ്ത്തിവയ്പ് നടത്തി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന ആരോപണവുമായി ചിക്കൻ വ്യാപാരികൾ.
വൻകിട ഫാമുടമകളാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്നും ഇതിനെതിരേ കടയടപ്പ് സമരം നടത്തുമെന്നും ചിക്കൻ വ്യാപാരികൾ അറിയിച്ചു. കോഴിയിറച്ചി ബ്രോയിലറിന് കിലോയ്ക്ക് 290 രൂപയും ലെഗോണിന് 230 രൂപയും സ്പ്രിങ്ങിന് 340 രൂപയുമാണ് നിലവിലെ വില. ചില സ്ഥലങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ, സ്കൂൾ അവധി എന്നിവയുടെ മറവിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഫാമുടമകൾ വില വർദ്ധിപ്പിക്കുന്നതെന്ന് ചിക്കൻ വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി പറഞ്ഞു. ഈ നടപടി ചിക്കൻ വ്യാപാരികളേയും പൊതുജനത്തേയും ഒരുപോലെ ബാധിക്കുന്നതാണെന്ന് സമിതി ജില്ലാ കമ്മറ്റിയോഗം വിലയിരുത്തി.
പൂഴിത്തിവയ്പ് നടത്തുന്ന ഫാമുകളിൽ സിവിൽ സപ്ലൈസ് അധികൃതർ റെയ്ഡ് നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നടപടികൾ ഇല്ലാത്ത പക്ഷം കോഴിക്കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, മുനീർ പാലശ്ശേരി, സാദിക്ക് പാഷ, സിയാദ്, ആബീദ്, നാസർ, ഉമ്മർ, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
0 Comments