തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഐഷാ പോറ്റി കോൺഗ്രസ് സമരവേദിയിലെത്തി അംഗത്വം സ്വീകരിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഐഷാ പോറ്റിയെ ഔദ്യോഗികമായി പാർട്ടിയിൽ സ്വാഗതം ചെയ്തത്.
കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്ന സൂചനകളും ശക്തമാണ്. ഇതുസംബന്ധിച്ച ധാരണ പ്രതിപക്ഷ നേതാവുമായി ഇന്നലെ തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഉണ്ടായതെന്നാണ് വിവരം.
ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി രാഷ്ട്രീയത്തിലേക്ക് കടന്ന ഐഷാ പോറ്റി, മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചതോടെയാണ് പാർട്ടിയുമായുള്ള അകലം പ്രകടമായത്.
ഐഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള വരവ് സന്തോഷ നിമിഷമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിനെ തുടർന്ന് രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് ഐഷാ പോറ്റി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ വ്യക്തമാക്കി.
പ്രശ്നങ്ങൾ സൃഷ്ടിച്ചത് ‘ഡിസിഷൻ മേക്കേഴ്സ്’ ആയ ചിലരാണെന്നും ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താൻ താൽപര്യമില്ലെന്നും ഐഷാ പോറ്റി പറഞ്ഞു.
ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടുന്നതിൽ പ്രശ്നമുണ്ടാകരുത്. വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കാം. എങ്കിലും എപ്പോഴും മനുഷ്യപക്ഷത്തായിരിക്കും” എന്നും ഐഷാ പോറ്റി കോൺഗ്രസ് സമരവേദിയിൽ പറഞ്ഞു.
0 Comments