തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിച്ച കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിലും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതോടെയാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ജോസ് കെ മാണിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ കോൺഗ്രസും മുസ്ലീം ലീഗും ചരടുവലി നടത്തുന്നതിനിടെയാണ് ഇടത് വേദികളിൽ നിന്നും ജോസ് കെ മാണി തുടർച്ചയായി വിട്ടുനിൽക്കുന്നത്.കഴിഞ്ഞ രണ്ട് ഇടത് മുന്നണി യോഗങ്ങളിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. ഇന്ന് പാളയത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിനും ജോസ് കെ മാണി എത്തിയില്ല. അതേസമയം കേരള കോൺഗ്രസ്(എം) നേതാക്കളായ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് ഉൾപ്പെടെയുള്ളവർ സത്യഗ്രഹത്തിൽ പങ്കാളികളായി. കേരള കോൺഗ്രസ് (എം) നേതാക്കൾ സമരത്തിൽ സാന്നിധ്യം അറിയിച്ചെങ്കിലും, ജോസ് കെ. മാണിയുടെ അസാന്നിധ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നത്.
തുടർച്ചയായി രണ്ട് എൽഡിഎഫ് യോഗങ്ങളിൽ നിന്നും വിട്ടുനിന്ന ജോസ് കെ. മാണി, സത്യഗ്രഹത്തിലും പങ്കെടുക്കാതിരുന്നതോടെ പാർട്ടിക്കുള്ളിൽ തന്നെ മുന്നണി ബന്ധത്തെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന സൂചനകളാണ് ഉയരുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന എൽഡിഎഫിന്റെ മേഖലാ ജാഥയിൽ മധ്യമേഖലയുടെ ക്യാപ്റ്റനായി ജോസ് കെ. മാണിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, എൻ. ജയരാജിനെ ആ സ്ഥാനത്ത് നിയോഗിക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. ഫെബ്രുവരി 6ന് അങ്കമാലിയിൽ ആരംഭിച്ച് 13ന് ആറന്മുളയിൽ സമാപിക്കുന്നതാണ് മധ്യമേഖലാ ജാഥ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു മേഖലാ ജാഥകൾക്ക് നേതൃത്വം നൽകുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് ശക്തമായ സമ്മർദമാണ് നേരിടേണ്ടി വരുന്നത്. പാർട്ടിയുടെ പരമ്പരാഗത പിന്തുണക്കാർ ഉൾപ്പെടുന്ന ചില ശക്തമായ വിഭാഗങ്ങൾ, മുന്നണി മാറ്റം ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് പ്രകടമായ ഇടതു വിരുദ്ധ പ്രവണതകൾ ഇതിന് അടിവരയിടുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും 12 സീറ്റുകളിൽ മത്സരിച്ച കേരളാ കോൺഗ്രസ് (എം) അഞ്ചിടങ്ങളിൽ മാത്രം വിജയിച്ചതാണ് മുന്നണി മാറ്റത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിലും വലിയ തിരിച്ചടി ഉണ്ടാകാമെന്ന മുന്നറിയിപ്പും ഉയരുന്നു.
അതേസമയം, പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന സിപിഎമ്മിനെയും എൽഡിഎഫിനെയും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉപേക്ഷിക്കുന്നത് അധികാരലാലസയായി വ്യാഖ്യാനിക്കപ്പെടുമെന്ന നിലപാടും പാർട്ടിക്കുള്ളിലുണ്ട്. ചില എംഎൽഎമാർ എൽഡിഎഫിനൊപ്പം തന്നെ തുടരണം എന്ന അഭിപ്രായത്തിലാണ്. മറ്റ് എംഎൽഎമാർ പാർട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ നിർണായക ചർച്ചകൾ 16ന് ചേരുന്ന ഉന്നതാധികാര യോഗത്തിൽ നടക്കും.
0 Comments