*പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തും; വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും*
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനുവരി 23) തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും*.
*ഔദ്യോഗിക ചടങ്ങുകൾക്ക്* *ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ* *പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം* *ചെന്നൈയിലേക്ക് തിരിക്കും*. *പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും* *ഏർപ്പെടുത്തിയിട്ടുണ്ട്*
*വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു*
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) ചികിത്സയിലിരിക്കെ മരിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നായിരുന്നു അന്ത്യം. എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചുവെന്നും പിന്നാലെ ഹൃദസസ്തംഭനവും ഉണ്ടായി എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ ജനിതക രോഗമായിരുന്നു ദുർഗ എന്ന 22കാരിക്ക് ഉണ്ടായിരുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ഡിസംബർ 22 ന് ആയിരുന്നു ശസ്ത്രക്രിയ.
രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമായിരുന്നു ദുർഗക്കായി മാറ്റിവച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
*മൊറാദാബാദിൽ ദുരഭിമാനക്കൊല; കമിതാക്കളെ കുഴിച്ചുമൂടി, സഹോദരങ്ങൾ അറസ്റ്റിൽ*
മൊറാദാബാദ്: യുപിയിലെ മൊറാദാബാദിൽനിന്ന് മൂന്നുദിവസമായി കാണാതായ കമിതാക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
അധ്യാപികയായ കാജലിന്റെയും കാമുകൻ അർമാന്റെയും മൃതദേഹങ്ങളാണ് നീം കരോളി ബാബ ക്ഷേത്രത്തിനു സമീപം ഗഗൻ നദിക്കരയിലെ കുഴയിൽനിന്ന് കണ്ടെടുത്തത്. ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം.
ഉമ്രി സബ്ജിപുരിലെ കാജലിന്റെ വസതിയിൽ അർമാനെയും കാജലിനെയും പിടികൂടി തടങ്കലിൽവച്ചശേഷം കൊലപ്പെടുത്തി മറവുചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ കാജലിന്റെ സഹോദരങ്ങൾ മൊഴി നല്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
*ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടി കേരളത്തിന്റെ നിശ്ചലദൃശ്യം*
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിലേക്കുള്ള കേരളത്തിന്റെ നിശ്ചലദൃശ്യം ഒരുങ്ങുന്നു. ഡൽഹി കന്റോണ്‍മെന്റിലെ രാഷ്ട്രീയ രംഗശാലയിൽ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിന്റെ നിശ്ചലദൃശ്യവും അന്തിമ മിനുക്കുപണിയിലാണ്.
സംസ്ഥാനത്തിന്റെ സ്വന്തം വാട്ടർ മെട്രോയുടെയും തനത് കാർഷികവൃത്തിയുടെയും കേരളത്തിനുമാത്രം സ്വന്തമായ നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതാനേട്ടവും പ്രമേയമാക്കിയാണു നിശ്ചലദൃശ്യം.
ഡിജിറ്റൽ സാക്ഷരതയുടെ ബ്രാൻഡ് അംബാസഡറായ സരസു എന്ന 73 കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയെയാണ് നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന നേട്ടത്തിന്റെ പ്രതീകമായി കേരളം നിശ്ചലദൃശ്യത്തിൽ അവതരിപ്പിക്കുന്നത്. മടിയിലൊരു ലാപ്ടോപ്പും കൈയിൽ ഫോണും ചെവിയിൽ ഇയർഫോണുമായി ഇരിക്കുന്ന സരസുവിന്റെ രൂപമാണ് നിശ്ചലചിത്രത്തിന്റെ പ്രധാന ആകർഷണം.
ഇതിനോടൊപ്പമാണ് കൊച്ചി കായലിലൊഴുകി നീങ്ങുന്ന വാട്ടർ മെട്രോയും അതിനുപിന്നിലെ ടെർമിനലും. ഹരിത കർമസേനയിലെ അംഗങ്ങളുൾപ്പെടെയുള്ളവരെ മെട്രോയിൽ യാത്രക്കാരായി നിശ്ചലചിത്രത്തിൽ ചിത്രീകരിക്കുന്നുമുണ്ട്.
കൂടാതെ കേരളത്തിന്റെ കാർഷിക പൈതൃകം വരച്ചുകാട്ടി ഇഞ്ചി, കറുവപ്പട്ട, തേങ്ങ, ചക്ക, ജാതിക്ക, ഗ്രാന്പൂ എന്നിവയുടെ വലിയ രൂപങ്ങളും നിശ്ചലചിത്രത്തിലൊരുങ്ങുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ നിശ്ചലദൃശ്യം ഇന്ത്യാ ഗേറ്റിനു മുന്നിലൂടെ ഒഴുകിനീങ്ങുന്പോൾ ദൃശ്യത്തിന്റെ ഇരുവശവും നാടോടിനർത്തകരും അണിനിരക്കും.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് നിശ്ചലദൃശ്യത്തിന്റെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് റോയ് ജോസഫ് എന്ന കലാകാരനാണ്.2023നുശേഷം ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രാനുമതി ലഭിക്കുന്നത്.
*ജാർഖണ്ഡിൽ 15 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന അനിൽ ദായും പിടിയിൽ*
ചായ്ബാസ: തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മുതിർന്ന നേതാവ് അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ബും ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. സിആർപിഎഫ് കോബ്ര യൂണിറ്റിന്റെ കിരിബുരു സ്റ്റേഷൻ പരിധിയിയിലെ സാരന്ത വനമേഖലയിലുള്ള കുംദിയിൽ സിആർപിഎഫ് കോബ്ര യൂണിറ്റിലെ 1500 ഓളം സേനാംഗങ്ങൾ നടത്തിയ സൈനികനീക്കത്തിലാണ് മാവോയിസ്റ്റുകളെ തുടച്ചുനീക്കിയത്.
പാർഥിം മാജി എന്ന അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ മൃതദേഹം കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളുടെ വലിയശേഖരവും കണ്ടെത്തി. ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ രാത്രിവരെ തുടർന്നു.
സാരന്ത വനമേഖലയിൽ ചൊവ്വാഴ്ച മുതൽ നക്സൽ വിരുദ്ധനടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അനൽദായും സംഘവും വനമേഖലയിൽ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് പരിശോധന തുടങ്ങിയത്. ഗിരിദിഹിലെ പിർതാൻഡിൽ കഴിഞ്ഞിരുന്ന അനൽ ദാ 1987 മുതൽ വിധ്വംസക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നയാളാണ്.
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുടെ അവസാന രണ്ട് ശക്തികേന്ദ്രങ്ങളായാണ് സാരന്തയെയും കൽഹാനെയും സുരക്ഷാസേന വിലയിരുത്തുന്നത്. നേരത്തെ ബുദ പഹാഡ്, ഛത്ര, ലത്തേഹാർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ആധിപത്യം സുരക്ഷാസേന അവസാനിപ്പിച്ചിരുന്നു.
ഈവർഷം മാർച്ച് 21 നകം മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പലതവണ ആവർത്തിച്ചിരുന്നു. 2001 മുതൽ 2025 വരെ ജാർഖണ്ഡിൽ 11,000 മാവോയിസ്റ്റുകളാണ് പിടിയിലായത്. 250 ലേറെപ്പേർ കൊല്ലപ്പെട്ടു. 350 ഓളം പേർ സുരക്ഷാസേനയ്ക്കു മുന്‍പാകെ കീഴടങ്ങി എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
*വിസിലടിച്ച് വിജയ്, ടോർച്ചുമായി കമൽഹാസൻ; ഇരുവർക്കും തെരഞ്ഞെടുപ്പ് ചിഹ്നമായി*
ന്യൂഡൽഹി: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നമായി. വിസിൽ ആണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിലാകും ടിവികെ സ്ഥാനാർഥികൾ മത്സരിക്കുക. ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 11-നാണ് ടിവികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ലഭ്യമായ ചിഹ്നങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാർട്ടി സമർപ്പിച്ചിരുന്നു.
കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനും (എംഎൻഎം) തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോർച്ചാണ് എംഎൻഎമ്മിന്റെ ചിഹ്നം.
*കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ*
അഹമ്മദാബാദ്: ഗുജറാത്തിൽ കോളജ് വിദ്യാർഥിനി ക്ലാസ് മുറിയിൽ ജീവനൊടുക്കി. ഗാന്ധിനഗറിലെ സെക്ടർ -7 ലെ ജെഎം ചൗധരി കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥിനി ശിവാനി അഹിർ(19) ആണ് തൂങ്ങി മരിച്ചത്.
പത്താൻ ജില്ലക്കാരിയാണ് ശിവാനി അഹിർ. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിലെ ഹോസ്റ്റലിൽ നിന്ന് ശിവാനിയെ കാണാതായിരുന്നു. തുടർന്ന് കോളജ് അധികൃതരും പോലീസും തിരച്ചിൽ നടത്തുകയും വിവരം ശിവാനിയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
തുടരന്വേഷണത്തിൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ ശിവാനിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയാണ് ശിവാനി മരിച്ചത്.
സംഭവത്തിൽ ഗാന്ധിനഗർ സെക്ടർ 7 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചുവെന്നും ഗാന്ധിനഗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിവ്യ പ്രകാശ് ഗോഹിൽ പറഞ്ഞു.
*"രണ്ട് മണിക്കൂറിനുള്ളില്‍ മോദിയുടെ ഫ്ലക്സ് ബോർഡുകൾ നീക്കണം; ബിജെപിയോട് തിരുവനന്തപുരം കോർപറേഷൻ*
തിരുവനന്തപുരം: ഹൈക്കോടതി നിർദേശം ലംഘിച്ച് തിരുവനന്തപുരം നഗരത്തിൽ ബിജെപി അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ഉടനടി മാറ്റണമെന്ന് കോർപറേഷന്റെ നിർദേശം. വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമേകി ബിജെപി നഗരത്തിൽ നിരവധിയിടങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ഇവയെല്ലാം നീക്കം ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റിനോട് കോർപേറഷൻ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടു.
നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കംചെയ്യുമെന്ന് മേയർ വി വി രാജേഷ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇത് വകവെക്കാതെയാണ് നടപ്പാതകളടക്കം കയ്യേറി ബിജെപി ബോർഡുകൾ സ്ഥാപിച്ചത്.
രണ്ട് മണിക്കൂറിനുള്ളിൽ ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്തില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ ബിജെപിക്ക് മുന്നറിയിപ്പ് നൽകി."
*"ഇസ്ലാമിക രാഷ്ട്രമെന്ന ചിന്ത തന്നെ അപകടകരം'; ജമാഅത്തെ ഇസ്ലാമിയെ തള്ളി എം കെ മുനീർ*
കോഴിക്കോട്: മതരാഷ്ട്രവാദം ഉപേക്ഷിക്കാനാകില്ലെന്ന് ആവർത്തിച്ച് പറയുന്ന ജമാഅത്തെ ഇസ്ലാമിയെ തള്ളി മുതിർന്ന മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. മതേതര രാജ്യത്ത് ഇസ്ലാമിക രാഷ്ട്രമെന്ന സങ്കൽപം സാധ്യമല്ലെന്നും, അങ്ങനെ ചിന്തിക്കുന്നത് തന്നെ അപകടകരമാണെന്നും മുനീർ പറഞ്ഞു. മതരാഷ്ട്രമെന്ന സങ്കൽപ്പം മുസ്ലിംലീഗിന് ആലോചിക്കാനാകില്ല. അത്തരം ആശയങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതാണെന്നും മുനീർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും ന്യായീകരിക്കുമ്പോഴാണ് മുനീർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സംസ്ഥാന ഷൂറ കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് കാരകുന്നാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറയില്ലെന്ന് പരസ്യമായി വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫിന് വലിയ തിരിച്ചടിയാണ് കാരകുന്നിന്റെ വെളിപ്പെടുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം ആവർത്തിക്കുമെന്നാണ് കോൺഗ്രസ്- ലീഗ് നേതാക്കൾ അറിയിച്ചത്."
*"വിദേശത്ത് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ*
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ കസ്റ്റഡിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽവെച്ചാണ് ഇയാളെ പിടികൂടിയത്.
കമലേശ്വരം ശാന്തി നഗർ രണ്ടാംതെരുവിൽ സോമനന്ദനത്തിൽ ഗ്രീമ എസ് രാജ് (30), അമ്മ സജിത രാജീവ് (55) എന്നിവരെയാണ് ബുധൻ പകൽ 12ന് വീട്ടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടത്. ഹാളിലെ സോഫയിലാണ് ഇരുവരുടെയും മൃതദേഹം കിടന്നിരുന്നത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. അസ്വഭാവിക മരണത്തിനാണ് പൂന്തുറ പൊലീസ് കേസെടുത്തത്.
ആത്മഹത്യാക്കുറിപ്പിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭർത്താവ് ബി എം ഉണ്ണികൃഷ്ണൻ ആണെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആറ് വർഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാൻ തക്ക കാരണങ്ങൾ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാൻ വയ്യെന്നും കുറിപ്പിൽ പറയുന്നു.
2019ൽ വിവാഹിതയായ ഗ്രീമ ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. വാട്സാപ് ഗ്രൂപ്പുകളിലും അടുത്ത സുഹൃത്തുക്കൾക്കും ആത്മഹത്യാക്കുറിപ്പ് അയച്ചിരുന്നു. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങൾ കണ്ടത്. ഗ്രീമയുടെ അച്ഛൻ കഴിഞ്ഞ ഒക്ടോബറിൽ മരിച്ചു. "
*📡ഇന്നത്തെ പ്രധാന വാർത്തകൾ*
*യുദ്ധം അവസാനിപ്പിക്കാൻ നീക്കവുമായി ട്രംപ്; ത്രിരാഷ്ട്ര ചർച്ചയ്ക്ക് ഇന്ന് തുടക്കം*
ദാവോസ്: യുക്രെയ്ൻ - റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി യുഎഇയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, യുഎസ്, റഷ്യ
രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തി. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകൾ ഏകദേശം തയാറാണ്.
യുഎസ് - യുക്രെയ്ൻ പ്രതിനിധികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം.
*തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്*
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്നിന്നുമാണ് ട്രംപ് പിന്മാറിയത്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നയതന്ത്രപരമായ ചുവടുമാറ്റം.
ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറിൽ തീരുമാനമായില്ലെങ്കിൽ ജൂൺ ഒന്ന് മുതൽ നികുതി 25 ശതമാനമായി ഉയർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
*കൈക്കൂലി വാങ്ങവെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ*
അങ്കമാലി: ലേബർ ലൈസൻസ് പുതുക്കി നൽകാൻ കൈക്കൂലി വാങ്ങവെ അങ്കമാലി ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ സൂരജ് നാരായണൻ പിടിയിലായി. പരാതിയെത്തുടർന്ന് വിജിലൻസ് എറണാകുളം യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ അങ്കമാലിയിലെ ഒരു വ്യാപാര സ്ഥാപനത്തിലായിരുന്നു പരിശോധന. ഇവിടെ ഒരു തൊഴിലാളിയിൽനിന്ന് ഇയാൾ 1500 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
*നിയമസഭാ തെരഞ്ഞെടുപ്പ്; പശ്ചിമബംഗാളിൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും*
കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും. വർഷങ്ങളായി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നതിനാല്‍ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. ഇത് പാർട്ടിയെ ദുര്‍ബലമാക്കി.
അതിനാൽ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹമെന്നും റിപ്പോര്‍ട്ടുണ്ട്. ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മറ്റ് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സഖ്യത്തില്‍ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ലെന്നും ദീര്‍ഘകാലമായി മത്സരിക്കാത്ത മേഖലകളില്‍ കോണ്‍ഗ്രസ് തകരുമെന്നും ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം പാര്‍ട്ടി അടിത്തറ കെട്ടിപ്പടുക്കാന്‍ ഉപയോഗിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.
*ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ തീരുമാനം*
പരവൂർ: പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെലവ് ചുരുക്കാനും ലക്ഷ്യമിട്ട് ഡീസൽ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് എൻജിനുകളിലേക്കു മാറാൻ ഒരുങ്ങി റെയിൽവേ. രാജ്യത്ത് അവശേഷിക്കുന്ന 2500 ഓളം ഡീസൽ ലോക്കോമോട്ടീവുകൾകൂടി സർവീസിൽനിന്ന് ഒഴിവാക്കാനാണ് റെയിൽ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്ത് 70,117 റൂട്ട് കിലോമീറ്ററിൽ വൈദ്യുതീകരിക്കാൻ ഇനി വെറും 405 റൂട്ട് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവേ പുതിയ പദ്ധതി ആലോചിക്കുന്നത്. നിലവിൽ ദീർഘദൂര ചരക്ക് സേവനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഇപ്പോഴും ഡീസൽ ലോക്കോമോട്ടീവുകളെയാണ് പൂർണമായും ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര യാത്രാ സർവീസുകൾ പ്രധാനമായും കേബിളുകളിൽനിന്ന് വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് ട്രെയിനുകളിലേക്ക് മാറിയിട്ടുണ്ട്.
റെയിൽവേ യാർഡിലെ ആവശ്യങ്ങൾക്കും കോച്ചുകൾ പലയിടങ്ങളിലേക്കും മാറ്റുന്നതിനും കുറഞ്ഞ ദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഡീസൽ ലോക്കോമോട്ടീവുകൾ ഒഴിവാക്കുകയാണ് ആദ്യനടപടിയെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കുന്നു. റെയിൽ പാത വൈദ്യുതീകരണം പൂർത്തിയാകാത്തതിനാലും ചില മേഖലകളിൽ വൈദ്യുതീകരണം ഭാഗികമായതിനാലും മാത്രമാണ് ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടി വരുന്നത്.
ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി ബാറ്ററിയുള്ള എൻജിനുകളും റെയിൽവേ ഉപയോഗിക്കുന്നുണ്ട്. 700 കുതിരശക്തിയുള്ള ഡീസൽ എൻജി
0 Comments