LATEST

6/recent/ticker-posts

പ്രഭാത വാർത്തകൾ


മെർക്കോസർ ഉടന്പടി യാഥാർഥ്യം ട്രംപിന് യൂറോപ്യൻ യൂണിയന്‍റെ മറുപടി

അസുൻസ്യോൺ: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുവ ഭീഷണിക്കിടെ യൂറോപ്യൻ യൂണിയൻ തെക്കേ അമേരിക്കയിലെ അർജന്‍റീന, ബ്രസീൽ, പരാഗ്വെ, ഉറുഗ്വെ രാജ്യങ്ങൾ ഉൾപ്പെടുന്ന മെർക്കോസർ ഗ്രൂപ്പുമായി വ്യാപാരക്കരാർ ഒപ്പുവച്ചു. ശനിയാഴ്ച രാത്രി പരാഗ്വെ തലസ്ഥാനമായ അസുൻസ്യോണിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോർ ദെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ, ബ്രസീൽ ഒഴികെയുള്ള മെർ ക്കോസർ രാജ്യങ്ങളിലെ ഭരണാധികാരികൾ എന്നിവർ പങ്കെടുത്തു.
യൂറോപ്യൻ യൂണിയൻ പങ്കാളിയാകുന്ന ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാർ ആണിത്. ഇറുക്കുമതിത്തീരുവ കുറച്ച് വ്യാപാരം വർധിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

തീരുവയേക്കാൾ സുതാര്യ വ്യാപാരത്തിനും, ഒറ്റപ്പെടുത്തലിനേക്കാൾ ദീർഘകാല പങ്കാളിത്തത്തിനുമാണ് യൂറോപ്യൻ യൂണിയൻ മുൻഗണന കൊടുക്കുന്നതെന്ന് ഉർസുല ഫോൺ ദെർ ലെയ്ൻ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണു കരാറിലൂടെ ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

കാറ്റും കോളും നിറഞ്ഞ രാഷ്‌ട്രീയാന്തരീക്ഷത്തിൽ സാന്പത്തികസ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മെർക്കോസർ കരാർ നാഴികക്കല്ലാണെന്ന് അന്‍റോണിയോ ഡി കോസ്റ്റയും അഭിപ്രായപ്പെട്ടു.

യൂറോപ്യൻ യൂണിയനും മെർക്കോസർ ഗ്രൂപ്പും സ്വതന്ത്രവ്യാപാര കരാറിനു നീക്കം തുടങ്ങിയത് 25 വർഷം മുന്പാണ്. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികൂല വ്യാപാര, വിദേശ നയങ്ങൾ മൂലം കരാറിനുള്ള ചർച്ചകൾ അടുത്തകാലത്ത് ഊർജിതമാവുകയായിരുന്നു. ഗ്രീൻലാൻഡിനെ സ്വന്തമാക്കാനുള്ള അമേരിക്കൻ നീക്കത്തെ എതിർക്കുന്നതിന്‍റെ പേരിൽ എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപ് നികുതി പ്രഖ്യാപിച്ചത് ശനിയാഴ്ചയാണ്.

യൂറോപ്യൻ യൂണിയനിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിച്ച പശ്ചാത്തലത്തിലാണ് മെർക്കോസർ കരാർ ഒപ്പുവച്ചത്. ഇനി യൂറോപ്യൻ പാർലമെന്‍റ് കരാർ അംഗീകരിക്കേണ്ടതുണ്ട്. അതേസമയം, യൂറോപ്യൻ കർഷകർക്കു കരാറിനോട് എതിർപ്പുണ്ട്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ വിലകുറഞ്ഞ കാർഷികോത്പന്നങ്ങൾ യൂറോപ്യൻ കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.

2024 വർഷത്തിൽ യൂറോപ്യൻ യൂണിയനും മെർക്കസോർ രാജ്യങ്ങളും തമ്മിൽ 11,100 കോടി യൂറോയുടെ വ്യാപാരമുണ്ടായി. മെഷിനറി, രാസ പദാർഥങ്ങൾ, യാത്രാ ഉപകരണങ്ങൾ മുതലായവയാണ് യൂറോപ്യൻ യൂണിയന്‍റെ കയറ്റുമതി. കാർഷികോത്പന്നങ്ങൾ, ധാതുക്കൾ തുടങ്ങിയവ മെർക്കോസർ രാജ്യങ്ങളും കയറ്റുമതി ചെയ്യുന്നു.
  
   *കറാച്ചിയിൽ വൻ തീപിടിത്തം*
കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു.

നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണു ദുരന്തം ആരംഭിച്ചത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിച്ചു. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇന്നലെവരെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. കടുത്ത ചൂടു മൂലം കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ അടർന്നുവീണു. കെട്ടിടത്തിലു ബലക്ഷയം സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്ന് അനുമാനിക്കുന്നു. 

    *റിപ്പബ്ലിക് ദിനാഘോഷം: കാഷ്മീരിൽ സുരക്ഷ ശക്തമാക്കി*
ശ്രീനഗർ: റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി കാഷ്മീർ താഴ്‌വരയിൽ സുരക്ഷ ശക്തമാക്കി. ശ്രീനഗറിലും താഴ്‌വരയിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്രോളിംഗ് വാഹനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ട്.

കാഷ്മീരിലെ പ്രധാന റിപ്പബ്ലിക് ദിന ചടങ്ങ് നടക്കുന്ന ബക്ഷി സ്റ്റേഡിയത്തിനു സമീപം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനഗറിലും നഗരത്തിന്‍റെ പ്രവേശന കവാടങ്ങളിലും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും പോലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

ചാവേർ ആക്രമണം, സ്ഫോടനം എന്നിവ തടയുന്നതിനായി സ്നിഫർ നായ്ക്കളും മെറ്റൽ ഡിറ്റക്ടറുകളും ഉൾപ്പെടെയുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

    *തെക്കൻ സുലവേസിയിൽ വിമാനം തകർന്നു*
ജക്കാർത്ത: തെക്കൻ സുലവേസിയിൽ കാണാാതായ ചെറുവിമാനം തകർന്നുവെന്നും വിമാനത്തിലുണ്ടായിരുന്ന പത്തു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.

മത്സ്യബന്ധന യാനങ്ങൾ നിരീക്ഷിക്കാൻ പുറപ്പെട്ട വിമാനം ശനിയാഴ്ച അർധരാത്രി റഡാറിൽനിന്ന് അപ്രത്യക്ഷമായതാണ്. മത്സ്യബന്ധന വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്.മോശം കാലാവസ്ഥയാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.

    *ആയിരങ്ങൾ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഖമനയ്*
ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്നും അമേരിക്കയാണ് ഇതിനുത്തരവാദിയെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. പ്രക്ഷോഭത്തിൽ ആയിരങ്ങൾ മരിച്ചുവെന്ന് ഖമനയ് പരസ്യമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്.

അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ളവരാണ് അനേകായിരങ്ങളെ കൊന്നൊടുക്കിയതെന്ന് ശനിയാഴ്ച ഖമനയ് പറഞ്ഞതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുഷ്യത്വമില്ലാതെ, കാടൻ രീതിയിലാണു ചിലരെ കൊന്നത്. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ക്രിമിനൽ കുറ്റവാളിയായിട്ടാണ് ഇറാൻ പരിഗണിക്കുന്നതെന്നും ഖമനയ് കൂട്ടിച്ചേർത്തു.

ഇറാനിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഡിസംബർ അവസാനം ടെഹ്റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇറേനിയൻ ജനത പ്രക്ഷോഭം തുടരണമെന്ന് ട്രംപ് ഇതിനിടെ പറയുകയുണ്ടായി.

*5,000 പേരെങ്കിലും മരിച്ചു*

ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ കുറഞ്ഞത് 5,000 പേർ മരിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ 500 പേർ ഇറേനിയൻ സുരക്ഷാ ഭടന്മാരാണ്.

കുർദ് വിമതർക്കു സ്വാധീനമുള്ള വടക്കുപടിഞ്ഞാറൻ ഇറാനിലാണു സംഘർഷങ്ങളും മരണസംഖ്യയും കൂടുതലുണ്ടായത്. പ്രക്ഷോഭത്തിനിടെ ആയുധം ധരിച്ച കലാപകാരികൾ നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു. കലാപകാരികൾക്ക് ആയുധം നല്കിയത് ഇസ്രയേലാണ്. മരണസംഖ്യ ഇനിയും ഉയരും- പേര് വെളിപ്പെടുത്താത്ത ഇറേനിയൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

പ്രക്ഷോഭത്തിൽ 3,308 പേർ മരിച്ചതായി സ്ഥിരീകരിച്ചുവെന്നാണ് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട് മറ്റൊരു 4,382 കേസുകൾ പരിശോധിച്ചുവരികയാണ്.ഇറേനിയൻ സർക്കാർ 24,000 പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.

   *തിരുനാവായ കുംഭമേള ഇന്നു മുതൽ, ഗവർണർ ഉദ്ഘാടനം ചെയ്യും; ശ്രീചക്രവുമായുള്ള രഥയാത്ര ഇന്ന് പുറപ്പെടും*
മലപ്പുറം: കേരള കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവം ഇന്നു മുതൽ ഫെബ്രുവരി മൂന്നുവരെ തിരുനാവായയിൽ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ ഇന്ന് രാവിലെ
11ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയുയർത്തുന്നതോടെ തിരുനാവായ നിളാതീരം ഭക്തസാന്ദ്രമാകും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സന്യാസിമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിക്കഴിഞ്ഞു. തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തും ഭാരതപ്പുഴയിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ചടങ്ങിലേക്കുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറന്പ് കളരിയിൽനിന്നു ഘോഷയാത്രയായി എത്തിച്ചു. തമിഴ്നാട്ടിലെ ത്രിമൂർത്തി മലയിൽനിന്നു ശ്രീചക്രവുമായുള്ള രഥയാത്ര ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.

വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം 22ന് വൈകുന്നേരം തിരുനാവായയിലെത്തും. മേളയിലേക്കു വിവിധ ദേശങ്ങളിൽ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികൾക്ക് അരയാൽതൈ പ്രസാദമായി നൽകും. വിവിധപരന്പരകളുടെ പ്രത്യേക അനുഷ്ഠാനവും സത്സംഗങ്ങളും വിദ്വൽ സദസുകളും കളരി, യോഗ അനുഷ്ഠാനങ്ങളും കലാ അവതരണങ്ങൾ അടക്കം ഒട്ടേറെ പരിപാടികൾക്കു നിളാതീരം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

ഫെബ്രുവരി മൂന്നിനു രാവിലെ നടക്കുന്ന അമൃതസ്നാത്തോടെയും യതി പൂജയോടെയും മഹോത്സവത്തിനു സമാപനമാകും. കുംഭമേളയ്ക്ക് റവന്യൂ വകുപ്പും പോലീസും വൻ സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. സുരക്ഷാ സംവിധാനമൊരുക്കാൻ ഒന്പത് തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ 300 പോലീസ് സേനാംഗങ്ങളെ രണ്ടു ബാച്ചുകളായി തിരിച്ച് കുംഭമേള അവസാന ദിവസം വരെ നിയമിക്കും. ആവശ്യമായി വന്നാൽ കൂടുതൽ സേനാംഗങ്ങളെ എത്തിക്കാനുള്ള സൗകര്യമൊരുക്കും.

കുംഭമേളയ്ക്കു സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോയിൽ നിന്ന് സർവീസുകൾ നടത്താൻ കഐസ്ആർടിസി ബജറ്റ് ടൂറിസം സെൽ സർവീസുകൾ നടത്തും. ഇതിൽ 55 സർവീസുകളിലേക്കുള്ള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ഇന്നലെ കാലചക്രം ബലി എന്ന പൂജാ കർമം മഹാമാഘ മഹോത്സവത്തിന്‍റെ ഭാഗമായി നടന്നു. ആചാര്യൻ കുഞ്ഞിരാമൻ പണിക്കർ നേതൃത്വം നൽകി. വിവിധ തലമുറകൾക്കുശേഷമാണ് ഈ കർമം വീണ്ടും നടത്തപ്പെടുന്നതിന് സാഹചര്യം ഒരുങ്ങിയതെന്നും സംഘാടകർ അറിയിച്ചു. പരാ എന്ന ദേവതാഭാവത്തെ പ്രോജ്വലിപ്പിയ്ക്കുന്ന ആരാധനാസന്പ്രദായമാണ് കാലചക്രം ബലി.
  
   *എസ്ഐആർ സമയപരിധി നീട്ടി; 30 വരെ രേഖകൾ സമർപ്പിക്കാം*
‌‌തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 30 വരെ രേഖകൾ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരമാണ് സമയപരിധി നീട്ടി നൽകിയത്.

22-ാം തീയതി വരെയായിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. തുടർന്ന് കേരളം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സൗകര്യമൊരുക്കണം. ഇതിനായി ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതോടെ കേരളത്തിലെ എസ്ഐആറിനുശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും.

    *വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്*
ഇടുക്കി: വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പോലീസ് കസ്റ്റഡിയിലെടുത്തു.

വിനോദ സഞ്ചാരികൾ രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്‍റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

പരിക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    *ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ അത്‌ഭുതകരമായി രക്ഷപ്പെട്ടു*
കൊച്ചി: ഓട്ടത്തിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രന്തി പരത്തി. ഞായറാഴ്ച രാത്രി എറണാകുളം കോതമംഗലം തലക്കോട്ടുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്ന ഇടുക്കി ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് എറണാകുളം കോതമംഗലം റൂട്ടിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

    *വിജയ് ഹസാരെ ട്രോഫി; വിദർഭയ്ക്ക് കിരീടം*
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. കലാശപ്പോരിൽ സൗരാഷ്ട്രയെ 38 റൺസിന് തകർത്താണ് അവർ കിരീടം ചൂടിയത്. വിദര്‍ഭയുടെ ആദ്യ കിരീടമാണിത്. സ്കോർ: വിദർഭ 317/8. സൗരാഷ്ട്ര 279/10 (48.5). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിദർഭ എട്ടുവിക്കറ്റ് നഷ്‌ടത്തിൽ 317 റൺസ്നേടി.

318 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 48.5 ഓവറിൽ 279 റൺസിന് എല്ലാവരും പുറത്തായി. 88 റൺസ് നേടിയ പ്രേരാക് മങ്കാദാണ് അവരുടെ ടോപ് സ്കോറർ. ചിരാഗ് ജാനി (64) അർധസെഞ്ചുറി നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

നാല് വിക്കറ്റ് നേടിയ യഷ് താക്കൂറാണ് സൗരാഷ്ട്രയുടെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുമായി നാച്ചിക്കെറ്റ് ബൂറ്റെയും തിളങ്ങി. അഥർവ തൈഡെയുടെ (128) സെഞ്ചുറിയും യഷ് റാത്തോഡിന്‍റെ (54) അർധസെഞ്ചുറിയുമാണ് വിദർഭയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

സൗരാഷ്ട്രയ്ക്കായി അൻഗുർ പൻവർ നാലും ചേതൻ സക്കാരിയായും ചിരാഗ് ജാനിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. അഥർവ തൈഡെയെ കളിയിലെ താരമായും അമൻ മൊഖാഡെയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.

    *കോഹ്‌ലിയുടെ പോരാട്ടം പാഴായി; കിവീസിന് പരമ്പര*

ഇൻഡോർ: ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296ന് എല്ലാവരും പുറത്തായി. വിരാട് കോഹ്‌ലിയുടെ (124) വീരോചിത സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്.

പക്ഷെ വിജയത്തിൽ എത്താൻ ഇത് മതിയായില്ല. 41 റൺസിന്‍റെ തോൽവി വഴങ്ങിയതോടെ പരമ്പര 2-1 ന് ന്യൂസിലാൻഡ് സ്വന്തമാക്കി. ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ആദ്യ മത്സരം തോറ്റ കിവീസ് തുടർച്ചയായ രണ്ടു വിജയങ്ങളുമായാണ് പരമ്പര പിടിച്ചത്.

നിതീഷ് കുമാർ റെഡ്ഢിയും (53), ഹർഷിത് റാണയും (52) അർധ സെഞ്ചറി നേടിയെങ്കിലും വാലറ്റം പൊരുതാതെ കീഴടങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഏഴിന് 277 എന്ന നിലയിൽ നിന്നാണ് 296 ഇന്ത്യ ഓൾഔട്ടായത്. കിവീസിനായി സക്കാറി ഫോൽക്ക്സും ക്രിസ്റ്റ്യൻ ക്ലർക്കും മൂന്നും ജെയ്ഡൻ ലെന്നോക്സ് രണ്ടു വിക്കറ്റും വീഴ്ത്തി.

സ്കോർ: ന്യൂസിലൻഡ് 337/8 ഇന്ത്യ 296‍/10 (46). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 337 റൺസാണ് അടിച്ചെടുത്തത്. മധ്യനിര താരങ്ങളായ ഡാരിൽ മിച്ചലിന്‍റെയും (137) ഗ്ലെൻ ഫിലിപ്സിന്‍റെയും (106) സെഞ്ചുറിക്കരുത്തിലാണ് കിവീസ് വമ്പൻ സ്കോറിലെത്തിയത്.

ഇന്ത്യക്കായി അർഷ്‌ദീപ് സിംഗും ഹർഷിത് റാണയും മൂന്നുവീതം വിക്കറ്റുകൾ നേടി. ഡാരിൽ മിച്ചലിനെ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.

     *ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം; ഇടപെട്ട് വിദേശകാര്യ മന്ത്രാലയം*
ദില്ലി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു.എംടി വാലിയൻ്റ് റോറിലെ ഇന്ത്യക്കാരായ ജീവനക്കാരോട് ബന്ധപ്പെടാൻ അടിയന്തര അനുമതി വേണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ദിബ്ബ പോർട്ടില്‍ വച്ച്‌ ഇന്ധനക്കടത്ത് ആരോപിച്ച്‌ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരുടെ കുടുംബം മോചനം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു.

ഡിസംബർ 8നാണ് യുഎഇ കമ്പനിയുടെ കീഴിലുള്ള കപ്പല്‍ അന്താരാഷ്ട്ര അതിർത്തിയില്‍ വച്ച്‌ ഇറാൻ പിടിച്ചെടുത്തത്. 6000 മെട്രിക് ടണ്‍ ഇന്ധനം മോഷ്ടിച്ചു കടത്തി എന്നായിരുന്നു ആരോപണം. കപ്പലില്‍ ശേഖരിച്ചിരുന്ന ഭക്ഷണം തീർന്നതോടെ, ബന്ദികളാക്കപ്പെട്ട ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നല്‍കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബന്ദർ അബ്ബാസിലെ കോണ്‍സുലേറ്റ് കപ്പലുടമകളുമായും ഇറാനിലെ ഏജന്റുമാരുമായും ബന്ധപ്പെട്ട് കപ്പലിലേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇറാനിലെ ആഭ്യന്തര സാഹചര്യം കലുഷിതമായതോടെയാണ് ജീവനക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. കപ്പലില്‍ ആകെയുള്ള 18 ജീവനക്കാരില്‍ 16 പേരും ഇന്ത്യക്കാരാണ്. ഒരു ബംഗ്ലാദേശ് പൗരനും ഒരു ശ്രീലങ്കൻ പൗരനും സംഘത്തിലുണ്ട്. ഡിസംബർ പകുതിയോടെയാണ് കപ്പല്‍ തടഞ്ഞുവെച്ച വിവരം ഇറാൻ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചത്. തുടർന്ന് ഡിസംബർ 14ന് ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോണ്‍സുലേറ്റ് നാവികർക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കത്ത് നല്‍കി. പിന്നീട് എംബസി തലത്തിലും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും നിരവധി തവണ ഈ ആവശ്യം ആവർത്തിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നാവികർക്ക് ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങളുമായി സംസാരിക്കാൻ അവസരം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ നാവികർ ഇറാനില്‍ നിയമ നടപടികള്‍ നേരിടുകയാണ്. ഈ നടപടികള്‍ എത്രയും വേഗം പൂർത്തിയാക്കാനും നാവികർക്ക് നിയമസഹായം ലഭ്യമാക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.

Post a Comment

0 Comments