*പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് എം.വി. ഗോവിന്ദന്‍റെ താക്കീത്*
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കൾ നടത്താൻ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുട നിര്‍ദേശം.
മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്‍, മുതിര്‍ന്ന നേതാവ് എ.കെ. ബാലന്‍ എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാൻ വാക്കുകൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. തുടർന്ന് മന്ത്രി ഖേദപ്രകടനം നടത്തി.
പ്രതികരണം അനവസരത്തിലായിരുന്നു എന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
*ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്*
കോട്ടയം: തിരുവല്ല മുത്തൂരിൽ എംസി റോഡിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ ഇടിച്ചതായാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു.
തുടർന്ന് അഗ്നിശമന യൂണിറ്റും പോലീസും നാട്ടുകാരും ചേർന്ന് ട്രക്ക് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
*വിഴിഞ്ഞം വികസിക്കുന്നു; ഒരേസമയം അഞ്ച് മദർഷിപ്പുകൾ കൈകാര്യം ചെയ്യാം*
വിഴിഞ്ഞം: ഒരേസമയം അഞ്ച് മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും. 2035ൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും.
തുറമുഖത്തിന്‍റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്.
വിഴിഞ്ഞത്തിന്‍റെ തീരത്തുനിന്ന് ലോകത്തിനു നാം നൽകുന്ന വലിയ സന്ദേശം ഇതാണ് “കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്”. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം പോർട്ടിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
തുറമുഖ മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആൻഡ് വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരുന്നു. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, കെ. എന്‍. ബാലഗോപാല്‍, ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവർ പ്രസംഗിച്ചു, എംഎല്‍എമാരാരായ അഡ്വ. എം. വിന്‍സന്‍റ്, വി. ജോയി, ഒ.എസ്. അംബിക, വി. ശശി, ഡി. കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, മാനേജിംഗ് ഡയറകര്‍ കരണ്‍ അദാനി, ഡോ. എ. കൗശിഗന്‍ ഐ .എ എസ്(സെക്രട്ടറി, തുറമുഖ വകുപ്പ്), വിജയ് കുമാര്‍ ഐഎഎസ്(സെക്രട്ടറി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആൻഡ് വാട്ടര്‍വേയ്സ്), അശ്വനി ഗുപ്ത (ഡയറകര്‍ ആൻഡ് സിഇഒ), പ്രദീപ് ജയരാമന്‍ (സിഇഒ, തുറമുഖം, ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ്(മാനേജിംഗ് ഡയറകര്‍, വിസിൽ), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രിയദര്‍ശിനി, കളക്ടര്‍ അനുകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
*കടകംപള്ളിയെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍*
തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ള കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിന്തുണച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍.
ആരുമില്ലാത്ത സമയത്ത് വിശ്വാസികള്‍ക്കു വേണ്ടി നിലകൊണ്ടത് കടകംപള്ളി സുരേന്ദ്രനാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കടകംപള്ളി കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചില മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
*അതിവേഗ റെയിൽപാത; ഡിപിആർ ഒന്പത് മാസത്തിനകം: ഇ. ശ്രീധരൻ*
മലപ്പുറം: സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാതയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് മെട്രോമാൻ ഇ. ശ്രീധരൻ.
അതിവേഗ റെയിലിന്‍റെ ഡിപിആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ പറഞ്ഞു.
നഞ്ചൻകോട് റെയിൽപാത സംബന്ധിച്ച് റെയിൽവേ മന്ത്രിയെ കാണാനെത്തിയപ്പോഴാണ് ഇതുസംബന്ധിച്ച് ധാരണയായത്. പദ്ധതികൾ തയാറാക്കിവരികയാണ്. ഫെബ്രുവരി രണ്ടിന് പൊന്നാനിയിൽ ഓഫീസ് തുടങ്ങും.
ഡിപിആർ തയാറാക്കാൻ ഡിഎംആർസിയെയാണ് ചുമതലപ്പെടുത്തുകയെന്ന് ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ മുഖ്യ ഉപദേശകനെന്ന നിലയിലാണ് ശ്രീധരൻ ഡിപിആർ ഏറ്റെടുക്കുക. ഒന്പത് മാസത്തിനുള്ളിൽ ഡിപിആർ പൂർത്തിയാക്കാനാകുമെന്നും ശ്രീധരൻ പറഞ്ഞു.
*ഉന്നത ഉദ്യോഗസ്ഥർ വേട്ടയാടുന്നു; 'മരണമൊഴി’ എഫ്ബിയിൽ പോസ്റ്റ് ചെയ്ത് സിപിഒ*
തൃശൂർ: മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും അനാവശ്യമായി തനിക്കെതിരേ കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും ആരോപിച്ച് ഫേസ്ബുക്കിൽ ‘മരണമൊഴി’ പോസ്റ്റ് ചെയ്ത് സിവിൽ പോലീസ് ഓഫീസർ സി.എം. ജ്യോതിഷ്.
മുഖ്യമന്ത്രിയെയും സർക്കാരിനെയും അധിക്ഷേപിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ തനിക്കെതിരേ മെമ്മോ അയച്ചെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ മരണമൊഴിയായി കണക്കാക്കണമെന്നു വ്യക്തമാക്കിയുമാണ് ഫേസ്ബുക്ക് പോസ്റ്റ്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ഇയാൾ ഇപ്പോൾ ദീർഘകാല അവധിയെടുത്തു വിദേശത്താണ്. മരണമൊഴിയുടെ കോപ്പികൾ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പക്കൽ ഏല്പിച്ചിട്ടുണ്ടെന്നും കാരണക്കാർ ആരൊക്കെയെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.
കണ്ണിലെ കരടുകളാകുന്ന പോലീസുകാരെ ഏതുവിധേനയും മസ്തിഷ്കപ്രക്ഷാളനം നടത്തി അപകടമരണത്തിലേക്കോ ആത്മഹത്യയിലോ പെടുത്തി ഇല്ലായ്മ ചെയ്യുകയാണ് ഓഫീസർ വർഗത്തിന്‍റെ രീതി, കടുത്ത നിയമലംഘനമാണ് ഉന്നത ഉദ്യോഗസ്ഥരുടെ പക്കൽനിന്നും ഉണ്ടാകുന്നത് തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണു പോസ്റ്റിൽ ഉന്നയിക്കുന്നത്.
അച്ചടക്കലംഘനം നടത്തി മുഖ്യമന്ത്രിക്കും സർക്കാരിനും പോലീസ് വകുപ്പിനുമെതിരേ തുടർച്ചയായി പോസ്റ്റുകൾ ഇട്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം റൂറൽ പോലീസ് ജ്യോതിഷിനു മെമ്മോ നൽകിയത്. സർക്കാരിന്‍റെ പ്രതിഛായയ്ക്കു കോട്ടംതട്ടുന്ന വിധത്തിലും പോലീസ് സേനയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന വിധത്തിലും പോസ്റ്റുകളിട്ടെന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ മെമ്മോയിലുള്ളത്.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഇക്കാര്യത്തിൽ റിപ്പോർട്ട് സർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അച്ചടക്ക ലംഘനം അന്വേഷിക്കാൻ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈഎസ്പിയെ റൂറൽ പോലീസ് മേധാവി ചുമതലപ്പെടുത്തി. ഡിവൈഎസ്പിയുടെ റിപ്പോർട്ടിലും അച്ചടക്കലംഘനം സാക്ഷ്യപ്പെടുത്തിയതോടെയാണ് മെമ്മോ നൽകിയത്.
തുടർച്ചയായുള്ള പോസ്റ്റുകളിൽ സ്പെഷൽ ബ്രാഞ്ചിനെയും ഉന്നത ഉദ്യോഗസ്ഥരെയും പേരെടുത്തു വിമർശിച്ചിരുന്നു. വ്യക്തിപരമായ ആരോപണങ്ങളും നിരവധിയുണ്ട്. പോസ്റ്റിനെതിരേ റൂറൽ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.
*ശീതക്കാറ്റ് മുന്നറിയിപ്പ്; യുഎസിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി*
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്‌സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്‌ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
*അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്ന് വാൻസ്*
വാഷിംഗ്‌ടൺ ഡിസി: ‘ജീവൻ ഒരു ദാനമാണ്’ എന്ന പ്രമേയത്തിൽ യുഎസ് തലസ്ഥാനമായ വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന "മാർച്ച് ഫോർ ലൈഫി’ൽ അണിചേർന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും. മാർച്ചിലെ ആദ്യ രാഷ്‌ട്രീയ പ്രസംഗകനായിരുന്നു വാൻസ്.
പ്രസിഡന്‍റ് ട്രംപിന്‍റെ ഗർഭഛിദ്ര നയങ്ങളെ ന്യായീകരിച്ച വാൻസ്, നിങ്ങൾക്ക് വൈറ്റ് ഹൗസിൽ ഒരു സഖ്യകക്ഷിയുണ്ടെന്നും സദസ്യരോടായി പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്നാണു താൻ അതിയായി ആഗ്രഹിക്കുന്നതെന്ന് വാൻസ് പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നയാളാണു നിങ്ങളുടെ വൈസ് പ്രസിഡന്‍റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻസിനു പുറമെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, പ്രോലൈഫ് വക്താവുകൂടിയായ ന്യൂജഴ്സിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ക്രിസ് സ്മിത്ത് തുടങ്ങിയവരും പ്രസംഗിച്ചു. പ്രസിഡന്‍റ് ട്രംപും സെനറ്റ് മജോറിറ്റി നേതാവ് ജോൺ തുനെയും മാർച്ചിൽ പങ്കെടുത്തവരെ ഓൺലൈനായി അഭിസംബോധന ചെയ്തു. നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുത്തവർക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗർഭാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്‍റെ എല്ലാ ഘട്ടങ്ങളെയും ആദരിക്കണമെന്നും സംരക്ഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നത് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അനിവാര്യമായ അടിത്തറയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള അമേരിക്കൻ സുപ്രീംകോടതിയുടെ 1973ലെ റോ വേഴ്സസ് വേഡ് വിധി വന്നതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് ഇതിനെതിരേ എല്ലാ വർഷവും ജനുവരി 23ന് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടന്ന മാർച്ചിൽ ജീവന്‍റെ മഹത്വം ഉദ്ഘോഷിച്ചും ഗർഭസ്ഥശിശുവിന്‍റെ ജീവിക്കാനുള്ള അവകാശം ഉറക്കെ പ്രഖ്യാപിച്ചും പതിനായിരങ്ങളാണു പങ്കെടുത്തത്.
*വൈദികനെ മോചിപ്പിച്ചു*
അബുജ: നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ മോചിപ്പിച്ചു.
കഡുന അതിരൂപതയിൽപ്പെട്ട സെന്‍റ് സ്റ്റീഫൻ ഇടവക വികാരി ഫാ. ബൊബ്ബോ പാസ്കലിനെയാണു രണ്ടുമാസത്തെ തടങ്കലിനുശേഷം മോചിപ്പിച്ചത്.
കഴിഞ്ഞ നവംബർ 17-നാണ് വൈദികമന്ദിരത്തിലേക്ക് ഇരച്ചുകയറിയ തോക്കുധാരികൾ വൈദികനെ തട്ടിക്കൊണ്ടുപോയത്.
വൈദികന്‍റെ മോചനത്തിനായി പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയർപ്പിക്കുന്നതായി അതിരൂപത ആർച്ച്ബിഷപ് മാത്യു മാൻ ഒസൊ ധാഗൊസൊ പറഞ്ഞു.
*ട്രംപ് ഭരണകൂടത്തിന്‍റെ ക്രൂരത വീണ്ടും; കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വീണ്ടും കൊലപാതകം*
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വീണ്ടും കൊലപാതകം. ഫെഡറൽ ഉദ്യോഗസ്ഥർ മിനിയാപൊളിസിൽ 51കാരനെ വെടിവച്ചു കൊന്നു.
സംഭവത്തിന് പിന്നാലെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡെമോക്രാറ്റായ മിനിയാപൊളിസ് ഗവർണർ ടിം വാൾസ് അറിയിച്ചു. തന്‍റെ സംസ്ഥാനത്ത് കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കാൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.
മരിച്ച വ്യക്തിയുടെ കൈവശം രണ്ട് മാഗസിനുകൾ ഉണ്ടായിരുന്നുവെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വക്താവ് ട്രീഷ്യ മക്‌ലോഫ്ലിൻ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.
ജനുവരി ഏഴിന് 37 കാരിയായ റെനി ഗുഡ് എന്ന യുവതിയെ കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വെടിവച്ചു കൊന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കൂടാതെ, കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി അഞ്ച് വയസുകാരനെ ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയ സംഭവവും ഏറെ വിവാദമായിരുന്നു.
*പാക്കിസ്ഥാനിൽ വിവാഹത്തിനിടെ ചാവേർ; എഴ് മരണം*
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന ദേര ഇസ്മയിൽ ഖാനിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 25 പേർക്കു പരിക്കേറ്റു.ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ഇസ്‌ലാമിക ഭീകരവാദം നേരിടാൻ പാക് സർക്കാർ രൂപംകൊടുത്ത സമാധാന സമിതിയുടെ നേതാവ് നൂർ ആലം മെഹ്സൂദിന്‍റെ വസതിയിലാണു സ്ഫോടനമുണ്ടായത്. അതിഥികൾ നൃത്തം ചെയ്യുന്നതിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സമാധാന സമിതിയിലെ അംഗങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ സജീവമായ പാക് താലിബാൻ എന്നു വിളിക്കുന്ന തെഹ്‌രിക് ഇ താലിബാൻ ഭീകരസംഘടന ആയിരിക്കും പിന്നില്ലെന്ന് അനുമാനിക്കുന്നു. സമാധാനസമിതി അംഗങ്ങളെ പാക് താലിബാൻ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
*🛑ഇന്നത്തെ ദേശീയം പ്രധാന വാർത്തകൾ🛑*
*പോലീസുകാർക്കെതിരേ എഫ്ഐആറിന് ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റിയത് വിവാദത്തിൽ*
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംബാലിലുണ്ടായ വർഗീയ കലാപത്തിലെ വെടിവയ്പുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരേ എഫ്ഐആറിന് ഉത്തരവിട്ട ജഡ്ജിയെ സ്ഥലം മാറ്റിയതു വിവാദത്തിൽ. 2024ലെ കലാപത്തിലുണ്ടായ വെടിവയ്പിൽ 12 പോലീസുകാർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ഒന്പതിന് നിർദേശിച്ചതിനു പിന്നാലെയാണ് സംബാൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റായിരുന്ന വിഭാംശു സുധീറിനെ സ്ഥലം മാറ്റിയത്.
0 Comments