LATEST

6/recent/ticker-posts

ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമം​ഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും.

കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.

കേസില്‍ ബസ് ജീവനക്കാരുടേയും മറ്റ് യാത്രക്കാരുടേയും മൊഴി രേഖപ്പെടുത്താനുണ്ട്. അതിനാല്‍ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളായ ഇവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വീഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും ദുരുദ്ദേശത്തോടെയാണ്. അതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യഹര്‍ജി കോടതി തള്ളിയത്.

എന്നാല്‍ ദീപക്കിനെ മുന്‍ പരിചയമില്ലെന്നും, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഷിംജിത വാദിച്ചത്. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ വെച്ച് തിരക്കുള്ള സ്വകാര്യ ബസില്‍ വെച്ച്, ദീപക് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Post a Comment

0 Comments