*ന്യൂഡല്‍ഹി* : വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആക്ഷേപങ്ങള്‍ പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളാൻ രാഷ്ട്രപതിയുടെ നിർദേശം.വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ അധിക്ഷേപിച്ചയാളും ക്രിമിനല്‍ കേസിലെ പ്രതിയുമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറാണ് പരാതി നല്‍കിയത്.പത്മ പുരസ്കാരങ്ങളെ മുൻപ് മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിക്ക് അതേ ബഹുമതി നല്‍കുന്നത് പുരസ്കാരത്തിന്‍റെ അന്തസ്സിനെ ബാധിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരാള്‍ക്ക് ഉന്നത ബഹുമതി നല്‍കുന്നത് നിലവില്‍ പുരസ്കാരം നേടിയവരോടുള്ള അനാദരവാണെന്നും നിവേദനത്തില്‍ പറയുന്നു. കൂടാതെ, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നല്‍കുന്നത് ഉചിതമല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.നേരത്തെ വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ''പത്ഭൂഷണൊക്കെ വല്യ വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനായിട്ട് മാറീലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല''- എന്നാണ് വെള്ളാപ്പള്ളി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കരുതെന്ന് എസ്‌എൻഡിപി സംരക്ഷണ സമിതിയും ആവശ്യപ്പെട്ടിരുന്നു.വെള്ളാപ്പള്ളിക്കും നടൻ മമ്മൂട്ടിക്കുമായിരുന്നു പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, മുൻ സുപ്രിംകോടതി ജഡ്ജി കെ.ടി തോമസ്, ആർഎസ്‌എസ് പ്രചാരകനും ജന്മഭൂമി മുൻ മുഖ്യപത്രാധിപരുമായ പി.നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷണ്‍ നല്‍കിയത്.
0 Comments