വാഷിംഗ്ടൺ: ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക നീക്കത്തിന്റെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് പിന്മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഇറാൻ ഭരണകൂടവുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കില്ല. ശത്രുപക്ഷത്തെ പൂർണ്ണമായും തകർക്കുന്ന ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ട്രംപിന്റെ വിശദീകരണം.
ഹോർമൂസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്തുന്ന രാജ്യങ്ങൾ തന്നെ ആ മേഖലയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ അയക്കാൻ മടിക്കുന്ന നാറ്റോ (NATO) സഖ്യകക്ഷികളുടെ നിലപാടിനെ 'ഭീരുത്വം' എന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം, സൗദി അറേബ്യയ്ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. 59 ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തുർക്കിക്കും ഒമാനും എതിരായ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.
അമേരിക്കൻ സൈന്യം പിന്മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
0 Comments