LATEST

6/recent/ticker-posts

ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ മുഴുവൻ തുകയും വേണമെന്ന് ഊരാളുങ്കൽ; കൊടുക്കില്ലെന്ന് ദേവസ്വം ബോർഡ്


തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ മുഴുവന്‍ പണവും വേണമെന്ന നിലപാടിലുറച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. കുറച്ചു വൈകിയാലും കരാർ പ്രകാരമുള്ള 7.11 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയേ മതിയാവൂ എന്ന് ഊരാളുങ്കലിന് കീഴിലെ ഇവന്‍റ് മാനേജ്മെന്റ് കമ്പനി ട്രിപ്പിള്‍ ഐസി വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ തുക നല്‍കില്ലെന്ന തീരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ്.ഹൈക്കോടതി ഇടപെട്ടിട്ടും തുകയിലെ പൊരുത്തക്കേട് മറ നീക്കി പുറത്തുവന്നില്ല.പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസമാവുന്നു. വിവാദങ്ങളിതുവരെ കെട്ടടങ്ങിയിട്ടില്ല. ഊരാളുങ്കലിന് കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി ട്രിപ്പിള്‍ ഐസിക്കായിരുന്നു പരിപാടിയുടെ ചുമതല. അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പ് ചെലവായി ജിഎസ്ടി ഉള്‍പ്പെടെ 7.11 കോടി രൂപയായെന്നാണ് കമ്പനിയുടെ കണക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കണക്കില്‍ ഇത് 4.99 കോടിയാണ്. ഈ പൊരുത്തക്കേട് പരിഹരിക്കാന്‍ ഇതുവരെ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്ന് കോടി രൂപ അഡ്വാന്‍സായി ദേവസ്വം ബോര്‍ഡ് ഇവന്‍റ് മാനേജ്മെന്റ് കമ്പനിക്ക് കൈമാറിയിരുന്നു. ബാക്കി തുകയായി ഇനി 1.99 കോടി മാത്രമേ നല്‍കൂ എന്ന ഉറച്ച തീരുമാനത്തിലാണ് ബോര്‍ഡ്. തങ്ങളുടെ കണക്കില്‍ പൊരുത്തക്കേടില്ലെന്നും ഇനി കിട്ടാനുള്ള തുകയായ 4.04 കോടി രൂപ വേണമെന്നും ട്രിപ്പിള്‍ ഐസി കമ്പനി പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ടെന്‍ഡറില്ലാതെയാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല കമ്പനിക്ക് നല്‍കിയതെന്നാണ് ഓഡിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ കോടതിയിലും ശരിയായ ചെലവ് ഓഡിറ്റർ നൽകിയിട്ടില്ല. മധ്യവേനലവധി കഴിഞ്ഞ് മെയ് പകുതിയോടെയേ ഹൈക്കോടതി ഇനി തുറക്കൂ. അപ്പോഴേക്കും പുതിയ സര്‍ക്കാരും അധികാരത്തില്‍ വരും. പുതിയ സര്‍ക്കാര്‍ വന്നാല്‍ ഈ തുക ഏറ്റെടുത്തു നല്‍കുമോ എന്നതും പ്രധാനപ്പെട്ട കാര്യമാണ്.



Post a Comment

0 Comments