LATEST

6/recent/ticker-posts

വാർത്തകൾ വിരൽത്തുമ്പിൽസായാഹ്ന വാര്‍ത്തകള്‍

2026 | ഏപ്രില്‍ 16, വ്യാഴം
1201 | മേടം 3, ഉത്രട്ടാതി
➖➖➖➖➖➖➖➖
◾ വനിത സംവരണ ഭേദഗതിയുടെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയ നിയമംകൂടി പാസാക്കാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വോട്ടെടുപ്പിലൂടെയാണ് അനുമതി നേടിയത്. അനുകൂലിച്ച് 251 പേരും എതിര്‍ത്ത് 185 പേരും വോട്ട് ചെയ്തു. ലോക്‌സഭാ അംഗബലം 543 ല്‍നിന്ന് 815 ആയി വര്‍ധിക്കുമെന്നും 33 ശതമാനം സംവരണം ചെയ്യുന്നതിനാല്‍ 272 സീറ്റുകള്‍ സ്ത്രീകള്‍ക്കാകുമെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ബില്ലിനെ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തു. ലോക്സഭയില്‍ ഇന്നും നാളെയും ചര്‍ച്ച.

◾ രാജ്യം അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവേശത്തോടെയാണ് വനിത സംവരണ നിയമം പാസാക്കുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പാര്‍ട്ടികളും ബില്ലിനെ പിന്തുണയ്ക്കണമെന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു.

◾ വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കി രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ ഭരണഘടനയെ ഹൈജാക്ക് ചെയ്യുകയാണെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു.

◾ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട്ടില്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്കു കരിങ്കൊടി പ്രതിഷേധം. ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ബില്ല് കത്തിക്കും. നിയമസഭാ വോട്ടെടുപ്പ് 23 നു നടക്കാനിരിക്കേ, മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തത്.

◾ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയില്‍നിന്ന് 69,000 രൂപയായി ഉയര്‍ത്താന്‍ എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ. ശമ്പള നിര്‍ണ്ണയത്തിനായി 3.83 ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രാബല്യത്തിലാക്കണമെന്ന നിര്‍ദേശവുമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചു.

◾ ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നവര്‍ സ്വന്തം പേരിലുള്ള മറ്റു ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നല്‍കണമെന്നു ഹൈക്കോടതി. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സംസ്ഥാനത്തും ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. ജാമ്യാപേക്ഷ നല്‍കുന്നവര്‍ക്കെതിരെ മറ്റു കേസുകളുണ്ടോ, വാറന്റ് ഉള്‍പ്പെടെ നടപടികളുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിര്‍ബന്ധമായും പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിമാര്‍ക്ക് ഹൈക്കോടതി നോട്ടിസ് നല്‍കി.

◾ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയും വാഗ്വാദവും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരു മുന്നോട്ടുവച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പൊതുജനമധ്യത്തില്‍ എടുത്തിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

◾ തെരഞ്ഞെടുപ്പു ഫലം വന്നശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരസ്യ അഭിപ്രായപ്രകടനം ശരിയല്ല. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. അദ്ദേഹം പറഞ്ഞു.

◾ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതു സാമൂഹ്യമാധ്യമങ്ങളല്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പ്രചാരണം നടത്തുന്നത് ആരു ചെയ്താലും ശരിയല്ലെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍. ഇതിനൊക്കെ നടപടിക്രമങ്ങള്‍ ഉണ്ട്. ഫലം വന്നതിനുശേഷം യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നേരിട്ട് ഇടപെടില്ലെന്നും ആര്‍ക്കും പരസ്യ പിന്തുണ ഇല്ലെന്നും മുസ്ലിം ലീഗ്. മുസ്ലിം ലീഗിന്റെ നിലപാട് ഹൈക്കമാന്റിനെ അറിയിക്കുമെന്നും മുസ്ലിം ലീഗ്.

◾ വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നീളുന്നു. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 40 വീടുകള്‍ മാത്രമാണ് താമസയോഗ്യമായതെന്ന് ജില്ലാ ഭരണകൂടം. മറ്റ് ഘട്ടങ്ങളിലെ നിര്‍മ്മാണത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരായ 1184 പേര്‍ക്കുള്ള ഒമ്പതിനായിരം രൂപ സഹായവും മുടങ്ങി. ദുരന്തബാധിതര്‍ക്കുള്ള ഫുഡ് കൂപ്പണുകള്‍ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

◾ ഇറാനിയന്‍ കപ്പലില്‍ 12 മലയാളികള്‍ ഇറാന്‍ തുറമുഖത്തു കുടുങ്ങി. എഞ്ചിന്‍ ടെക്നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിന്‍ ജോര്‍ജ് അടക്കമുള്ളവരാണ് 45 ദിവസമായി ഇറാനില്‍ കുടുങ്ങിയത്. ഇവരെ രക്ഷിച്ചു നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.

◾ കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹത്തില്‍ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്താന്‍ മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നത്.

◾ ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വി. വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മണ്ണാര്‍ക്കാട് എസ്സി- എസ്ടി കോടതി നാളെ വിധി പറയും. അതേസമയം അതിജീവിത ഇന്നു കോടതിയില്‍ ഹാജരായി അടച്ചിട്ട കോടതി മുറിയില്‍ ജഡ്ജിക്കു മൊഴി നല്‍കി.

◾ ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയ ഫയര്‍ഫോഴ്സിനു വഴി നല്‍കാതിരുന്ന വാഹനം പട്ടണക്കാട് പൊലീസ് പിടിച്ചെടുത്തു. വാഹനമുടമ കുത്തിയതോട് സ്വദേശി സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

◾ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പടിഞ്ഞാറേ കവാടത്തിലെ (ആറാം നമ്പര്‍ പ്ലാറ്റ്ഫോം ഭാഗം) ടിക്കറ്റ് കൗണ്ടര്‍ പൂട്ടി. പകരം ഓട്ടമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ (എടിവിഎം) മാത്രമാകും പ്രവര്‍ത്തിക്കുക.

◾ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയില്‍ ഉയരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

◾ പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്.

◾ വിഷു ആഘോഷങ്ങള്‍ക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത്. 34 വയസ്സായിരുന്നു.

◾ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ വീണ്ടും കേസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മാമ്പലം പൊലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് വിജയ്യുടെ റോഡ്ഷോ ആയി മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡാണ് പരാതി നല്‍കിയത്.

◾ മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ (ടിസിഎസ്) ലൈംഗികാതിക്രമ, മതപരിവര്‍ത്തന കേസുകളിലെ വിവരങ്ങള്‍ പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി. ഒരു യുവതി ഉള്‍പെടെ അറസ്റ്റിലായ എട്ടു പ്രതികള്‍ക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കും. ടിസിഎസ് ഓഫീസ് അടച്ചു. ജീവനക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്താല്‍ മതിയെന്നു നിര്‍ദേശം.

◾ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ തുറന്ന കോടതിയില്‍ വാദമില്ല. ചേമ്പറിലാണ് വാദം കേള്‍ക്കുക. കേസിലെ പ്രതിയായ ഉമര്‍ ഖാലിദിനു ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ യു.എ.പി.എ ചുമത്തിയാണ് ഉമര്‍ ഖാലിദ് ജയിലില്‍ കഴിയുന്നത്.

◾ പശ്ചിമേഷ്യയിലേക്ക് അമേരിക്ക 10,000 സൈനികരെ കൂടി അയക്കുമെന്ന് ദ വാഷിങ്ടണ്‍ പോസ്റ്റ്. ഇതോടെ ഇറാനെതിരേ സജ്ജമായിരിക്കുന്ന യുഎസ് സൈനികരുടെ എണ്ണം ഇരുപതിനായിരമാകും. വിമാനവാഹിനിക്കപ്പലായ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷില്‍ 6000 സൈനികരും ബോക്‌സര്‍ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് ഇപ്പോള്‍ എത്തുന്നത്.

◾ ബാള്‍ട്ടിക് കടലിലെ റഷ്യയുടെ പോര്‍ട്ടോവയ പ്ലാന്റില്‍ നിന്ന് എല്‍ എന്‍ ജി കപ്പല്‍ ഇന്ത്യയിലേക്ക്. കുന്‍പെങ് എന്ന കപ്പല്‍ ദഹേജ് എല്‍എന്‍ജി ടെര്‍മിനലില്‍ എത്തുമെന്നാണ് വിവരം. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിര്‍ത്തണമെന്ന യുഎസ് നിര്‍ദേശത്തിനു ശേഷമെത്തുന്ന റഷ്യയില്‍ നിന്നുള്ള ആദ്യ എല്‍എന്‍ജി കപ്പലാണിത്.

◾ ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടര്‍ന്നാല്‍ അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്ന് ഇറാന്‍. ഇറാന്റെ പത്ത് എണ്ണക്കപ്പലുകള്‍ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക- ഇറാന്‍ രണ്ടാംവട്ട ചര്‍ച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി.

◾ ഹോര്‍മുസ് തുറക്കണമെന്ന അന്താരാഷ്ട്ര താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന. ഇറാന്റെ സുരക്ഷയും പരമാധികാരവും മാനിക്കണം എന്നും ചൈന ചൂണ്ടിക്കാട്ടി.

◾ ലഷ്‌കറെ തയിബ സ്ഥാപകാംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്കു വെടിയേറ്റു. പാക്കിസ്ഥാനിലെ ലഹോറില്‍ ഒരു മാധ്യമ സ്ഥാപനത്തിനു സമീപത്തുവച്ചാണ് വെടിയേറ്റത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്.

◾ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഓരോ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ പിരിഞ്ഞു. ആരാധകരായ മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് ടീമിനെ ബഹിഷ്‌കരിച്ചതോടെ ഗ്യാലറിയില്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നു.

◾ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയില്‍ ആശങ്ക. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് മൂലം കാംബ്ലിക്ക് കടുത്ത മറവിരോഗം ബാധിച്ചിട്ടുണ്ട്. നിലവില്‍ താനെയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.

◾ സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 20 രൂപ വര്‍ധിച്ച് 14,260 രൂപയായി. പവന്‍ വില 160 രൂപ ഉയര്‍ന്ന് 1,14,080 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,715 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,125 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,885 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 270 രൂപയില്‍ തുടരുന്നു. അതേസമയം ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 15 രൂപ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം നേരിയ തോതില്‍ കുറഞ്ഞു.

◾ ചൈനീസ് കമ്പനികളുടെ സിസിടിവികള്‍ സുരക്ഷ ഭീഷണിയാണെന്ന കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ഗുണമായി. മുമ്പ് ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മാര്‍ക്കറ്റില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിയുകയാണ്. ചൈനീസ് നിര്‍മിത ഹൈക്വിഷന്‍, ദാഹുഅ എന്നീ കമ്പനികളുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത സിസിടിവികള്‍ ക്യാമറകളുടെ വില്പന ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇത് ഇന്ത്യന്‍ കമ്പനികളായ സിപി പ്ലസ്, പ്രമ, മാട്രിക്സ്, ഖുബോ, സ്പാര്‍ഷ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി സിസിടിവി മാര്‍ക്കറ്റില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 2024 ഏപ്രിലില്‍ അവതരിപ്പിച്ച സുരക്ഷചട്ടക്കൂട് പ്രകാരം ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള സിസിടിവി ഘടകഭാഗങ്ങളുടെ ഉപയോഗത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

◾ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ എര്‍ട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട റൂമിയണിന് ഈ മാസം ആയിരക്കണക്കിന് രൂപ കിഴിവ് ലഭിക്കുന്നു. ഈ കാലയളവില്‍ റൂമിയണില്‍ ഉപഭോക്താക്കള്‍ക്ക് 15,000 വരെ ലാഭിക്കാം. റൂമിയണിന്റെ എക്‌സ്-ഷോറൂം വില 9.55 ലക്ഷത്തില്‍ നിന്ന് ആരംഭിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് സവിശേഷതകള്‍. ആറ് എയര്‍ബാഗുകള്‍ എല്ലാ വകഭേദങ്ങളിലുമുണ്ട്. 102 ബിഎച്പി കരുത്തും 136 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റൂമിയണിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ഇതില്‍ ലഭ്യമാണ്. പെട്രോള്‍-മാനുവല്‍ വേരിയന്റ് ഏകദേശം 20.5 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ് നല്‍കുന്നു, അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് ഏകദേശം 20 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ് നല്‍കുന്നു.

◾ ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥ. ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ അവസാനശ്വാസംവരെ സമരം ചെയ്ത ചിത്രലേഖ എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതയാത്ര. ഈ സമരജീവിതം ഒരു ദളിത് സ്ത്രീയുടെ ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്നു. തൊഴിലെടുത്ത് ജീവിക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ആത്മകഥ. 'ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം'. ചിത്രലേഖ. മാതൃഭൂമി. വില 187 രൂപ.

◾ ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതി ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ വലതുവശം തിരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. കാരണം, ഇങ്ങനെ കിടക്കുമ്പോള്‍ ഹൃദയം നെഞ്ചില്‍ അല്‍പം ഉയര്‍ന്ന നിലയില്‍ ആയിരിക്കും ഉണ്ടാവുക. ഇത് ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചിലരില്‍ കൂര്‍ക്കംവലി കുറയ്ക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിര്‍ത്താന്‍ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറയ്ക്കാനും സഹായിക്കും. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്. അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തില്‍ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങള്‍ കുറക്കാന്‍ സഹായിക്കും. ശരീരത്തിന്റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോര്‍ട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗര്‍ഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രി മുഴുവന്‍ സമാധാനമായി ഉറങ്ങാന്‍ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.33, പൗണ്ട് - 126.59, യൂറോ - 110.04, സ്വിസ് ഫ്രാങ്ക് - 119.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.03, ബഹറിന്‍ ദിനാര്‍ - 247.38, കുവൈത്ത് ദിനാര്‍ -302.61, ഒമാനി റിയാല്‍ - 242.72, സൗദി റിയാല്‍ - 24.88, യു.എ.ഇ ദിര്‍ഹം - 25.43, ഖത്തര്‍ റിയാല്‍ - 25.66, കനേഡിയന്‍ ഡോളര്‍ - 67.99.
➖➖➖➖➖➖➖➖

Post a Comment

0 Comments