വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പാങ്ങ് ഗവ. സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും.
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സ്കൂള്‍ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക കൈമാറുന്നത്. അപകടത്തില്‍പ്പെട്ട മറ്റ് അധ്യാപകർക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാലാണ് ഇവർക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത്.
അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷഹാദിൻ, മസ്നീൻ, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കൂടാതെ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സയ്ക്കായി ഇൻഷുറൻസ് തുകയ്ക്ക് പുറമെ അധികമായി പണം ചെലവായിട്ടുണ്ടെങ്കില്‍ ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാൻ സർക്കാർ തീരുമാനിച്ചു. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
0 Comments