LATEST

6/recent/ticker-posts

പേരാമ്പ്രയിലെയും കൊയിലാണ്ടിയിലെയും വരണാധികാരികളെ മാറ്റില്ല; വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ


വോട്ടെണ്ണലിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്ന് ജില്ലാ കലക്ടര്‍. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും കലക്ടര്‍ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. വോട്ടെണ്ണൽ ദിനമായ മെയ് 4-ന് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മെറ്റീരിയൽ റൂമുകൾ തുറന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിച്ച ജനവിധി അട്ടിമറിക്കാനുള്ള നീക്കമെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണമായും സുരക്ഷിതമാണ്.

സ്ട്രോങ്ങ് റൂമിന് സമീപം ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു എന്ന പരാതി പരിശോധിച്ചു. അത്തരത്തിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടില്ല. ആരോപണവിധേയരായ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ മൊഴി ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഈ തീരുമാനം.

ജില്ലയിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി വോട്ടെണ്ണൽ ദിനത്തിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണലിന് ശേഷം വിജയാഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ല. എന്നാൽ ആഘോഷങ്ങൾ അതിരു കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും.

Post a Comment

0 Comments