LATEST

6/recent/ticker-posts

കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; 12 വര്‍ഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം; ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്



 *നാദാപുരം* വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം, 12 വർഷം മുൻപ് കാണാതായ യുവാവിന്റേതാണെന്ന് സംശയം.

വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ (2014-ല്‍ കാണാതായയാള്‍) മൃതദേഹമാണിതെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ സിജോയുടെ കുടുംബം ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നല്‍കി.

കാണാതായി 7 വർഷത്തിനു ശേഷം പരാതി; ആശയക്കുഴപ്പത്തില്‍ വീട്ടുകാർ
2014-ലാണ് സിജോയെ കാണതാവുന്നത്. എന്നാല്‍, സിജോ തന്റെ ഭാര്യവീടായ വാണിയംപാറയിലാണെന്ന് വിലങ്ങാട്ടെ സ്വന്തം വീട്ടുകാരും, വിലങ്ങാട്ടാണെന്ന് ഭാര്യവീട്ടുകാരും പരസ്പരം കരുതിയതാണ് പരാതി നല്‍കാൻ ഏഴ് വർഷത്തെ നീണ്ട താമസം വരാൻ കാരണം. 2021-ല്‍ സിജോയെ തിരഞ്ഞ് ഭാര്യ നിഖില വാളൂക്കിലെ വീട്ടിലെത്തിയപ്പോഴാണ് കാണാതായ വിവരം ഇരു കുടുംബങ്ങളും അറിയുന്നത്. കടയില്‍ പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ഭാര്യ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

അന്വേഷണം വഴിത്തിരിവിലേക്ക്
2021 ഒക്ടോബറില്‍ സിജോയുടെ തിരോധാനം സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വാർത്ത വരികയും, അമ്മ ത്രേസ്യാമ്മയുടെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വർഷങ്ങളായിട്ടും ഈ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ജൂണ്‍ 13-ന് സെമിത്തേരിയിലെ 38-ാം നമ്പർ പൊതു കല്ലറ തുറന്നപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ സംശയാസ്പദമായ രീതിയില്‍ മൃതദേഹം കണ്ടെത്തുന്നത്.

കല്ലറ പൂട്ടി പൊലീസ്; ഡിഎൻഎ ടെസ്റ്റ് ഉടൻ
പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുറ്റ്യാടി പൊലീസ് കല്ലറ അടയ്ക്കുകയും സെമിത്തേരി താല്‍ക്കാലികമായി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. കണ്ടെത്തിയ മൃതദേഹം സിജോയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം.

Post a Comment

0 Comments