ഫിലാഡൽഫിയ: കിലിയൻ എംബാപ്പെ തന്നെ ഫ്രാൻസിന്റെ രക്ഷകൻ. ഇരട്ടഗോളോടെ എംബാപ്പെ തിളങ്ങിയപ്പോൾ ഇറാഖിനെതിരേ ഫ്രഞ്ച് പടയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. ജയത്തോടെ ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ചു. ഇരട്ടഗോളുകൾ നേടിയ എംബാപ്പെ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ മുൻ ജർമൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്തി.
ഇറാഖിനെതിരേ പതിമൂന്നാം മിനിറ്റിൽ തൊടുത്ത ഒന്നാന്തരമൊരു ഇടങ്കാലൻ ബുള്ളറ്റ് കൊണ്ടാണ് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. എംബാപ്പെയുടെ ലോകകപ്പിലെ പതിനഞ്ചാം ഗോളായിരുന്നു ഇത്. അതോടെ ലോകകപ്പിലെ ഗോൾ നേട്ടത്തിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയ്ക്കൊപ്പമെത്തി. ആദ്യ പകുതി ഒരു ഗോളിന് ഫ്രാൻസ് മുന്നിട്ടുനിന്നു. കനത്ത മഴയും ഇടിമിന്നലും മൂലം രണ്ട് മണിക്കൂറോളം വൈകിയാണ് രണ്ടാം പകുതി ആരംഭിച്ചത്.
രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ എംബാപ്പെ രണ്ടാം ഗോളും നേടി. ഇറാഖ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഗോളടിച്ചത്. പെനാൽറ്റി ബോക്‌ിനുള്ളിൽ നിന്ന് ഇറാഖ് പ്രതിരോധതാരം നൽകിയ പാസ് നിയന്ത്രണത്തിലാക്കുന്നതിൽ ഗോൾകീപ്പർക്ക് പിഴച്ചു. പന്ത് കിട്ടിയ ഒസ്‌മാനെ ഡെംബലെ എംബാപ്പെക്ക് നൽകി. താരം അത് അനായാസം വലകുലുക്കി. പിന്നാലെ ഡെംബലെയിലൂടെ ഫ്രാൻസ് മൂന്നാം ഗോൾ കണ്ടെത്തി. അതോടെ ഇറാഖ് തോൽവിയുറപ്പിച്ചു. പിന്നീട് അവർക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.
0 Comments