തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷൻ പരിസരങ്ങളിൽ വർഷങ്ങളായി കട്ടപ്പുറത്ത് കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ വൻ പദ്ധതി. 'സ്പേസ്' (Scrap Processing for Area Cleanup and Enhancement - SPACE) എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം പൊലിസ് സ്റ്റേഷൻ വളപ്പുകൾ പൂർണ്ണമായും ശുചീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 'റീക്ലെയിം, , លេលី (Reclaim, Renew, Revive) എന്ന ടാഗ്ലൈനോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കേരള പൊലിസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ 'സീറോ' (CERO)-യുമായി സഹകരിച്ചാണ് പദ്ധതി വിഭാവനം ചെയ്ത്‌തിരിക്കുന്നത്. കേരള പൊലിസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
എന്താണ് 'സ്പേസ്' പദ്ധതി?
പൊലിസ് സ്റ്റേഷൻ പരിസരങ്ങളിൽ തൊണ്ടിമുതലുകളായും അല്ലാതെയും പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ദശകങ്ങളായി പൊതുജനങ്ങൾക്കും പൊലിസിനും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നിലവിൽ വാഹനങ്ങൾ ലേലം ചെയ്യുന്ന രീതിയുണ്ടെങ്കിലും അത് പലപ്പോഴും ശാശ്വത പരിഹാരമാകാറില്ല. ഈ സാഹചര്യത്തിലാണ് പുതിയ കർമ്മപദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ പൊലിസ് സ്റ്റേഷനുകളിലും സംസ്ഥാന പൊലിസ് മേധാവി (DGP) ചെയർമാനും, KPHCC മാനേജിംഗ് ഡയറക്ടർ അംഗവുമായ പ്രത്യേക സമിതിയാണ് പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുക. പദ്ധതി എങ്ങനെ കാര്യക്ഷമമായി നടപ്പാക്കണമെന്നത് സംബന്ധിച്ച് ഈ സമിതി ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
പൊലിസ് സ്റ്റേഷൻ പരിസരങ്ങളിൽ വാഹനങ്ങൾ കുന്നുകൂടിക്കിടക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്റ്റേഷനുകളെ ഈ വണ്ടിക്കൂമ്പാരങ്ങളിൽ നിന്ന് മുക്തമാക്കി പരിസരം ശുചിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമയബന്ധിതമായി തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കും എന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായ നടപടികൾ വേഗത്തിലാക്കി വാഹനങ്ങൾ ലേലം ചെയ്യാനോ സ്ക്രാപ്പ് (ആക്രി) ചെയ്യാനോ ഉള്ള സാധ്യതകളാണ് പദ്ധതിയിലൂടെ ആരായുന്നത്.
0 Comments