LATEST

6/recent/ticker-posts

കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ; ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോണ്‍


*തിരുവനന്തപുരം:* സംസ്ഥാനത്തെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ് ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവസാന ബജറ്റില്‍ ആര്‍ക്കും എന്തും പറഞ്ഞു പോകാം. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. എഐ ഐശ്ചിക വിഷയമായി പഠിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളില്‍ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികള്‍ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. സര്‍വകലാശാലകളുടെ ദൈനംദിന പ്രവൃത്തികളില്‍ ഗവര്‍ണര്‍ ഇടപെട്ടു തുടങ്ങുന്നത് ഇടത് സര്‍ക്കാരിന്റെ കാലത്താണെന്ന് റോജി എം ജോണ്‍ ആരോപിച്ചു. കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്. സര്‍ക്കാരിനോട് ആലോചിക്കാതെ വൈസ് ചാന്‍സലര്‍മാരെയും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും, ഗവര്‍ണറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നതോടെ അത്തരം സമരങ്ങള്‍ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. കാവിവല്‍ക്കരണം ഒരു മേഖലയിലും യുഡിഎഫ് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാര്‍ക്ക് ലിസ്റ്റുകള്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ ഫലം പൂര്‍ണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ സാധിക്കൂ. പ്രവേശന നടപടികള്‍ വൈകുന്നത് മറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രവേശനത്തെ ബാധിക്കാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

Post a Comment

0 Comments