*കോഴിക്കോട്* : വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനും കൂട്ടാളികൾക്കുമെതിരെ (തൊപ്പി ഗ്യാങ്) സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ അടിയന്തര നടപടി.
കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പോലീസ് സൂപ്രണ്ട് (SP) അങ്കിത് അശോകൻ ഐപിഎസിനാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങൾ
വ്ലോഗിങ്ങിന്റെയും യൂട്യൂബ് ലൈവ് സ്ട്രീമിംഗിന്റെയും മറവിൽ വരുംതലമുറയെ വഴിതെറ്റിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് സംഘം നടത്തുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും താഴെ പറയുന്ന ഗുരുതരമായ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക:
പോക്സോ (POCSO) കേസുകൾ
നർക്കോട്ടിക്, എംഡിഎംഎ (MDMA) തുടങ്ങിയ മയക്കുമരുന്നുകളുടെ ഉപയോഗവും പ്രചരണവും
മാനസിക-ശാരീരിക പീഡനങ്ങൾ
അശ്ലീല പ്രചരണവും സൈബർ കുറ്റകൃത്യങ്ങളും
യൂട്യൂബ് സ്ട്രീമിംഗിലൂടെ സമാന്തര ലഹരി ലോകം സൃഷ്ടിച്ച് കൗമാരക്കാരെ അരാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും ഈ സംഘത്തിനെതിരെയുണ്ട്. തനിക്കെതിരെയുള്ള പരാതിയിൽ പോലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച വിവരം പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വരും ദിവസങ്ങളിൽ നിഹാദ് ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
0 Comments