താമരശ്ശേരി/വയനാട്: വരുംവരായ്കകൾ ചിന്തിക്കാതെ മഴക്കാലത്തോട് അനുബന്ധിച്ച് ചുരത്തിൽ ആരംഭിച്ച റോഡ് വീതികൂട്ടൽ ജോലികൾ യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തുന്നു. ചുരം ആറ്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്കുമുമ്പ് മണ്ണെടുക്കലും പാറ പൊട്ടിക്കലും തകൃതിയായി നടന്നിരുന്നു. എന്നാൽ മഴ ശക്തമായതോടെ കഴിഞ്ഞ നാല് ദിവസമായി പണികളെല്ലാം പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. ആറാം വളവിൽ റോഡിന്റെ വശം വലിയ രീതിയിൽ കട്ട് ചെയ്ത് മണ്ണും പാറക്കല്ലുകളും റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് നിലവിൽ കടുത്ത ഗതാഗതക്കുരുക്കിനാണ് കാരണമാകുന്നത്. ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലിനൊപ്പം ഈ മണ്ണും ചരൽക്കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പലരും ഇവിടെ തെന്നിവീഴാൻ സാധ്യതയേറെയാണ്.
മറുഭാഗത്ത്, പകൽ സമയങ്ങളിൽ ചുരത്തിൽ ഏർപ്പെടുത്തിയ ചരക്ക് ലോറികളുടെ നിരോധനം കൃത്യമായി നടപ്പാക്കാൻ പോലീസോ മറ്റ് അധികൃതരോ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ മൾട്ടി ആക്‌സിൽ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഇത് ലംഘിച്ച് നിരവധി വാഹനങ്ങളാണ് പകൽ സമയത്ത് ചുരം കയറുന്നത്. ഇതേതുടർന്ന്, നിയന്ത്രണ സമയം കഴിഞ്ഞ് രാത്രി 8 മണിക്ക് ശേഷം വലിയ ചരക്ക് ലോറികൾ കൂട്ടത്തോടെ ചുരത്തിലേക്ക് പ്രവേശിക്കുമ്പോൾ ആറാം വളവിലെ വീതിക്കുറവ് കാരണം വാഹനങ്ങൾ തിരിക്കാനാവാതെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിക്കുന്നത്.
ചുരത്തിലെ ഈ അനാസ്ഥ കാരണം വയനാട്ടിൽ നിന്നും കോഴിക്കോട്ടെ വിവിധ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവടങ്ങളിലേക്ക് പോകുന്ന രോഗികളും യാത്രക്കാരും കടുത്ത പ്രയാസത്തിലാണ്. പരീക്ഷകൾക്കും ജോലിക്കും പോകുന്നവർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നില്ല. കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി 9 മണിക്ക് മുമ്പായി മുത്തങ്ങ വഴി കടന്നുപോകേണ്ട ദീർഘദൂര ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സമയം തെറ്റിയാണ് ഓടുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയെത്തുടർന്ന് ഒമ്പതാം വളവ് വ്യൂ പോയിന്റിന് സമീപം ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഈ സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ.
⚠️ *യാത്രക്കാർക്കായി ഒരു പ്രത്യേക ബോധവൽക്കരണം:*
ചുരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയും മഞ്ഞും തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചുരത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കാഴ്ച്ചകൾ കാണാനോ വിശ്രമിക്കാനോ വേണ്ടി വശങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുന്നത് ഒഴിവാക്കുക. ചുരത്തിലൂടെയുള്ള രാത്രിയാത്രകൾ പരമാവധി കുറയ്ക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ചുരം പാത ഉപയോഗിക്കാനും ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
0 Comments