തിരുവനന്തപുരം അടുത്തമാസം നടക്കുന്ന സെൻസസ് ഡ്യൂട്ടിക്കായി സ്കൂൾ അധ്യാപകരെ വ്യാപകമായി നിയമിക്കുന്നത് അധ്യയനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. ഈ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ സ്‌ഥലംമാറ്റാൻ പാടില്ലെന്ന സർക്കാർ ഉത്തരവുള്ളതിനാൽ, അധ്യയന വർഷത്തെ അധ്യാപക സ്‌ഥലംമാറ്റവും മരവിപ്പിച്ചിരിക്കുകയാണ്. സാധാരണ മധ്യവേനൽ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന സെൻസസ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് മൂലം വൈകിയതോടെ ഇരട്ടി ജോലിഭാരമാകുമെന്നും അധ്യാപകർ പറയുന്നു.
അതേസമയം, അധ്യയന സമയം കഴിഞ്ഞുള്ള സമയത്താണ് സെൻസസ് ഡ്യൂട്ടി നിർവഹിക്കേണ്ടതെന്നും സെൻസസ് നിയമത്തിൽ അനുശാസിക്കുന്നത് അനുസരിച്ചാണു പരമാവധി സ്കൂൾ അധ്യാപകരെ തന്നെ ഇതിനായി ചുമതലപ്പെടുത്തുന്നതെന്നുമാണ് സെൻസസ് വകുപ്പ് അധികൃതരുടെ വിശദീകരണം.
വീടുകൾ കയറിയിറങ്ങിയുള്ള വിവരശേഖരണമാണ് ജൂലൈ 1 മുതൽ 31വരെ നടക്കുന്നത്. ഇതിനായി എന്യൂമറേറ്റർമാരായി എൽപി മുതൽ ഹൈസ്കൂൾ വരെയുളള അധ്യാപകരെയും സൂപ്പർവൈസർമാരായി ഹയർ സെക്കൻഡറി അധ്യാപകരെയുമാണു നിയമിക്കുന്നത്. വേണ്ടത അധ്യാപകരെ ലഭിച്ചില്ലെങ്കിൽ മാത്രമാണ് മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയോഗിക്കുക. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള കഴിവ് അധ്യാപകർക്കാണെന്നു വിലയിരുത്തിയാണ് നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു.
300 വീടുകൾ അല്ലെങ്കിൽ 800 പേർ ഉൾപ്പെടുന്ന ഹൗസ് ലിസ്റ്റിങ് ബ്ലോക്കിലെ വിവരങ്ങളാണ് ഒരു എന്യൂമറേറ്റർ ഒരുമാസം കൊണ്ട് ശേഖരിക്കേണ്ടത്. സ്കൂൾ സമയത്തിനു മുൻപോ ശേഷമോ ഇതിനായി സമയം കണ്ടെത്തണമെന്നാണു നിർദേശം. വിവരശേഖരണത്തിനും അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ജനസംഖ്യ കണക്കെടുപ്പിനുമായി 25,000 രൂപ അലവൻസും ലഭിക്കും. എന്നാൽ, സ്കൂളിലെ തിരക്കുകൾക്കിടെ സെൻസസ് ഡ്യൂട്ടി ചെയ്യുക കഠിനമാണെന്നും ഇതിനായി ലീവ് എടുക്കുകയേ മാർഗമുള്ളൂ എന്നുമാണ് അധ്യാപകർ പറയുന്നത്. ഇത് സ്കൂൾ ക്ലാസുകളെ പ്രതികൂലമായി ബാധിക്കും. മിക്ക സ്കൂളുകളിലെയും പകുതിയോളം അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുണ്ട്.
സെൻസസ് ഡ്യൂട്ടി ചെയ്യാനായി അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും പകരം സ്കൂളിൽ താൽക്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്നുമാണ് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നത്. അതേസമയം, സൂപ്പർവൈസർമാരാക്കേണ്ട ഹയർ സെക്കൻഡറി അധ്യാപകരെ വ്യാപകമായി എന്യൂമറേറ്റർമാരായി നിയമിച്ചെന്നു ചൂണ്ടിക്കാട്ടി ആ വിഭാഗത്തിലെ അധ്യാപക സംഘടനകളും പ്രതിഷേധത്തിലാണ്. അവസാനമായി നടന്ന 2011ലെ സെൻസസിനായി 2010 ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു വിവരശേഖരണം.
-
0 Comments