LATEST

6/recent/ticker-posts

പാലക്കാട്ട് വൻ ലഹരിമരുന്ന് വേട്ട: എം.ഡി.എം.എയും മറ്റ് മാരക മരുന്നുകളുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ഒലവക്കോട് ജംഗ്ഷനിൽ വെച്ച് എം.ഡി.എം.എ അടക്കം ഒരു കിലോഗ്രാം മാരക ലഹരിമരുന്നുകളുമായി ഒരു യുവതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരാണ് പിടിയിലായത്.
​എം.ഡി.എം.എയ്ക്ക് പുറമെ കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി ലഹരിസംഘത്തെ പിന്തുടരുകയായിരുന്ന പോലീസിന് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി പിടിയിലായ ഒരാളിൽ നിന്നാണ് ഇതേക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന്, ലഹരിസംഘത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് വെച്ച് ഡാൻസാഫ് (DANSAF) ടീം ആഡംബര കാറടക്കം കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ പ്രധാന സംഘത്തെ പോലീസ് വലയിലാക്കിയത്.
തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ മുതൽ പിന്തുടർന്ന പോലീസ് സംഘത്തെ കണ്ട് ലഹരിസംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒലവക്കോട് ജംഗ്ഷനിൽ വെച്ച് തടയുകയായിരുന്നു. വാഹനം നിർത്താതെ പോകാന് ശ്രമിച്ചപ്പോൾ പോലീസ് വാഹനം കുറുകെയിട്ടാണ് ഇവരെ കീഴ്പ്പെടുത്തിയത്.
പുലർച്ചെ 2 മണിക്ക് ആരംഭിച്ച വിശദമായ പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. കാറിന്റെ ഡീസൽ ടാങ്കിന് സമീപം വിദഗ്ധമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. ഒടുവിൽ പുലർച്ചെ 5 മണിയോടെയാണ് ലഹരിശേഖരം കണ്ടെടുക്കാനായത്. പിടിയിലായവർ വൻ ലഹരി മാഫിയയിലെ കണ്ണികൾ മാത്രമാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

Post a Comment

0 Comments