കൊടുവള്ളി: ഓമശ്ശേരി–താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനർനിർമിക്കുന്നതിനായി ആവശ്യമായ തുക വകയിരുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകിയതായി പി.കെ. ഫിറോസ് എംഎൽഎ അറിയിച്ചു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം ഉറപ്പുനൽകിയത്.
നിലവിലെ കൂടത്തായി പാലത്തിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ വിദഗ്ധ പരിശോധന നടത്തിയിരുന്നു. പാലം പുനർനിർമിച്ച് മാറ്റി സ്ഥാപിക്കുന്നരീതിയിലാണ് നിലവിൽ വിഭാവനം ചെയ്തിട്ടുള്ളത്. പാലത്തിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.
നിയോജക മണ്ഡലത്തിലെ പ്രധാന റോഡ്, പാലം പ്രവൃത്തികളുടെ പുരോഗതിയും യോഗത്തിൽ വിശദമായി വിലയിരുത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തിട്ടും പുരോഗതി മന്ദഗതിയിലുള്ള പരപ്പൻപൊയിൽ–കാരക്കുന്നത്ത് റോഡ്, ആർ.ഇ.സി–കൂടത്തായി റോഡ്, പടനിലം പാലം, വെള്ളച്ചാൽ–തെക്കെതൊടിക പാലം, താമരശ്ശേരി–പള്ളിപ്പുറം റോഡ്, കൊടുവള്ളി–മാനിപുരം–ഓമശ്ശേരി റോഡ്, കരുവാറ്റക്കടവ് പാലം തുടങ്ങിയ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി കർശ നിർദ്ദേശം നൽകി .
സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയ പുല്ലാളൂർ–മുട്ടാഞ്ചേരി–പൈമ്പാലുശ്ശേരി റോഡ്, ബി.വി. അബ്ദുള്ളക്കോയ റോഡ് എന്നിവയുടെ അടിയന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു. കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡിന്റെ റവന്യൂ ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മാതൃ–ശിശു ആരോഗ്യ ബ്ലോക്കിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിന് നിലവിൽ അനുവദിച്ചിട്ടുള്ള 3.74 കോടി രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്തു.
നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി1.64 കോടി രുപയുടെ സ്പെഷ്യൽ പാക്കേജിന് അനുമതി നൽകി.
മണ്ഡലത്തിലെ മറ്റ് പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. കാലതാമസം നേരിടുന്ന പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും തടസ്സങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകിയതായി പി.കെ. ഫിറോസ് എംഎൽഎ അറിയിച്ചു.
0 Comments