ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പന് തൊട്ടുമുമ്പ് മഹാരാഷ്ട്രയിലെ മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാറിന് തിരിച്ചടി. എൻ.സി.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘ക്ലോക്ക്’ അടയാളം തെരഞ്ഞെടുപ്പ് കമീഷൻ നേരത്തേ നിർദേശിച്ചതു പ്രകാരം അജിത് പവാർ പക്ഷത്തിനു തന്നെ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കമീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് ശരദ് പവാർ പക്ഷം നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസ്താവിച്ച താൽക്കാലിക ഉത്തരവ് തുടരുമെന്നാണ് കോടതി അറിയിച്ചത്. വിഷയത്തിൽ അന്തിമ വിധി പിന്നീട് പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കി.
1999ൽ കോൺഗ്രസിൽനിന്ന് പുറത്തായതിനു പിന്നാലെ ലോക്സഭാ മുൻ സ്പീക്കർ പൂർണോ സങ്മ, താരിഖ് അൻവർ എന്നിവർക്കൊപ്പമാണ് ശരദ് പവാർ എൻ.സി.പി സ്ഥാപിച്ചത്. കഴിഞ്ഞ വർഷം അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു സംഘം നേതാക്കൾ പാർട്ടി വിട്ട് ഭരണകക്ഷിക്കൊപ്പം ചേർന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അജിത് പവാർ ഗ്രൂപ്പാണ് ഔദ്യോഗിക പക്ഷമെന്ന് ഗവർണർ രാഹുൽ നർവേക്കർ റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ക്ലോക്ക് ചിഹ്നം അനുവദിച്ചത്. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന വാദവുമായി ശരദ് പവാർ കോടതിയിലെത്തിയെങ്കിലും അനുകൂല വിധി നേടാനായില്ല

0 Comments