കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ കോൺഗ്രസ് മാതൃകപരമായ നടപടി സ്വീകരിച്ചുവെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന്റെ കാര്യത്തിൽ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത കാര്യം കോൺഗ്രസ് ചെയ്തിട്ടുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ള ജനങ്ങളുടെ ഹൃദയത്തിലേറ്റ മുറിവാണ്. സ്വപ്നത്തിൽപോലും കാണാൻ പറ്റാത്തത്ര ആഴത്തിലുള്ള മുറിവാണത്. ഉണങ്ങാൻ കുറച്ചുകാലമെടുക്കും. അത് രാഹുലിന്റെ വിഷയത്തിൽ മുങ്ങിപ്പോകുന്നതല്ല.
പി.എം ശ്രീ പദ്ധതിയിലെ അന്തർനാടകം വ്യക്തമായിക്കഴിഞ്ഞു. വഖഫ് പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിന് കേരളം വളരെ പിറകിലാണ്. അതേസമയം, കർണാടകയിൽ അതിവേഗം കാര്യങ്ങൾ നീങ്ങുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. കേരളത്തിൽ യു.ഡി.എഫ് ട്രെൻഡാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എ.എൽ.എക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
0 Comments