തൃശൂർ: 64–ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ കപ്പുയർത്തി കണ്ണൂർ. 1028 പോയിന്റുകളോടെയാണ് കണ്ണൂർ കപ്പ് തൂക്കിയത്. 1023 പോയിന്റുകളുമായി ആതിഥേയരായ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം 1017 പോയിന്റുകൾ നേടിയ കോഴിക്കോടിനും നാലാം സ്ഥാനം 1013 പോയിന്റുകൾ നേടിയ പാലക്കാടിനുമാണ്.
കലോത്സവത്തിന്റെ ആദ്യനാൾ മുതൽക്കേ ഇത്തവണ കപ്പടിക്കുമെന്ന വാശിയിലായിരുന്നു കണ്ണൂർ. തലസ്ഥാന നഗരിയിൽ കൈവിട്ട കപ്പ് സാംസ്കാരിക തലസ്ഥാനത്ത് നേടിയെടുത്ത സന്തോഷത്തിലാണ് കണ്ണൂരുകാർ. തലസ്ഥാനത്ത് നടന്ന 63ാംമത് കേരള സ്കൂൾ കലോത്സവത്തിൽ 1003 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനത്തായിരുന്നു. 1008 പോയിന്റുകൾ നേടിയ തൃശൂരാണ് അന്ന് ജേതാക്കളായത്.
മികച്ച സംഘാടനത്തിന്റെ പൊൻതിളക്കത്തോടെയാണ് കേരള സ്കൂൾ കലോത്സവം 64ാം പതിപ്പിന്റെ കൊടിയിറക്കം. തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ വൈകീട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു. മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയായി. മന്ത്രി കെ രാജൻ അധ്യക്ഷനായി.
കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിച്ചു. സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുത്തു.
അഞ്ചു ദിവസങ്ങളിലായി 249 ഇനങ്ങളിലായിരുന്നു മത്സരം. രോഗബാധിതയായി ക്വാറന്റൈനിലായ വിദ്യാർത്ഥിനിക്ക് ഓൺലൈനായി മത്സരിക്കാൻ സർക്കാർ അവസരം നൽകിയതും വീടില്ലാത്ത മത്സരാർത്ഥിക്ക് വീടുവച്ചുനൽകാൻ തീരുമാനിച്ചതും ഇൗ കലോത്സവത്തെ കൂടുതൽ ഹൃദ്യമാക്കി.
0 Comments