LATEST

6/recent/ticker-posts

വാണിജ്യ എല്‍പിജി ക്ഷാമം രൂക്ഷം; ഹോട്ടലുകള്‍ അടച്ചുപൂട്ടലിൻ്റെ വക്കില്‍, ഗ്യാസ് കുറച്ചുവേണ്ട മെനുവിലേക്ക് മാറുന്നു


തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം രൂക്ഷമായി. കൊല്‍ക്കത്ത, ചെന്നൈ, മുംബൈ നഗരങ്ങളില്‍ പല ഹോട്ടലുകളും അടച്ചു.പ്രതിസന്ധി തുടർന്നാല്‍ റെസ്റ്റോറന്റ് മേഖലയ്ക്ക് പ്രതിദിനം 1,200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി. ഗ്യാസ് കുറച്ച്‌ മാത്രം വേണ്ട മെനുവിലേക്ക് പലയിടത്തും ഹോട്ടലുകള്‍ മാറി.

തിരുവനന്തപുരം നഗരത്തിലും വാണിജ്യ എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. തലസ്ഥാനത്ത് പല ഹോട്ടലുകളും പൂട്ടുന്ന സാഹചര്യത്തിലേക്കാണ് പോവുന്നത്. എട്ടു സിലിണ്ടറാണ് ഒരു ദിവസം ആവശ്യമായി വരുന്നതെന്നും നിലവില്‍ അഞ്ചെണ്ണമാണ് ലഭ്യമാവുന്നതെന്നും തലസ്ഥാനത്തെ ഹോട്ടലുടമകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഉണ്ടായിരുന്ന സ്റ്റോക്ക് കഴിഞ്ഞു. ഇനി മുന്നോട്ട് പോവാനാവില്ല. നഗരത്തിലുള്ള 1500 ഹോട്ടലുകളില്‍ 50 എണ്ണം പൂട്ടിക്കഴിഞ്ഞു. സ്റ്റാഫുകള്‍, ബാങ്ക് ലോണ്‍ തുടങ്ങി പലവിധ പ്രശ്നങ്ങളും നിലവിലുണ്ട്. വിതരണം സ്റ്റോപ്പ് ചെയ്തിരിക്കുകയാണെന്നും അത്യാവശ്യത്തിന് മാത്രമായി നല്‍കണമെന്നുമാണ് ഏജൻസികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. രണ്ടു ദിവസം കൂടി മുന്നോട്ട് പോവും. മറ്റു രാജ്യങ്ങളില്‍ നിന്നെത്തിച്ച്‌ വിതരണം ചെയ്യുമ്പോള്‍ ഒരു മാസത്തോളം സമയമെടുക്കും. ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. സർക്കാർ ഒന്നും പറയാത്ത സാഹചര്യമാണ്. വിറകടുപ്പിനുള്ള സാഹചര്യവും നിലവിലില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു.

അതേസമയം, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് തീവ്രശ്രമം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ വ്യക്തമാക്കി. ദൗർലഭ്യം പരിഹരിക്കുന്നതിനായി ആഭ്യന്തര ഉല്‍പ്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്രം പറയുന്നു.


Post a Comment

0 Comments