കോട്ടയം: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന്റെ ആഘാതം കേരളത്തിലെ റോഡ് നിർമ്മാണ മേഖലയിലും പ്രകടമാകുന്നു. ടാറിന്റെ വില കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ റോഡ് പ്രവൃത്തികൾക്ക് വലിയ സാമ്പത്തിക സമ്മർദ്ദമാണ് ഉണ്ടാകുന്നത്. മാർച്ച് 12-ന് എണ്ണക്കമ്പനികൾ പുറത്തിറക്കിയ പുതിയ വിലപ്പട്ടിക പ്രകാരം ടാർ വിലയിൽ ടണ്ണിന് 3500 രൂപയോളം വർധനയാണ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ടാർ വില കൂട്ടുന്നത്. 18 ശതമാനം ജി.എസ്.ടി. ഉൾപ്പെടുത്തി ഇപ്പോൾ ടണ്ണിന് 65,195 രൂപയാണ് വില.
മാർച്ച് ഒന്നിന് ബിറ്റുമിൻ VG-30 വിഭാഗത്തിന്റെ അടിസ്ഥാനവില 49,750 രൂപയായിരുന്നു. ജി.എസ്.ടി. ചേർന്നപ്പോൾ വിൽപ്പനവില 58,705 രൂപയായി. അതിന് മുമ്പ് അടിസ്ഥാനവില 49,620 രൂപയായിരുന്നതിനാൽ ആദ്യഘട്ടത്തിൽ ചെറിയ വർധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മാർച്ച് അഞ്ചിന് പുറത്തുവന്ന പുതിയ പട്ടികയിൽ അടിസ്ഥാനവില 51,750 രൂപയായി ഉയർന്നതോടെ വിൽപ്പനവില 61,065 രൂപയായി. തുടർന്ന് വീണ്ടും വില കൂട്ടിയതോടെയാണ് നിലവിലെ നിരക്കിലെത്തിയത്.
വിലവർധനയ്‌ക്കൊപ്പം ബിറ്റുമിൻ ലഭ്യതയും കുറയാനുള്ള സാധ്യതയുണ്ടെന്നാണ് കരാറുകാരുടെ മുന്നറിയിപ്പ്. വിപണി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിലാണ് പല പ്രവൃത്തികൾക്കും കരാറുകൾ എടുത്തിരിക്കുന്നതെന്ന് അവർ പറയുന്നു. 18 മാസത്തിൽ കൂടുതലുള്ള പ്രവൃത്തികൾക്ക് മാത്രമാണ് വിലവ്യതിയാന വ്യവസ്ഥ ബാധകമാകുന്നത്. അത്തരത്തിലുള്ള പ്രവൃത്തികളിൽ വിപണിവില ഉയർന്നാൽ കരാറുകാരന് നഷ്ടപരിഹാരം ലഭിക്കും. എന്നാൽ സംസ്ഥാനത്തെ ഏകദേശം 90 ശതമാനം പ്രവൃത്തികളും 18 മാസത്തിൽ താഴെ കാലാവധിയുള്ളതായതിനാൽ വിലവർധന വലിയ നഷ്ടമായി മാറുമെന്നാണ് കരാറുകാരുടെ ആശങ്ക.
എല്ലാ സർക്കാർ പ്രവൃത്തികൾക്കും വിലവ്യതിയാന വ്യവസ്ഥ ബാധകമാക്കണമെന്ന ആവശ്യവുമായി ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി രംഗത്തെത്തി. ഇതിനോടകം തന്നെ വിവിധ വകുപ്പുകളിൽ നിന്നായി കരാറുകാർക്ക് ഏകദേശം 8000 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് പുനർനിർമാണ പ്രവർത്തനങ്ങളാണ് ഈ കുടിശ്ശികയിൽ ഏറ്റവും കൂടുതലുള്ളത്. കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം നടത്തിയ റോഡ് പണികളുടെ തുകയാണിത്. നിലവിലെ സാഹചര്യത്തിൽ ആരംഭിച്ചിട്ടുള്ള പല പ്രവൃത്തികളും പൂർത്തിയാക്കാൻ പോലും പ്രയാസമാകുമെന്നാണ് കരാറുകാർ മുന്നറിയിപ്പ് നൽകുന്നത്.
0 Comments