LATEST

6/recent/ticker-posts

അടുക്കള ബജറ്റ് പാളുമോ? ഗ്യാസ് ബുക്കിങ്ങിൽ മെയ് 1 മുതൽ അടിമുടി മാറ്റം

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ ഗ്യാസ് ബുക്കിങ്ങിലും അടിമുടി മാറ്റം. മെയ് 1 മുതൽ രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണ്ണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ആഗോള ഊർജ വിപണിയിലുണ്ടായ അനിശ്ചിതത്വം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ വിതരണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.

ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയും പുതിയ ഡെലിവറി, ബുക്കിങ് നിയമങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

*ബുക്കിങ് ഇടവേളകളിൽ മാറ്റം*

പുതിയ പരിഷ്കാരം അനുസരിച്ച് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഇനി ഓരോ ബുക്കിങ്ങിനും ഇടയിൽ 25 ദിവസം കാത്തിരിക്കണം (നേരത്തെ 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തി.രണ്ട് സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് ഒരു സിലിണ്ടർ വാങ്ങി അടുത്തത് ബുക്ക് ചെയ്യാൻ 35 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.

*ഒടിപി അധിഷ്‌ഠിത ഡെലിവറി*

സിലിണ്ടർ വിതരണം കൂടുതൽ സുരക്ഷിതമാക്കാൻ Delivery Authentication Code (DAC) അഥവാ OTP സംവിധാനം മെയ് 1 മുതൽ കൂടുതൽ കർശനമാക്കും. ഗ്യാസ് എത്തുമ്പോൾ രജിസ്റ്റർ ചെയ്തത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാൽ മാത്രമേ സിലിണ്ടർ ലഭിക്കൂ.

*ഇ-കെവൈസി നിർബന്ധം*

ആധാർ അധിഷ്‌ഠിത ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ബുക്കിംഗിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് വേഗത്തിൽ പൂർത്തിയാക്കേണ്ടതാണ്.

*പിഎൻജിയിലേക്കുള്ള മാറ്റം*

ഗാർഹിക ആവശ്യങ്ങൾക്കായി എൽപിജി സിലിണ്ടറുകൾക്ക് പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ഉപയോഗിക്കുന്നതിലേക്ക് മാറാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. നിലവിൽ പിഎൻജി ഉപയോഗിക്കുന്നവർക്ക് അവരുടെ നിലവിലുള്ള എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് വിലക്കുണ്ട്. കൂടാതെ ഇവർക്ക് പുതിയ എൽപിജി കണക്ഷനുകൾക്കായി അപേക്ഷിക്കാനും കഴിയില്ല.
മാർച്ച് അവസാന വാരത്തിൽ പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ കൂടുതൽ കർശനമായ വ്യവസ്ഥകളാണുള്ളത്. ഒരു പ്രദേശത്ത് പിഎൻജി സൗകര്യം ലഭ്യമായിട്ടും ആ വീട്ടുകാർ അങ്ങോട്ട് മാറാൻ തയ്യാറായില്ലെങ്കിൽ, മൂന്ന് മാസത്തിന് ശേഷം അവർക്കുള്ള എൽപിജി വിതരണം നിർത്തലാക്കും.

2026 മാർച്ച് മുതൽ ഏകദേശം 5.45 ലക്ഷം പിഎൻജി കണക്ഷനുകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. 2.62 ലക്ഷം കണക്ഷനുകൾക്കുള്ള ഇൻഫ്രാസ്ട്രക്ചർ കൂടി തയ്യാറായതോടെ ആകെ കണക്ഷനുകളുടെ എണ്ണം 8.07 ലക്ഷമായി ഉയർന്നു. ഏകദേശം 6.14 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവിലുള്ള പ്രതിസന്ധിക്കിടയിലും ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, ഗതാഗത മേഖലയ്ക്കുള്ള സിഎൻജി എന്നിവയുടെ 100% വിതരണവും ഉറപ്പാക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. വാണിജ്യ മേഖലയിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽസ്, കൃഷി തുടങ്ങിയ മേഖലകൾക്കുമാണ് മുൻഗണന നൽകിയിരിക്കുന്നത്. കൂടാതെ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോ സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കുകയും ചെയ്തു.

Post a Comment

0 Comments