LATEST

6/recent/ticker-posts

സായാഹ്ന വാര്‍ത്തകൾ2026 | ഏപ്രില്‍ 28, ചൊവ്വ1201 | മേടം 15, ഉത്രം➖➖➖➖➖➖➖➖

◾ സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലീറ്ററിന് നാലു മുതല്‍ ആറു വരെ രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. നാളെ നടക്കുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

◾ തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ജോലി ചെയ്ത 20,000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തതു ഗുരുതരമായ വീഴ്ചയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി. വോട്ടു ചെയ്യാന്‍ അവസരം നല്‍കില്ലെന്ന് എന്തിനാണു പിടിവാശി. ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞു.

◾ എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് 15 ന് പ്രസിദ്ധീകരിക്കും. പ്ലസ് ടു എച്ച്എസ്എസ്, വിഎച്ച്എസ്എസ് ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ 10 നും നടക്കും.

◾ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം കെഎസ്ഇബിയുടെ വീഴ്ച്ചയാണെന്ന് കണ്ടെത്തല്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്നു കരാറുകളുടെ കാലാവധി ഈ മാസം അവസാനിച്ചു. ഇത് മുന്‍കൂട്ടി കണ്ട് കരാര്‍ പുതുക്കുന്നതില്‍ കെഎസ്ഇബി ഗുരുതര വീഴ്ച വരുത്തിയതാണു വൈദ്യുതി പ്രതിസന്ധിക്കു കാരണം.

◾ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് കടന്നു. ഈ മാസം 18ന് 117.15 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന അളവ്. എന്നാല്‍, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോര്‍ഡും മറികടന്നു. ഇന്നലെ 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.

◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ നേതൃത്വത്തിലുള്ള സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ പ്രതിഷേധം. കടകള്‍ തുറന്നു, വാഹനങ്ങള്‍ ഓടി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ആലപ്പുഴ നഗരത്തില്‍ ബലമായി കടകള്‍ അടപ്പിച്ചവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

◾ തിരുവനന്തപുരം കോര്‍പറേഷനിലെ അമ്പതോളം ഡിവിഷനുകളില്‍ ഏപ്രില്‍ 30-നും ഒന്നാം തീയതി രാവിലെ എട്ടുവരേയും ജലവിതരണം മുടങ്ങും. അരുവിക്കരയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍, മറ്റ് അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 72 എം എല്‍ ഡി , 75 എം എല്‍ ഡി ജലശുദ്ധീകരണശാലകളില്‍ ഉല്‍പാദനം നിര്‍ത്തുന്നതാണ് കാരണം. വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനില്‍ കേടായ വാല്‍വ് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തിയും നടക്കുന്നുണ്ട്.

◾ അന്താരാഷ്ട്ര വിമനത്താവളം വഴി ബാഗേജ് റൂള്‍ പ്രകാരം രണ്ടു ലിറ്ററില്‍ കൂടുതല്‍ വിദേശമദ്യം കൊണ്ടുവന്നാല്‍ പിടിച്ചെടുക്കണമെന്ന് കസ്റ്റംസ് കമ്മീഷണറുടെ സര്‍ക്കുലര്‍. രണ്ടു ലിറ്ററില്‍ കൂടുതല്‍ കൊണ്ടുവന്നാല്‍ പിഴയടച്ച് കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നതു തടഞ്ഞുകൊണ്ടാണ് കസ്റ്റംസ് കമ്മീഷണര്‍ ജി.എസ്. ബായ്ന്‍സ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

◾ നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ പ്രതിയെന്നു സംശയിക്കുന്ന ഇളയ മകന്‍ സജിയെ പൊലീസ് അറസ്റ്റു ചെയ്തു. വീടിനു സമീപത്തെ പറമ്പില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെയും മകന്‍ റെജിയുടേയും മതൃദേഹാവശിഷ്ടങ്ങള്‍ വീട്ടുപറമ്പില്‍നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സജിയുടെ പരസ്പര വിരുദ്ധമായ മറുപടിയില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതോടെ മകളെ അറിയിച്ചു. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

◾ കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയിലെ കേസില്‍ ഉടന്‍ മറുപടി നല്‍കാന്‍ മധ്യപ്രദേശ് പോലീസിന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ഉത്തരവ് നല്‍കി. മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകണം. വിവാഹത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. മധ്യപ്രദേശ് പോലീസിന്റെ അന്വേഷണത്തോടു സഹകരിക്കണമെന്നു കേരള പോലീസിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.

◾ ബെംഗളൂരുവിനു സമീപം രാംനഗരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

◾ പണവും സ്വര്‍ണവും തിരികേ തരണമെന്ന് ആവശ്യെപ്പെട്ടു താന്‍ കേസ് നല്‍കിയതിനുള്ള കള്ളക്കേസാണ് തനിക്കെതിരായ സ്ത്രീ പീഡനക്കേസെന്നു നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. പരാതിക്കാരി പെണ്‍കുട്ടിയല്ല, അറുപത് വയസുകാരിയാണെന്നും അവരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട ആവശ്യം തനിക്കില്ല. തന്റെ മാതാവില്‍നിന്നും സഹോദരിയില്‍നിന്നും വാങ്ങിയ പണവും സ്വര്‍ണവും വീണ്ടുക്കാനാണു താന്‍ കേസ് നല്‍കിയിരുന്നതെന്നും ഷിയാസ് സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞു.

◾ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാമ്പു കടിയേല്‍ക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

◾ കൊച്ചി നഗരത്തില്‍ എറണാകുളം ഡിസിസി ഓഫീസിന്റെ എതിര്‍വശത്തായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്‌ളക്‌സ്. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

◾ കടമറ്റം പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കെട്ടിന് പകരം സ്‌നേഹഭവനം നിര്‍മിച്ച് നല്‍കുമെന്നും ഇടവക അധികൃതര്‍ അറിയിച്ചു. വെടിക്കെട്ട് ഉപേക്ഷിക്കാനുള്ള മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനമനുസരിച്ചാണിത്.

◾ സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു.

◾ അവശനിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പര്‍ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ അന്‍പതാംമൈലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയില്‍ നിന്നാണ് ധന്യയെ ഇന്നലെ കണ്ടെത്തിയത്.

◾ കോതമംഗലത്ത് ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ മര്‍ദിച്ചു കോതമംഗലം സ്വദേശിയും നഴ്‌സിംഗ് അസിസ്റ്റന്റുമായ കാളിപ്പറമ്പില്‍ ജോജി ജോര്‍ജ് (46) നാണ് പരിക്കേറ്റത്. അടിപിടിക്കേസില്‍ പരിക്കേറ്റ് ചികിത്സയിലുള്ളയാളെ കാണാനെത്തിയ ആളാണ് മര്‍ദിച്ചത്.

◾ സൂര്യാതപമേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ ആണ് മരിച്ചത്. വെല്‍ഡിങ്ങ് തൊഴിലാളിയായ ഷൈന്‍ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◾ മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ അക്രമത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. എന്നാല്‍, വനത്തിനുള്ളില്‍ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവമെന്നു വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ടെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ പറഞ്ഞു.

◾ ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ചു. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശക്തി തിരിച്ചറിയാന്‍ കൂടിയാണ് യോഗം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിളിച്ച യോഗത്തില്‍ ഓണ്‍ലൈനായി അരവിന്ദ് കെജരിവാളും പങ്കെടുക്കും.

◾ സിക്കിമിലെ ഗാങ്‌ടോക്കില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം ഫുട്‌ബോള്‍ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പതാമത് സംസ്ഥാന ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സിക്കിമിലെത്തിയത്. ഫുട്‌ബോള്‍ കളിച്ചതിനെ ഊര്‍ജ്ജസ്വലമായ സമയം എന്നാണ് മോദി വിശേഷിപ്പിച്ചത്.

◾ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 31 കാരനെ തെരയുന്നു. മീര റോഡിലെ നയാ നഗര്‍ പ്രദേശത്ത് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടാണ് സുബൈര്‍ അന്‍സാരി എന്നയാള്‍ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

◾ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമ തന്നെ വരണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പു മരിച്ച സഹോദരിയുടെ അസ്ഥികൂടം ബാങ്കില്‍ ഹാജരാക്കി വയോധികന്‍. ഒഡിഷയിലെ ജാജ്പൂര്‍ ജില്ലയിലെ ബിഞ്ജാര്‍പുര്‍ മേഖലയിലാണ് സംഭവം. 70 കാരനായ ഗുണനിധി ബിശ്വാസ് ആണ് സഹോദരി സൈരന്ധ്രിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ചത്. 19,300 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്.

◾ രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുന്‍പ് ജയില്‍മോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളന്‍ (54) അഭിഭാഷകനായി ചെന്നൈയില്‍ എന്റോള്‍ ചെയ്തു. മുപ്പതുകൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍ 2022 മേയ് 18-നാണ് മോചിതനായത്. തുടര്‍ന്ന് കര്‍ണാടകയിലെ സ്വകാര്യ നിയമ കോളേജില്‍ ചേര്‍ന്നു പഠിച്ച് നിയമബിരുദം നേടുകയായിരുന്നു.

◾ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം പിന്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. 'എ.ബി.എന്‍ ആന്ധ്രജ്യോതി' എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

◾ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രമുഖനും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുമായ സലിം ദോലയെ തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയ ഇയാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.

◾ നാസിക്കിലെ ടിസിഎസ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയായ നിദ ഖാന്‍ സഹപ്രവര്‍ത്തകയെ ഇസ്ലാം മതത്തിലേക്കു മാറ്റാന്‍ ശ്രമിച്ചതിനു തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം നാസിക് കോടതിയെ അറിയിച്ചു. പരാതിക്കാരിയെ ബുര്‍ഖ ധരിക്കാന്‍ പഠിപ്പിച്ചു. മലേഷ്യയിലേക്ക് അയയ്ക്കാന്‍ പദ്ധതിയിട്ടതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഒളിവിലുള്ള നിദ ഖാനായി പോലീസ് അന്വേഷണം തുടരുകയാണ്.

◾ സംഗീത സംവിധായകന്‍ ജെയിംസ് വസന്തന്റെ കാര്‍ ചെന്നൈയില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ചെന്നൈയിലെ കൊട്ടിവക്കം പ്രദേശത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ പാര്‍ക്കു ചെയ്തു തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തതായി കണ്ടത്. പോലീസ് കേസെടുത്തു.

◾ അത്താഴത്തിന് കോഴിക്കറി ഇല്ലാത്തതിനു വഴക്കിട്ട ഭര്‍ത്താവിനെ ഭാര്യ അരിവാള്‍കൊണ്ട് വെട്ടിക്കൊന്നു. തെലങ്കാനയിലെ കാമറെഡ്ഡി ടൗണിലെ ഗോസാങ്കി കോളനിയിലുള്ള കോദന്‍ദം ശിവാജി ആണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾ നാഷണല്‍ ഹൈവേ എഞ്ചിനീയറെ ചെളിവാരിയെറിഞ്ഞ കേസില്‍ മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസത്തെ തടവുശിക്ഷ. നിയമസഭാംഗങ്ങള്‍ നിയമം കൈയിലെടുക്കാന്‍ പാടില്ലെന്ന് സിന്ധുദുര്‍ഗിലെ കോടതി നിരീക്ഷിച്ചു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.

◾ യുഎസില്‍ നാഷണല്‍ സയന്‍സ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടു. പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് കരുതുന്നു.

◾ അറ്റ്‌ലാന്റയില്‍ നിന്ന് പോര്‍ട്ട്ലാന്‍ഡിലേക്കുള്ള അഞ്ചു മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഡെല്‍റ്റ എയറിന്റെ വിമാനത്തില്‍ ഒരു യുവതി കുഞ്ഞിനു ജന്മം നല്‍കി. കുട്ടിയെ വിമാനയാത്രക്കാരും ജീവനക്കാരും 'ആകാശത്തെ അത്ഭുതം' എന്നാണ് വിശേഷിപ്പിച്ചത്.

  ◾ ആമസോണ്‍ ഇന്ത്യ ക്വിക്ക് കൊമേഴ്സ് രംഗത്ത് കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. ആമസോണ്‍ നൗ എന്ന പേരിലുള്ള സര്‍വീസ് രാജ്യത്തെ 100 സിറ്റികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. കേരളത്തില്‍ നിന്ന് കൊച്ചിയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലക്നൗ, കൊച്ചി, അമൃത്സര്‍, വിശാഖപട്ടണം തുടങ്ങി രണ്ടാംനിര, മൂന്നാംനിര സിറ്റികളാണ് പ്രോജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2,800 കോടി രൂപ ഇതിനായി നിക്ഷേപിക്കും. ഡെലിവറി വേഗത്തിലാക്കാനായി 1,000 മൈക്രോ സെന്ററുകള്‍ സ്ഥാപിക്കും. കേന്ദ്രീകൃത വിതരണകേന്ദ്രത്തിന് പകരം ഇത്തരത്തിലുള്ള ചെറിയ കേന്ദ്രങ്ങളില്‍ നിന്നാകും ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കുക. അവശ്യവസ്തുക്കള്‍ക്ക് പുറമേ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കമ്പനി ആമസോണ്‍ നൗവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവര്‍ മാറ്റുരയ്ക്കുന്ന ക്വിക്ക് കൊമേഴ്സ് രംഗത്ത് മത്സരം കടുപ്പിക്കാനാണ് ആമസോണ്‍ തയാറെടുക്കുന്നത്.

◾ എഐ കമ്പനിയായ ആന്ത്രോപ്പിക്കില്‍ 10 ബില്യണ്‍ (1000 കോടി) ഡോളര്‍ ആദ്യഘട്ട നിക്ഷേപം നടത്താന്‍ ടെക് ഭീമനായ ഗൂഗിള്‍. 30 ബില്യണ്‍ (3000 കോടി) ഡോളര്‍ വരെ ഇനിയും നിക്ഷേപിക്കും. ഇതോടെ ആന്ത്രോപ്പിക്കിന്റെ വിപണിമൂല്യം 350 ബില്യണ്‍ ഡോളറാകും. ഗൂഗിള്‍ ക്ലൗഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ത്രോപ്പിക്കിന് അഞ്ച് ഗിഗാവാട്ട് കമ്പ്യൂട്ടിങ് ശേഷി നല്‍കും. ആന്ത്രോപ്പിക്കിലേക്ക് ഫണ്ട് ഒഴുകുന്നതിന് പിന്നില്‍ ക്ലോഡ് കോഡ് എഐ ടൂളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വാര്‍ഷിക വരുമാനം 30 ബില്യണ്‍ (3000 കോടി) ഡോളര്‍ കവിഞ്ഞു. 2025ല്‍ ഏകദേശം 9 ബില്യണ്‍ ആയിരുന്ന സ്ഥാനത്താണിത്. അതിനിടെ, കമ്പനിയുടെ ക്ലേഡ് മിത്തോസ് ലോകമെങ്ങും സൈബര്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുമുണ്ട്. ആമസോണ്‍ 5 ബില്യണ്‍ (500 കോടി) ഡോളര്‍ നിക്ഷേപിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്റെ നിക്ഷേപം. അതേസമയം ആന്ത്രോപ്പിക് ഗൂഗിളില്‍ നിന്നും ആമസോണില്‍ നിന്നും ചിപ്പുകളും ക്ലൗഡ് ശേഷിയും വാങ്ങുന്നുമുണ്ട്.

◾ തലച്ചോറിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ ഒരു ആശയവിനിമയ ഉപാധി കൂടിയാണ് നൃത്തമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ചുവടുകളും മനഃശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ഡാന്‍സ് സൈക്കോളജി. നൃത്തം ചെയ്യുന്നത് എങ്ങനെയാണ് നമ്മുടെ ചിന്താഗതിയെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതെന്നാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. നൃത്തം ചെയ്യുമ്പോള്‍ തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ ഒരേസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കും. സങ്കീര്‍ണമായ ചലനങ്ങള്‍ ചെയ്യുന്നത് ഏകോപനം, ബാലന്‍സ്, ദിശാബോധം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായുള്ള നൃത്തം തലച്ചോറില്‍ പുതിയ നാഡീബന്ധങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്നു. ഇത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കൂട്ടായി നൃത്തം ചെയ്യുമ്പോള്‍ മാനസികമായും ഉന്മേഷം നല്‍കുന്നു. നൃത്തം ചെയ്യുമ്പോള്‍ ശരീരത്തില്‍ സന്തോഷ ഹോര്‍മോണുകളായ ഡോപാമിന്‍, സെറോട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദം കുറക്കാനും മനസ്സിന് സമാധാനം നല്‍കാനും സഹായിക്കുന്നു.
➖➖➖➖➖➖➖➖

Post a Comment

0 Comments