◾ ഇറാന്‍ വിഷയത്തില്‍ പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും. അഞ്ചിന സമാധാന പദ്ധതി വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്തു. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച ഒരുക്കാനാണു നീക്കം. ഇതേസമയം, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ഹോര്‍മൂസ് കടലിടുക്കിലൂടെ ചൈനയുടെ കപ്പല്‍ കടന്നുപോയി. അമേരിക്ക പ്രഖ്യാപിച്ച ഹോര്‍മുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് നാറ്റോ സഖ്യകക്ഷികള്‍.
◾ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി. അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്.
◾ തിരുവനന്തപുരത്ത് പ്രധാനമന്ത്രി പ്രസംഗിച്ച സമ്മേളനത്തിനിടെ മദ്യപിച്ചു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്ത എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെയാണ് തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിയില്‍ അല്ലാതിരുന്ന കൃഷ്ണമോഹന് പാസില്ലാത്തതിനാല്‍ അകത്തേക്കു കടത്തിവിടാത്തതിനാണ് സിഐയെ കൈയേറ്റം ചെയ്തത്.
◾ നാടാകെ വിഷു ഒരുക്കം. നാളെ വിഷു ആഘോഷിക്കാന്‍ കൊന്നപ്പൂക്കളും കണി വിഭവങ്ങളും പച്ചക്കറികളും പുതുവസ്ത്രങ്ങളും വാങ്ങാന്‍ തിരക്ക്. പടക്ക വിപണിയിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
◾ ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ തീപിടുത്തം. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മരുന്നുകള്‍ സൂക്ഷിച്ച ഗോഡൗണിലാണ് തീ പടര്‍ന്നത്. താലൂക്ക് ആശുപത്രിയിലെ രോഗികളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
◾ കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. സര്‍ജിക്കല്‍ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകള്‍ തകരാറിലായതാണ് കാരണം. പമ്പുകള്‍ നന്നാക്കാനുള്ള പണികള്‍ ആരംഭിച്ചു. ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ടാങ്കറുകളില്‍ വെള്ളം എത്തിക്കും.
◾ സിപിഎമ്മിലെ രക്തസാക്ഷി കുടുംബങ്ങള്‍ പോലും എല്‍ഡിഎഫിന്റെ പരാജയത്തില്‍ സന്തോഷിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. സംസ്ഥാന സര്‍ക്കാരിന് ജനം എക്സിറ്റ് അടിച്ച് കൊടുത്തു. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോല്‍ക്കും. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വോട്ട് കൊണ്ടല്ല യുഡിഎഫ് ജയിക്കുക. പ്രചാരണത്തില്‍ സമുദായ നിറം കൊടുക്കാന്‍ ശ്രമിച്ച സിപിഎമ്മിനുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ്. ഷാഫി പറഞ്ഞു.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്കു പിന്നില്‍ ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് ആവര്‍ത്തിച്ചു പൊലീസ്. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നിതിന്റെ ഫോണിലേക്കു 98 കോളുകളാണു വന്നത്. അധ്യാപികയായ ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചതും അവര്‍ പൊലീസില്‍ പരാതിപ്പെട്ടതും നിതിനു മാനസിക സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.
◾ നിതിന്‍ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാനാകാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. വേനല്‍ ചൂട് കനത്തതിനാല്‍ ഇന്നലെ വൈകുന്നേരം മാത്രം 5,933 മെഗാവാട്ട് ആയിരുന്നു വൈദ്യുതി ഉപഭോഗം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും ഇന്നലെ രേഖപ്പെടുത്തിയതായിരുന്നു. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്.
◾ സംസ്ഥാനത്ത് ചൂടുകൂടുന്നതിനാല്‍ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
◾ സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടേണ്ടെന്ന നിലപാടില്‍ ബിജെപി നേതൃത്വം. വിമര്‍ശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് ഷോണ്‍ ജോര്‍ജ് കോര്‍ കമ്മിറ്റിയില്‍ വിശദീകരിച്ചു. പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സഭാ വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയായി.
◾ കളമശേരിയില്‍ ബൈ ബൈ പിണറായി ഫ്‌ളക്‌സിനെ ചൊല്ലി കുന്നുകരയിലുണ്ടായ കയ്യാങ്കളിയില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഫ്‌ളക്‌സ് ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് പരാതി.
◾ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കാച്ചാണി സനില്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
◾ കോഴിക്കോട് ചെലവൂരില്‍ അരുംകൊല. പതിനാറുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുവുമായ അദിനാനെ അതേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ തൃശൂര്‍ വാടാനപ്പള്ളി കാരമുക്കില്‍ മാങ്ങാട്ടുകര റോഡിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. അന്തിക്കാട് സ്വദേശി അശ്വിന്‍ (23), കണ്ടശാംകടവ് സ്വദേശി വിഷ്ണു (20) എന്നിവരാണു മരിച്ചത്.
◾ കോണ്‍ഗ്രസ് ഭരിക്കുന്ന മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും 22.13 കോടി രൂപ തിരിച്ചുപിടിക്കാന്‍ എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ബാങ്കിന്റെ മുന്‍ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കല്‍, മുന്‍ സെക്രട്ടറി ഡൊമിനിക് സ്‌കറിയ എന്നിവരടക്കമുള്ളവരില്‍നിന്നാണു തുക ഈടാക്കേണ്ടത്.
◾ ക്ലാസില്‍ ഗെയിം കളി വിലക്കിയതിനു മാലദ്വീപിലെ സ്‌കൂളില്‍ വിദ്യാര്‍ഥി മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു ചതച്ചു. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലൂര്‍ ദീപക് ശശിയുടെ ഭാര്യ സ്മിത എന്‍ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.
◾ കായംകുളം ലൈംഗിക അതിക്രവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഏപ്രില്‍ നാലിനാണ് കായംകുളത്ത് അപകടത്തില്‍ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് യുവതി പരാതി നല്‍കി.
◾ കോഴിക്കോട് പാളയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലിലും അക്രമത്തിലും കലാശിച്ചു. ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. കസബ പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് - മുക്കം - തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് അടിയുണ്ടായത്.
◾ നിതിന്‍ രാജിന്റെ മരണ കാരണം ലോണ്‍ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പൊലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറല്‍ കണ്‍വീനര്‍ എം ഗീതാനന്ദന്‍ ആരോപിച്ചു.
◾ ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തരുതെന്നു ചൈന. ഇറാനുമായി തങ്ങള്‍ക്കു നിരവധി വാണിജ്യ കരാറുകളുണ്ടെന്നും അതു തടയാന്‍ അമേരിക്കയ്ക്ക് അധികാരമില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുന്‍ പറഞ്ഞു.
◾ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്തിലെ ആകെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇപ്പോള്‍ ഹോര്‍മുസിലുണ്ടായിരിക്കുന്ന പ്രതിസന്ധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ആഗോള സമ്പദ്വ്യവസ്ഥയെ അത് ദുര്‍ബലമാക്കുമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
◾ ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്താ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാര്‍ത്താ ചാനലായ 'ജിയോ ന്യൂസി'നെതിരെ നടപടി. 2018 മുതല്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചെന്ന് ആരോപിച്ചാണു നടപടി.
◾ ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
◾ മാര്‍പ്പാപ്പക്കെതിരെ പരാമര്‍ശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. മാര്‍പാപ്പക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി പറഞ്ഞു. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും മാര്‍പാപ്പയെ പ്രതിരോധിക്കാന്‍ രംഗത്തെത്തി.
◾ ഓസ്ട്രേലിയയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ സൈനിക മേധാവി. ലെഫ്റ്റനന്റ് ജനറല്‍ സൂസന്‍ കോയില്‍ സൈനിക മേധാവിയായി സ്ഥാനമേല്‍ക്കും.
◾ സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റിന് ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 11,595 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,030 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,820 രൂപയുമാണ് വില. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 255 രൂപയില്‍ തുടരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഡോളര്‍ ദുര്‍ബലമായത് നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കാരണമായി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
◾ പശ്ചിമേഷ്യന്‍ യുദ്ധം രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഡസ്ട്രീയെയും ബാധിച്ചു. ഒട്ടുമിക്ക മോഡലുകളുടെ വിലയില്‍ 15 ശതമാനം വര്‍ധന വരുത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. സാംസംഗ് വിവിധ മോഡലുകള്‍ക്ക് 3 മുതല്‍ 22 ശതമാനം വരെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. ഓപ്പോയുടെ വര്‍ധന ആറു മുതല്‍ 18 ശതമാനം വരെയാണ്. ഷവോമി മൂന്നു മുതല്‍ 15 ശതമാനം വരെ വില കൂട്ടി. 12 ശതമാനം വരെയാണ് റിയല്‍മീ വിലയില്‍ മാറ്റംവരുത്തിയത്. നത്തിംഗ് ഫോണ്‍ 14 ശതമാനം വരെയും മോട്ടോറോള 4-9 റേഞ്ചിലുമാണ് വി വര്‍ധിപ്പിച്ചത്. വണ്‍പ്ലസ് ഇതുവരെ വിലവര്‍ധന പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഉടനുണ്ടാകുമെന്നാണ് വിവരം. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വില വര്‍ധിപ്പിക്കുന്നതിന് പകരം ഓഫറുകള്‍ എടുത്തു കളയാനാണ് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ തീരുമാനം. ഐഫോണ്‍ 15, 16 സീരിസുകള്‍ക്ക് 5,000 രൂപ വരെ നല്കിയിരുന്ന ഡിസ്‌കൗണ്ട് എടുത്തുകളഞ്ഞു.
◾ ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ 'വാഴ 2' ന് മൂന്നാം ഭാഗം വരുന്നു. ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ട വാഴയുടെ സംവിധായകന്‍ വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന് മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയത്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയെത്തുന്നത്. വെറും ഏഴ് ദിവസം കൊണ്ടായിരുന്നു വാഴ 2 100 കോടി ക്ലബ്ബിലെത്തിയത്.
◾ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'ഒരു ദുരൂഹ സാഹചര്യത്തില്‍' വിഷു ദിനത്തില്‍ തിയേറ്ററുകളില്‍ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. റേഡിയോയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, രാജേഷ് മാധവന്‍, ഷാഹി കബീര്‍, പി.പി. കുഞ്ഞികൃഷ്ണന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട1 എക്സ്+ 5.2 കിലോവാട്ട്അവര്‍ എന്ന പേരിലുള്ള സ്‌കൂട്ടറിന് തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍ ആണ് കരുത്തുപകരുന്നത്. 1,29,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ്. 11 കിലോവാട്ട് മിഡ്-ഡ്രൈവ് മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ഒലയുടെ സ്വന്തം സെല്‍ സാങ്കേതികവിദ്യയുമായാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.
◾ ദക്ഷിണേന്ത്യയിലെ മുസ്ലിം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്താഖ് അത്യന്തം സൂക്ഷ്മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്‌കരിക്കുന്നു. കന്നഡയില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘര്‍ഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ വര്‍ഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. 'ഹാര്‍ട്ട് ലാംപ്'. വിവര്‍ത്തനം - സുധാകരന്‍ രാമന്തളി. ഡിസി ബുക്സ്. വില 284 രൂപ.
◾ രാത്രി പല്ലു തേക്കാത്തവരില്‍ ഹൃദയാഘാത സാധ്യത കൂടുമെന്ന് സമീപകാലത്ത് ജാപ്പാനില്‍ നടത്തിയൊരു പഠനത്തില്‍ പറയുന്നു. രാത്രിയില്‍ നമ്മുടെ വായില്‍ ഉണ്ടാകുന്ന ബാക്ടീരിയകള്‍ ഹൃദയത്തിലെത്തുകയും അത് വീക്കം ഉണ്ടാക്കുകയും അതിലൂടെ ഹൃദയാഘാത സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. രാത്രിയില്‍ വായിലെ ഉമിനീര്‍ സ്രവണം കുറയുകയും വായ വരണ്ടതാവുകയും ചെയ്യുന്നു. ഇത് ബാക്ടീരിയ പെരുകാന്‍ കാരണമാകുന്നു. മോണയില്‍ രക്തസ്രാവമുള്ളവരോ പീരിയോണ്ടല്‍ രോഗമുള്ളവരോ ആയവരില്‍, ഈ ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലേക്ക് കടക്കാം. ഇത് വിട്ടുമാറാത്ത വീക്കം അല്ലെങ്കില്‍ എന്‍ഡോകാര്‍ഡിറ്റിസ് (ഹൃദയത്തിന്റെ ആന്തരിക പാളിയിലെ അണുബാധ) പോലുള്ള ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകും. പല്ല് തേച്ചതിനു ശേഷം വായുടെ ശുചിത്വം പാലിക്കാത്ത ആളുകള്‍ക്ക് ബാക്ടീരിയ (രക്തത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെ പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് ഈ ബാക്ടീരിയയുടെ പങ്ക് കുറയ്ക്കുമെങ്കിലും രാത്രി പല്ലുകള്‍ ബ്രഷ് ചെയ്യുന്നത് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. രാത്രി ബ്രഷ് ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഭക്ഷണ കണികകള്‍, പഞ്ചസാര, ബാക്ടീരിയ പോലുള്ളവ വായില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ അവശേഷിക്കും. ഇത് ഇത് മോണയിലെ അണുബാധയ്ക്കോ നിലവിലുള്ള ദന്ത പ്രശ്നങ്ങള്‍ വഷളാകുന്നതിനോ കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.17, പൗണ്ട് - 126.15, യൂറോ - 109.84, സ്വിസ് ഫ്രാങ്ക് - 119.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.15, ബഹറിന്‍ ദിനാര്‍ - 246.85, കുവൈത്ത് ദിനാര്‍ -301.43, ഒമാനി റിയാല്‍ - 242.27, സൗദി റിയാല്‍ - 24.82, യു.എ.ഇ ദിര്‍ഹം - 25.76, ഖത്തര്‍ റിയാല്‍ - 25.55, കനേഡിയന്‍ ഡോളര്‍ - 67.67.
0 Comments