◾ തങ്ങളുടെ ചില ആയുധങ്ങള്‍ വിട്ടുതരാമെന്ന് ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ആറു മാസത്തിനു ശേഷമാണ് ഹമാസ് ആയുധങ്ങള്‍ കൈമാറാന്‍ തയാറാകുന്നത്. തങ്ങളുടെ സേനയുടെ പക്കലുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളുമാണു കൈമാറുക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' എന്ന അന്താരാഷ്ട്ര സംഘടനയുടെ കീഴില്‍ ഗാസയുടെ ഭരണം നടത്താന്‍ രൂപീകരിച്ച പലസ്തീന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കായിരിക്കും കൈമാറുക.
◾ ഒമാന്‍ കടലില്‍ യു.എസ്. യുദ്ധക്കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ ചരക്കുകപ്പല്‍ യു.എസ്. സേന പിടിച്ചെടുത്തതിന് തിരിച്ചടിയായാണ് ഇറാന്റെ ആക്രമണം.
◾ ജമ്മു കശ്മീരിലെ ഉധംപുരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.
◾ വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലെത്തി. ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറില്‍ ചേരും. ഇരു രാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളില്‍ നടപടിയുണ്ടാകും. ഓപ്പറേഷന്‍ നുംഖൂറിലൂടെ കേരളത്തില്‍ നിന്ന് മാത്രം അമ്പതിലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
◾ വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍പോയി വിള്ളലുണ്ടായെന്ന് ആരോപിക്കപ്പെട്ട ഭാഗം ക്രാക്കോ വിള്ളലോ അല്ലെന്നും നര്‍മാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണെന്നും സ്ഥലം പരിശോധിച്ച റവന്യൂമന്ത്രി കെ. രാജന്‍. താപനിലയിലുണ്ടാകുന്ന വ്യത്യാസംമൂലമാണു ഷ്രിങ്കേജ് ഉണ്ടായതെന്നാണ് ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ അറിയിച്ചത്. അത് സ്ട്രക്ചറല്‍ ക്രാക്ക് അല്ല. എന്നാല്‍ രണ്ടു വീടുകളില്‍ വെള്ളം കിനിയുന്നത് കണ്ടെത്തിയെന്നും മന്ത്രി കെ രാജന്‍. കൂലിപ്പണിക്കാരന്‍ എന്ന വിളി അഭിമാനത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
◾ ശസ്ത്രക്രിയ പിഴവു തടയാന്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് രോഗിയുടെ കൈയില്‍ ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
◾ മന്ത്രി വീണ ജോര്‍ജിനെതിരേ കരിങ്കൊടി കാണിച്ചതിനുള്ള വേട്ടയാടലാണു തനിക്കെതിരായ ലൈംഗിക അതിക്രമ കേസെന്ന് കെ എസ് യു കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ എം സി അതുല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുല്‍ പറഞ്ഞു.
◾ ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു.
◾ കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്. എന്നാല്‍ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്നും പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
◾ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും പി.വി. അന്‍വര്‍. എറണാകുളം കളമശ്ശേരി സീ പാര്‍ക്ക് ഹോട്ടലില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ഫേസ് ബുക്കിലൂടെയാണു പ്രഖ്യാപനം.
◾ വാല്‍പ്പാറ അപകടത്തില്‍ ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിനു കാരണമാകാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് തകരാര്‍ കണ്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
◾ പുറംകടലില്‍ മത്സ്യബന്ധന ബോട്ടു മുങ്ങിയ സംഭവത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് കസ്റ്റഡിയിലായ എംവി സോളിസ് കപ്പലില്‍ അടിയന്തരമായി 1000 ലിറ്റര്‍ ഇന്ധനം നിറച്ചു. ഇന്ധനം തീരാറായെന്നുള്ള സന്ദേശം കപ്പല്‍ ക്യാപ്റ്റന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന് അയച്ചിരുന്നു. മാര്‍ച്ച് ഏഴിന് കപ്പല്‍ ഇടിച്ചു കയറിയ മത്സ്യബന്ധന ബോട്ടിലെ 11 പേര്‍ കടലിലേക്കു വീണു, കൊല്‍ക്കത്ത സ്വദേശികളായ രണ്ടുപേരെ കാണാതായി എന്നാണ് കപ്പലിനെതിരായ കേസ്.
◾ കോട്ടയ്ക്കലിലും വിഷു ആശംസ പോസ്റ്റര്‍ വിവാദം. ശ്രീകൃഷ്ണനു മുന്നില്‍ മന്തിയും ചിക്കനും വിളമ്പിയ പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കോട്ടയ്ക്കലിലെ അറേബ്യന്‍ മജ്‌ലിസ്, റെയ്ദാന്‍ എന്നീ മന്തിക്കടകള്‍ക്കെതിരേ കേസെടുത്തു.
◾ തോട്ടപ്പള്ളിയില്‍ പിന്തുടര്‍ന്നു വന്ന പൊലീസ് വാഹനം ഇടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
◾ വിഖ്യാതമായ തൃശൂര്‍ പൂരത്തിനു കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളുമായി എത്തുന്ന എട്ടു ക്ഷേത്രങ്ങളിലുമാണു കൊടിയേറിയത്. 26 നാണു തൃശൂര്‍ പൂരം. 24 നു വൈകുന്നേരം സാമ്പിള്‍ വെടിക്കെട്ട്.
◾ തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ചതു ശംഖ് വരയന്റെ കടിയേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. ഇതേസമയം, വീട്ടില്‍ വീണ്ടും ഒരു പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്‍ കുഞ്ഞിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. പാമ്പുകടിയേറ്റ സഹോദരന്‍ ഇപ്പോഴും ചികിത്സയിലാണ്.
◾ കോഴിക്കോട് വടകര തിരുവള്ളൂരില്‍ ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.
◾ പാലക്കാട് വടകരപ്പതിയില്‍ അനന്തിരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. മദ്യലഹരിയില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) പൊലീസ് പിടികൂടി.
◾ എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംങ് പാന്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാലം സ്വദേശി 40 വയസുള്ള ആല്‍ ജൂഡാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സിനോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിനോഷിന്റെ വീട്ടില്‍ രാത്രി ഇരുവരും മദ്യപിച്ചിരുന്നു.
◾ തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുടെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ഹാരിസിന്റെ വീട്ടിലടക്കം 17 കേന്ദ്രങ്ങളില്‍ പരിശോധന.
◾ 24 പേര്‍ കൊല്ലപ്പെട്ട വിരുദുനഗര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റില്‍. പടക്കനിര്‍മാണശാല ഉടമകളുടെ ബന്ധുക്കളാണ് അറസ്റ്റില്‍ ആയത്. ഫാക്ടറി ഉടമ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്കം എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താന്‍ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.
◾ സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്തതിന് അറസ്റ്റിലായ ബിസിനസുകാരനെതിരേ കൂടുതല്‍ തെളിവുകള്‍. ബെംഗളൂരുവിലെ ബിസിനസുകാരനായ കൃപലാനിയാണ് (51) അറസ്റ്റിലായത്. ജി.എസ്.ടി., കസ്റ്റംസ് അടക്കം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അന്‍പതോളം സ്ത്രീകളാണ് കെണിയില്‍പ്പെട്ടത്.
◾ റെയില്‍വേ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ ഉപയോഗശൂന്യമായ ആസ്തികള്‍ വിറ്റ് 6,813.86 കോടി രൂപ വരുമാനമുണ്ടാക്കി. 2024- 25 ല്‍ 6,641.78 കോടി രൂപയുടെ സ്‌ക്രാപ്പ് വില്‍പ്പനയാണ് നടത്തിയത്.
◾ മധ്യപ്രദേശില്‍ റീല്‍സിനായി ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ലോറിക്ക് പിറകിലിടിച്ച് സഹോദരങ്ങളായ മൂന്നു യുവാക്കള്‍ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ചിലാണ് സംഭവം. ഉപലാക്ഷ് കോള്‍, അമ്രീഷ് കോള്‍, ഹേമരാജ് കോള്‍ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
◾ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് സാങ്കേതിക തകരാറുണ്ടായതോടെ വിമാനം ആകാശത്ത് ചുറ്റിപ്പറന്നത് നാലുമണിക്കൂറോളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തില്‍നിന്ന് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കര്‍ണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.
◾ അവിഹിത ബന്ധം സംശയിച്ചു ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ നാല്‍പത്തിരണ്ടുകാരി സ്വാതി സാവന്ത് അറസ്റ്റിലായി. ഇവരുടെ ഭര്‍ത്താവും ബിജെപി നേതാവുമായ അഭിഭാഷകന്‍ സഞ്ജയ് സാവന്തിനെ കുറ്റകൃത്യം മറച്ചുവച്ചതിന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പൂനം ദിനേഷ് മന്നിനെ (32) സ്വാതിക്കൊപ്പം മര്‍ദിച്ച കൗമാരക്കാരിയായ മകളെയും കസ്റ്റഡിയിലെടുത്തു.
◾ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച നാല്‍പതിനായിരം രൂപ വിലയുള്ള ഐപിഎല്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ നടിയും മോഡലും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ കല്ലാപ്പുവിന്റെ കൈയിലെത്തിയതിനെച്ചൊല്ലി വിവാദം. വിഐപി ടിക്കറ്റുകളുടെ ചിത്രം നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
◾ യുഎസിലെ ലൂസിയാനയിലെ ശ്രീവ്‌പോര്‍ട്ടില്‍ വെടിവയ്പില്‍ എട്ടു കുട്ടികള്‍ കൊല്ലപ്പട്ടു. ഒന്നിനും പതിന്നാലിനുമിടയില്‍ പ്രായമുള്ളവരാണു മരിച്ചത്. അക്രമിയായ ഷമര്‍ എല്‍ക്കിന്‍സിനെ പൊലീസ് വധിച്ചു. മരിച്ചവരില്‍ 7പേര്‍ ഷമര്‍ എല്‍ക്കിന്‍സിന്റെ മക്കളാണ്. മറ്റൊരാള്‍ ബന്ധുവാണ്. കുടുംബവഴക്കിനെത്തുടര്‍ന്നാണു വെടിവയ്പുണ്ടായത്.
◾ പുത്തന്‍ മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. വലിയൊരു പ്രദേശത്തെ ഒന്നാകെ ചാമ്പലാക്കാന്‍ ശേഷിയുള്ള 'ക്ലസ്റ്റര്‍ ബോംബുകള്‍' ഘടിപ്പിച്ച അത്യാധുനിക ടാക്റ്റിക്കല്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു.
◾ സൂര്യന്റെ തൊട്ടരികില്‍ എത്തിയ അപൂര്‍വ 'സണ്‍ഗ്രേസര്‍' ധൂമകേതു മാപ്സ് പൂര്‍ണമായി ശിഥിലമായി. സൂര്യന്റെ അതീവ ചൂടും ഗുരുത്വാകര്‍ഷണ ശക്തിയും താങ്ങാനാകാതെ ഈ ധൂമകേതു ഉരുകിയും കത്തിക്കരിഞ്ഞും നശിച്ചെന്നാണ് നാസയുടെ നിരീക്ഷണം.
◾ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് തസ്തികകളില്‍ സ്വദേശിവത്കരണം 60 ശതമാനമാക്കി ഉയര്‍ത്തി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമായ ഈ നിയമപ്രകാരം, സ്വദേശി ജീവനക്കാര്‍ക്ക് കുറഞ്ഞത് 5,500 റിയാല്‍ ശമ്പളം നല്‍കണം.
◾ സ്വര്‍ണപ്പണയ വായ്പയെടുത്തവരില്‍ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, വലിയ തുക വായ്പ എടുക്കുന്നവരിലും ഒന്നിലധികം വായ്പകള്‍ ഒരേസമയം കൈകാര്യം ചെയ്യുന്നവരിലുമാണ് കുടിശ്ശിക കൂടുതലുള്ളത്. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശികയുള്ള വായ്പക്കാരില്‍ 1.5% ആണ് കുടിശ്ശിക നിരക്ക്. കുറഞ്ഞ തുക വായ്പ എടുത്തവരേക്കാള്‍ 2.2 മടങ്ങ് കൂടുതലാണിത്. അഞ്ചിലധികം വായ്പകള്‍ എടുത്ത വായ്പക്കാരില്‍ കുടിശ്ശിക നിരക്ക് 1.9% ആയി ഉയര്‍ന്നു. 2025-ന്റെ ആദ്യ പകുതിയില്‍ ആരംഭിച്ച വായ്പകളുടെ ശരാശരി കുടിശ്ശിക നിരക്ക് 1.1% ആണ്. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശ്ശികയുള്ള വായ്പക്കാരില്‍ 46 ശതമാനം പേര്‍ക്കും അഞ്ചിലധികം വായ്പകളുണ്ട്. വായ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയെ ആണിത് സൂചിപ്പിക്കുന്നത്.
◾ ബിസിനസ് ചാറ്റുകള്‍ സംഘടിപ്പിക്കുന്നതിനുള്ള 'ഓട്ടോ-ഓര്‍ഗനൈസ് ബിസിനസ് ചാറ്റ്' എന്ന ഒരു പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. നിലവില്‍, ഉപയോക്താക്കള്‍ അവരുടെ ബിസിനസ് അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ സാധാരണ ചാറ്റ് ലിസ്റ്റില്‍ കാണുന്നു. എന്നിരുന്നാലും, ബിസിനസ് സന്ദേശങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍, പ്രസക്തമായ ചാറ്റുകള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, പ്രധാന ചാറ്റ് ലിസ്റ്റില്‍ ഏതൊക്കെ ബിസിനസ് ചാറ്റുകള്‍ തുടരണമെന്നും ഏതൊക്കെ വേണ്ടെന്നും ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ബിസിനസ്സ് സന്ദേശങ്ങള്‍ ലഭിച്ച് 24 മണിക്കൂറിനുശേഷം പുതിയ ബിസിനസ് വിഭാഗത്തിലേക്ക് മാറ്റപ്പെടും. ഇത് ഒരു പ്രത്യേക ചാറ്റ് ലിസ്റ്റ് ആയിരിക്കാം. ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ക്കോ മൂന്നാം കക്ഷി ചാറ്റുകള്‍ക്കോ ഉള്ളതിന് സമാനമായ ഒരു പുതിയ ഇന്‍ബോക്സ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചേക്കാം. റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
◾ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ രണ്ടാം ഗാനം പുറത്ത്. 'സുര സുര താരാദീപം' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജുനൈദ് കുമാര്‍- ആഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകര്‍ന്നത് അര്‍ജുന്‍ വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മയാണ് ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത്. ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളില്‍ എത്തുക. നായകന്‍ വിരാട് കര്‍ണ്ണയുടെ മികച്ച നൃത്തച്ചുവടുകളുമായി പുറത്തു വന്നിരിക്കുന്ന 'സുര സുര' ഗാനം വമ്പന്‍ കാന്‍വാസില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികമാരായ നഭാ നടേഷ്, ഐശ്വര്യ മേനോന്‍ എന്നിവരും ഗാനരംഗത്തിന്റെ ഭാഗമാണ്. ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾ മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത 'വാഴ 2'. ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട ചിത്രം ഇപ്പോള്‍ 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സവിന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പല തിയറ്ററുകളിലും ഹൗസ് ഫുള്ളായി തുടരുകയാണ്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമക്ക് 200 കോടി കളക്ഷന്‍ കിട്ടുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, അമീന്‍ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ അണി നിരന്ന ചിത്രത്തില്‍ സുധീഷ്, ബിജുക്കുട്ടന്‍, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഹ്യൂമറും ഇമോഷനും എല്ലാം ചേര്‍ന്ന മികച്ചൊരു എന്റര്‍ടെയ്നര്‍ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ പുതുക്കിയ ഫാസിനോ 125 എഫ്‌ഐ ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് സ്‌കൂട്ടറിന് കൂടുതല്‍ ഒതുക്കമുള്ള ലുക്ക് നല്‍കുന്നു. ടോപ് വേരിയന്റ് ആയ ഫാസിനോ എസ് മാറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. പിന്നില്‍ ചെറിയ ടെയില്‍ലൈറ്റും പ്രത്യേകമായുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്. 8 ബിഎച്ച്പി കരുത്തും 10.3എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 125സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിനും കരുത്ത് പകരുന്നത്. സ്‌കൂട്ടര്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഫാസിനോ എസിന് 95,200 രൂപയാണ് വില. ഫാസിനോ ഡിസ്‌ക് വേരിയന്റിന് 88,000 രൂപ, ഫാസിനോ ഡ്രമ്മിന് 76,500 എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്.
◾ ആ നനുത്ത ഓര്‍മ്മകള്‍ ഇപ്പോഴും ഒരു നേര്‍ത്ത വിങ്ങലായി നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍, ഈ നോവല്‍ നിങ്ങള്‍ക്കുള്ളതാണ്. ഒരു നൂറുവര്‍ഷം ജീവനോടെ ഇരുന്നാലും അവളെയോര്‍മിക്കുമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ളത്. ഈ കഥ പ്രണയത്തെക്കുറിച്ചാണ്... ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ജീവിതത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ ആദിത്യന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്... സ്ഥിരം വായിക്കുന്ന ക്ലീഷേ പ്രണയമല്ല... ഇത് അവളുടെ കഥയാണ്. വിഷുവിന്റെ... അവളുടെ പോരാട്ടത്തിന്റെ... അവളനുഭവിച്ച ഭീകരമായ വേദനയുടെ... സഹനങ്ങളുടെ... സ്വപ്നങ്ങളുടെ കഥ. പ്രൊഫണല്‍ നേട്ടങ്ങള്‍കൊണ്ട് ജീവിതത്തെ അളന്ന, മരുന്നുകള്‍കൊണ്ട് ജീവനെ നിയന്ത്രിക്കാമെന്ന് വിശ്വസിച്ച ആദിത്യന് ജീവിതയാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരുതലം പറഞ്ഞുകൊടുത്ത കഥ. ഒരിക്കലും അവസാനിക്കാത്ത ആദിത്യന്റെ 'വിഷു'ക്കാലം. 'വിഷു എന്ന പെണ്‍കുട്ടി'. രജത് ആര്‍. ഡിസി ബുക്സ്. വില 269 രൂപ.
◾ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായി കാണാറുള്ള ബാക്ടീരിയല്‍ അണുബാധയാണ് മൂത്രനാളി അണുബാധ അഥവാ യൂറിനറി ഇന്‍ഫക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൂത്രനാളി അണുബാധ കൂടുതലും കണ്ടുവരുന്നത്. യൂറിനറി ഇന്‍ഫക്ഷന്‍ ചികിത്സിക്കാതെ പോകുന്നത് രക്തപ്രവാഹത്തിലേക്ക് വ്യാപിക്കാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും കാരണമാകും. ജലാംശം കുറയുന്നത്, മൂത്രമൊഴിക്കാന്‍ വൈകുന്നത്, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കും. ഇ.കോളി പോലുള്ള ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിച്ച് പെരുകുമ്പോഴാണ് യൂറിനറി ഇന്‍ഫക്ഷന്‍ വികസിക്കുന്നത്. അണുബാധ തടയുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളില്‍ ഒന്ന് നന്നായി വെള്ളം കുടിക്കുകയെന്നതാണ്. ഒരു ദിവസം 2-3 ലിറ്റര്‍ വെള്ളം കുടിക്കുന്നത് മൂത്രവ്യവസ്ഥയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും. ജാമ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വര്‍ധിച്ച ജല ഉപഭോഗം സ്ത്രീകളില്‍ ആവര്‍ത്തിച്ചുള്ള യുടിഐകളെ ഗണ്യമായി കുറയ്ക്കുമെന്ന് വിശദീകരിക്കുന്നു. മൂത്രമൊഴിക്കുമ്പോള്‍ ഇടയ്ക്കിടെയുള്ള വേദന, അടിവയറ്റിലെ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഇത് അണുബാധ പ്രോസ്റ്റേറ്റിലേക്കോ വൃക്കകളിലേക്കോ പടരാന്‍ ഇടയാക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 93.02, പൗണ്ട് - 125.68, യൂറോ - 109.45, സ്വിസ് ഫ്രാങ്ക് - 118.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.53, ബഹറിന്‍ ദിനാര്‍ - 246.60, കുവൈത്ത് ദിനാര്‍ -301.68, ഒമാനി റിയാല്‍ - 241.98, സൗദി റിയാല്‍ - 24.66, യു.എ.ഇ ദിര്‍ഹം - 24.80, ഖത്തര്‍ റിയാല്‍ - 25.44, കനേഡിയന്‍ ഡോളര്‍ - 67.96.
0 Comments