LATEST

6/recent/ticker-posts

സായാഹ്ന വാര്‍ത്തകൾ2026 | മേയ് 6, ബുധന്‍1201 | മേടം 23, മൂലം➖➖➖➖➖➖➖➖


◾ തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍. നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്.  

◾ പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.

◾ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും. തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും.

◾ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

◾ കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ കേരളത്തിലെത്തുന്ന നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്കു കണ്ടു സംസാരിക്കണമെന്നു വി.ഡി. സതീശന്‍ പക്ഷം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കൂടിക്കാഴ്ചയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യം. ജനവികാരം സതീശനൊപ്പമാണെങ്കിലും എഐസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ എംഎല്‍എമാര്‍ മനസു തുറക്കില്ലെന്നാണു സതീശന്‍ പക്ഷത്തിന്റെ ആശങ്ക.

◾ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും രാഹുല്‍ ഗാന്ധിയെയും കണ്ടു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് എടുക്കും. സമൂഹമാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. എം.എല്‍.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. താന്‍ ഹാപ്പി ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾ കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിനു വിരോധമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനങ്ങള്‍ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തു. ഇതു ജനാധിപത്യത്തിന്റെ വിജയമാണ്.് യുഡിഎഫിന്റെ മിടുക്കല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

◾ കെസി വേണുഗോപാല്‍ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോണ്‍ഗ്രസ് വിജയത്തിന്റെ ശില്‍പ്പിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്‍ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിന്റെ ഒത്താശ ഉണ്ടെന്നും, രമേശ് ചെന്നിത്തല ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

◾ കായംകുളത്ത് വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ എസ്എന്‍ഡിപി വോട്ടു ചോര്‍ന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. പാര്‍ട്ടി വോട്ടും കുറഞ്ഞു. പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറഞ്ഞു.

◾ പ്രതിഭ തോറ്റപ്പോള്‍ അസംബന്ധം പറയുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തുവെന്നും നാസര്‍ അഭിപ്രായപ്പെട്ടു.

◾ തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ നേതാക്കള്‍ക്ക് കത്ത് പ്രവാഹം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അതിനു കാരണമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇ മെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്.

◾ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്കു കാരണം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓരോ മണ്ഡലത്തിലേയും വിവരങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

◾ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.കെ. രമ. രക്തസാക്ഷി ഗ്രാമങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്തു. അരിവാള്‍ ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്തവര്‍ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. പിണറായി വിരുദ്ധ വികാരമാണിത്. രമ പറഞ്ഞു.

◾ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 100 യുഡിഎഫുകാര്‍ക്കും 80 സിപിഎം കാര്‍ക്കുമെതിരെ കേസ്. റോഡ് ബ്ലോക്കാക്കിയതിനെ ചെല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.

◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വി ഏകാധിപതിയായ പിണറായി വിജയനെതിരായ വിധിയെഴുത്താണെന്ന് മുന്‍ എംപിയും ഇടതു സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്കു ചേര്‍ന്നതല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി.

◾ തളിപ്പറമ്പിലെ നിയുക്ത യുഡിഎഫ് എംഎല്‍എ ടി കെ ഗോവിന്ദന്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് കോടിയേരിയുടെ വീട്ടിലെത്തിയത്.

◾ കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുന്‍കൂട്ടികണ്ടു പ്രവചിച്ച വിജയമാണിതെന്ന് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ജനങ്ങളുടെ പള്‍സ് അറിയാം. യുഡിഎഫ് കേരളം ഭരിക്കും. മുഖ്യമന്ത്രിക്കാര്യത്തില്‍ ഉടനേ തീരുമാനമുണ്ടാകുമെന്നും സുധാകരന്‍.

◾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിമര്‍ശിച്ചും കെ സി വേണുഗോപാലിന് പിന്തുണച്ചും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്നവര്‍ ഒരാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കരുതെന്നും 'ഞാന്‍ മാത്രം' എന്ന രീതി ഒരിക്കലും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നും ദീപ്തി മേരി കുറിച്ചു.

◾ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. 'നന്ദി സഖാവേ, കേരളത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തു മുന്നില്‍ നിന്നു നയിച്ചതിന്' എന്നാണു സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.

◾ പറവൂര്‍ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ തുടര്‍ നടപടികള്‍ തത്ക്കാലം നീട്ടിവയ്ക്കണമെന്നു കേരളാ ഹൈക്കോടതി. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടു മാസം ശേഷിക്കെയാണ് സമിതിയെ പിരിച്ചുവിട്ടത്.

◾ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമ്മല സാഫല്യത്തില്‍ എസ്. മധു(47) ആണ് മരിച്ചത്. വഴുതയ്ക്കാട് ട്രാന്‍സ്പോര്‍ട് കമ്മീഷണറേറ്റിലെ ജീവനക്കാരനായിരുന്നു.

◾ സ്‌കൂട്ടറില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കബളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കല്ലായി മുഖദാര്‍ സ്വദേശി അറക്കത്തൊടിക വീട്ടില്‍ അജ്മല്‍ ബിലാലിനെ (24്) ആണ് ചെമ്മങ്ങാട് പോലീസ പിടികൂടിയത്. സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ ഇളകുന്നുണ്ടെന്നും നന്നാക്കാന്‍ വര്‍ക്ക് ഷോപ്പ് കാണിച്ചു തരാമെന്നും പറഞ്ഞാണ് കബളിപ്പിച്ചാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

◾ തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ അണലി. ഉടന്‍തന്നെ പരുത്തിപള്ളിയിലെ ആര്‍ ആര്‍ ടി ടീമെത്തി അണലി കുഞ്ഞിനെ പിടികൂടി.

◾ മൂവാറ്റുപുഴയിലെ കാര്‍ ഷോറൂമിന്റെ പഞ്ചിങ് ബോക്സില്‍ മലമ്പാമ്പ്. ഭയന്ന ജീവനക്കാര്‍ റെസ്‌ക്യൂ ടീമിനെ അറിയിച്ചു. പാമ്പിനെ നീക്കിയ ശേഷമാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

◾ തമിഴ്നാട്ടില്‍ വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചെന്നൈയിലെത്തി. അതേസമയം 108 അംഗങ്ങളുള്ള വിജയിന്റെ ടിവികെയ്ക്കു ഭൂരിപക്ഷത്തിന് പത്തുപേരുടെകൂടി പിന്തുണ വേണം. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണയ്ക്കു പുറമേ, രണ്ട് എംഎല്‍എമാര്‍ വീതമുള്ള സിപിഐയോടും സിപിഎമ്മിനോടും വിജയ് പിന്തുണ തേടി. ആറു പതിറ്റാണ്ടിനിടെ ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്തുകൊണ്ടാണു ടിവികെയുടെ വിജയം.

◾ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയെ പിന്തുണയ്ക്കണമെന്ന് 35 എഐഎഡിഎംകെ എംഎല്‍എമാര്‍. 47 എംഎല്‍എമാരാണു എഐഎഡിഎംകെ യ്ക്കുള്ളത്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ മുതിര്‍ന്ന നേതാവ് സി.വി ഷണ്‍മുഖം എംപിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു.

◾ തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാകുന്ന വിജയിനെ ആദ്യ ഘട്ടത്തില്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടുമായി ഡിഎംകെ. വിശ്വാസവോട്ടില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കും. ബിജെപിയെ എതിര്‍ത്ത് അധികാരത്തിലേക്കു ചുവടുവച്ച വിജയിനെ എതിര്‍ക്കേണ്ടെന്നാണ് പൊതുവികാരം.

◾ തമിഴ്നാട്ടില്‍ മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഡിഎംകെയുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.

◾ പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം മറികടക്കാന്‍ ബൃഹത്തായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 18,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം 5.0' വഴി അധിക വായ്പാ സൗകര്യം ലഭ്യമാക്കും.

◾ മിശ്രവിവാഹിതരാകുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന സമ്പ്രദായം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നം പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ജന്മംകൊണ്ടു ലഭിക്കുന്നതാണെന്നും വിവാഹം കഴിച്ചതുകൊണ്ട് ഇല്ലാതാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച്.

◾ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ബാഗല്‍കോട്ട്, ദാവന്‍ഗെരെ സൗത്ത് എന്നീ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് നിലനിര്‍ത്തി.

◾ മൂന്നാം ദിവസവും തുടര്‍ച്ചയായി വോട്ട് മോഷണ ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. ചിലസമയത്ത് സീറ്റുകള്‍ മോഷ്ടിക്കും, ചിലപ്പോള്‍ ഗവണ്‍മെന്റിനെതന്നെ മോഷ്ടിക്കുമെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 140 സീറ്റില്‍ പോലും വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

◾ മുംബൈ തീരത്ത് മൂന്നു മാസത്തോളം കപ്പലുകളില്‍ കുടുങ്ങിയ 50 ഇന്ത്യന്‍ നാവികര്‍ക്ക് ഒടുവില്‍ മോചനം. ഭക്ഷണവും വെള്ളവും ഇല്ലാതെ മാസങ്ങളോളം പട്ടിണിയും ദാഹവും അനുഭവിച്ച നാവികരെ മുംബൈ ഹൈക്കോടതി ഇടപെട്ടാണ് മോചനമായത്. കപ്പല്‍ ഉടമസ്ഥര്‍ ഭക്ഷണവും വെള്ളവും എത്തിക്കാതായതോടെ പട്ടിണിയായ ഇവര്‍ക്കു സമീപത്തു കൂടി പോയ മത്സ്യബന്ധന തൊഴിലാളികള്‍ നല്‍കിയ അരിയും പരിപ്പുമാണ് ആശ്വാസമായത്.

◾ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് തുടങ്ങിയ സൈനിക നടപടി 'ഓപ്പറേഷന്‍ പ്രോജക്ട് ഫ്രീഡം' താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ട്രംപ്. നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായതിനു പിന്നാലെയാണ് തീരുമാനം.

◾ എക്സോപ്ലാനറ്റ് ഗ്രഹങ്ങളുടെ അന്തരീക്ഷവും ഉപരിതലവും പഠിക്കാനായെന്നു ഗവേഷകര്‍. ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഭൂമിയില്‍ നിന്ന് 48.5 പ്രകാശവര്‍ഷം അകലെയുള്ളതും ഭൂമിയേക്കാള്‍ 30 ശതമാനം വലിപ്പം കൂടിയതുമായ എല്‍എച്ച്എസ് 3844 ബി എന്ന എക്സോപ്ലാനറ്റിനെക്കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.

◾ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ആഴ്സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി. ആദ്യ പകുതിയില്‍ ബുക്കായോ സാക്കയാണ് ആഴ്സണലിന്റെ വിജയഗോള്‍ നേടിയത്.

◾ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് നാലാം പാദ ഫലങ്ങളില്‍ 69.7 ശതമാനം ലാഭ വര്‍ധന നേടി. 2026 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം 405 കോടി രൂപയായി. ആസ്തി 22.4 ശതമാനം വര്‍ധിച്ച് 63.798 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സ്വര്‍ണ വായ്പാ ആസ്തി 50,953 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.1 ശതമാനം കൂടുതല്‍. നാലാം പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് 13 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.7ശതമാനം വര്‍ധിച്ച് 2,614കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അത് 2,361 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 203 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

◾ ചിപ്പ് നിര്‍മാണത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ ആപ്പിള്‍. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്‍, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് എന്നിവരുമായി ആപ്പിള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐഫോണുകളിലും മാക്കുകളിലും ഉപയോഗിക്കുന്ന അത്യാധുനിക 3-നാനോമീറ്റര്‍ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നത് തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും എ.ഐ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മാക് കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡും ചിപ്പ് വിതരണത്തില്‍ വലിയ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ഇന്റലുമായി സഹകരിക്കുന്നത് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിച്ചേക്കാം. തായ്വാനും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്.

◾ മിലിട്ടറിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത എടിവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. ഥാര്‍ റോക്സ് അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിരിക്കുന്ന വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ വാഹനത്തിന്റെ ചിത്രം പുറത്തുവിട്ടത്. റഫ് ആന്‍ഡ് ടഫ് രൂപമാണ് മഹീന്ദ്ര എടിവിക്ക്. ഭാരം കുറയ്ക്കുന്നതിനായി ഡോറുകളും റൂഫും അടക്കമുള്ള ഘടകങ്ങള്‍ എടുത്തു മാറ്റിയിരിക്കുന്നു. ഡോറുകള്‍ക്ക് പകരം എടിവി സ്റ്റൈല്‍ ഹാഫ് ഡോറുകളാണ്. വാഹനത്തിന് കൂടുതല്‍ ഉറപ്പ് നല്‍കാന്‍ റോള്‍ കേജ്, സ്റ്റീല്‍ റിമ്മുകള്‍, ഓഫ്-റോഡ്-സ്പെക്ക് ടയറുകള്‍, വിന്‍ഡ്ഷീല്‍ഡ് പ്രൊട്ടക്ടറുകള്‍, ജെറികാനുകളും ഹോള്‍ഡറുകളും ഒന്നിലധികം ഓക്സിലറി ലൈറ്റുകളുമുണ്ട്. മഹീന്ദ്രയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലും പ്രൊജക്റ്റര്‍ എല്‍ഇഡി ഹെഡാലാംപുകളും എല്‍ഇഡി ഡിആര്‍എല്ലുമുണ്ട്. നാലുപേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനത്തിന്റെ എന്‍ജിന്‍ സ്പെക്ക് മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. ഥാര്‍ റോക്സിന്റെ സിവിലിയന്‍ മോഡലില്‍ 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.

◾ എം ലീലാവതി ടീച്ചര്‍ 'മഹാകഥ' എന്ന് വിശേഷിപ്പിച്ച 'ഒരു റിപ്പബ്ലിക്കില്‍' എന്ന കഥയും മരുതം മുക്ക്, അധിപം, ഈ നമ്മളൊക്കെ, ചങ്ങായി വെല്ല്യച്ഛന്‍, ലൈക്ക്, വട്ടക്കൊമ്പുള്ള കാളകള്‍, ആവര്‍ത്തന രസികം, വേയ്സ്റ്റ് എന്നീ കഥകളുമടക്കം വി.എസ്. അനില്‍കുമാറിന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം. നന്മതിന്മകള്‍ അരങ്ങേറുന്ന ഒരിടം എന്ന നിലയില്‍ തന്റെ 'മരുതം മുക്കി'ല്‍ നിന്നുകൊണ്ട് ചുറ്റുമുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും സ്നേഹത്തെയും വിദ്വേഷത്തെയും മനുഷ്യബന്ധങ്ങളെയും വി.എസ്.അനില്‍കുമാര്‍ വാക്കുകളില്‍ നിര്‍മ്മിച്ചിരിക്കുന്നു. 'മരുതം മുക്ക്'. വി എസ് അനില്‍ കുമാര്‍. ജിവി ബുക്സ്. വില 161 രൂപ.

◾ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും കഞ്ഞിവെള്ളം മികച്ചതാണ്. അധികം മെനക്കെടാതെ കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചര്‍മത്തിലെ ടാന്‍ നീക്കാം. ചര്‍മത്തിലെ കരിവാളിപ്പ് അഥവാ ടാന്‍ ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. ചര്‍മത്തിന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.01, പൗണ്ട് - 129.12, യൂറോ - 111.53, സ്വിസ് ഫ്രാങ്ക് - 121.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.82, ബഹറിന്‍ ദിനാര്‍ - 251.80, കുവൈത്ത് ദിനാര്‍ -308.30, ഒമാനി റിയാല്‍ - 247.00, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 25.92, ഖത്തര്‍ റിയാല്‍ - 26.04, കനേഡിയന്‍ ഡോളര്‍ - 69.94.

Post a Comment

0 Comments