◾ കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ വൈകിട്ട് നാലുമണിക്ക്. ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുന്‍ഷിയും നിലപാടുകള്‍ നേതാക്കളെ അറിയിക്കും, രാഹുല്‍ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.
◾ കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തുമെന്നും പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
◾ മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ തെരുവിലെ കളി, പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനമാണെന്നും സംഘടന മര്യാദ പാലിക്കണമെന്നും തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.
◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് കാത്ത് മുസ്ലിം ലീഗ്. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരാനുള്ളതാണെന്ന് ഓര്‍ക്കണമെന്നും ജനത്തെ മാനിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും, ഹൈക്കമാന്‍ഡ് തീരുമാനം പുറത്ത് വന്ന ശേഷം നിലപാടെടുക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.
◾ കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് ഇമെയില്‍ പ്രവാഹമെന്ന് റിപ്പോര്‍ട്ട്. വയനാട്ടില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്.
◾ പാര്‍ട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും ആളെക്കൂട്ടി പ്രകടനം നടത്താന്‍ കഴിയുമായിരുന്നു എന്നും എന്നാല്‍ അതിന് മുതിര്‍ന്നില്ലെന്നും ചെന്നിത്തല പക്ഷം.
◾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കള്‍. പിന്മാറില്ലെന്ന സന്ദേശം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും അറിയിച്ചുവെന്നും ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ലെന്നും കെസി പക്ഷം.
◾ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്‍. ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം. അതില്‍ അസഹിഷ്ണുതയുടെ കാര്യമില്ല, ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാന്‍ ഈ നേതാവിന് എന്താണ് അധികാരമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.
◾ ജീവിതം കോണ്‍ഗ്രസിന് വേണ്ടി മാറ്റിവെച്ച നേതാക്കന്മാരെ പൊതുമധ്യത്തില്‍ അപമാനിക്കുന്ന ശൈലി കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ടി സിദ്ദിഖ്. വി ഡിയും കെസിയും ആര്‍സിയുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാന്‍ഡ് നടത്തുന്നതെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
◾ കേരള ഹൗസില്‍ വി ഡി സതീശന് സ്വീകരണം നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി എന്‍എസ്‌യുഐ. കെപിസിസി അധ്യക്ഷനെതിരെ ഭീഷണി മുഴക്കിയതില്‍ കര്‍ശന നടപടി ഉണ്ടാകും എന്ന് എന്‍എസ്‌യുഐ അധ്യക്ഷന്‍ വ്യക്തമാക്കി.
◾ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. ടിക്കറ്റ് മെഷീനില്‍ അപ്പ്ഡേഷന്‍ വന്നിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ വിശദീകരിച്ചു.
◾ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെകെ ശൈലജ. ഇനിയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വൈകിയാല്‍ ഇത് കടുത്ത അരാജകത്വത്തിലേക്ക് കേരളത്തെ നയിക്കുമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.
◾ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയന്‍ ഇന്ന് രാത്രി ഡല്‍ഹിയിലെത്തും.
◾ കേരളത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ വിലയിരുത്തലുമായി സിപിഐ നേതൃത്വം. സിപിഐ നയങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പാളിച്ച ഉണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തല്‍.
◾ ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ്, ഐപിഎസ് തലത്തിലെ മാറ്റത്തിലും സജീവ ചര്‍ച്ച. പിണറായി വിജയന്‍ സര്‍ക്കാരില്‍ പ്രധാന പദവിയിലിരുന്ന പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സ്ഥാന ചലനം ഉണ്ടാകുമെന്നാണ് വിവരം.
◾ യാത്രക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ല്‍ 3,49,24,955 പേരാണ് മെട്രോയില്‍ യാത്ര ചെയ്തതെങ്കില്‍, 2025ല്‍ ഇത് 3,64,12,974 ആയി ഉയര്‍ന്നു.
◾ തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തു തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് തുക നല്‍കുന്നത് അപേക്ഷ വൈകിയെന്ന കാരണത്താല്‍ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‍ തള്ളി.
◾ ഇ-ചെലാന്‍ അദാലത്തിലൂടെയും പിഴ അടയ്ക്കാന്‍ തയ്യാറാകാത്തവരുടെ വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.
◾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലിന്റെ പരാതി.
◾ നെടുംകണ്ടം ഇരട്ടകൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും തുടരും. 2018ല്‍ കാണാതായ സജിയുടെ അച്ഛന്‍ മാത്യുവിന്റെ തിരോധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന.
◾ പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്ര മോദി, അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.
◾ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി അടക്കമുള്ള നേതാക്കളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അണ്‍ഫോളോ ചെയ്ത് കൊല്‍ക്കത്ത പൊലീസ്.
◾ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ വിടുതലൈ ചിരുതൈകള്‍ കക്ഷി നിര്‍ണ്ണായക ശക്തിയായേക്കും. വിജയിന്റെ തമിഴക വെട്രി കഴകവും തോള്‍ തിരുമാവളവന്റെ വിടുതലൈ ചിരുതൈകള്‍ കക്ഷിയും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
◾ ബലിപെരുന്നാള്‍ അവധിക്കാലം പ്രമാണിച്ച് യുഎഇയില്‍ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു. ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനവും പെരുന്നാള്‍ അവധിയും ഒരേ സമയം വന്നത് യാത്രാ ആവശ്യം ഇരട്ടിയാക്കി.
◾ ഹാന്റ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് എം വി ഹോണ്ടിയസ് കപ്പലില്‍ നിന്നും യാത്ര അവസാനിപ്പിച്ചു ഇറങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍.
◾ ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ ഷിപ്പിലെ ക്രൂ മെമ്പര്‍ കൊല്ലപ്പെട്ടുവെന്ന് വിവരം. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷിപ്പില്‍ 18 അംഗ ക്രൂവാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
◾ റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് താല്‍ക്കാലിക വെടിനിര്‍ത്തലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയും സ്ഥിരീകരിച്ചു.
◾ ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയാകുന്നതായി റിപ്പോര്‍ട്ട്. ഇറാനുമായി വളരെ മികച്ച രീതിയില്‍ ചര്‍ച്ചകള്‍ നടന്നതായും ഒരു കരാറിലെത്താന്‍ വളരെയേറെ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
◾ സ്വകാര്യ ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ കൊട്ടക് മഹീന്ദ്ര ബാങ്കിന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 9.99 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. കൊട്ടക് ഫ്ലെക്സികാപ്പ് ഫണ്ടിന് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1.60 ശതമാനം പങ്കാളിത്തമാണുള്ളത്. കൂടാതെ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ലൈഫ്, ഇന്‍വെസ്‌കോ, ഡിഎസ്പി മിഡ്ക്യാപ്പ് എന്നീ ഫണ്ടുകള്‍ക്കും എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എയു സ്‌മോള്‍ ഫിനാന്‍സില്‍ നിക്ഷേപമുണ്ട്. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നാലാം പാദത്തില്‍ 832 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ദ്ധന. അറ്റ പലിശ വരുമാനം 2,582 കോടി രൂപയായാണ് വര്‍ധിച്ചത്. മൊത്തം നിക്ഷേപം 23 ശതമാനം വര്‍ദ്ധനവോടെ 1,52,661 കോടി രൂപയായും മൊത്തം വായ്പാ പോര്‍ട്ട്‌ഫോളിയോ 21 ശതമാനം വര്‍ദ്ധനവോടെ 1,40,327 കോടി രൂപയായും ഉയര്‍ന്നു.
◾ മനുഷ്യര്‍ക്ക് സമാനമായ രീതിയില്‍ 'സ്വപ്നം കാണാന്‍' സഹായിക്കുന്ന പുതിയ സവിശേഷതയുമായി ആന്ത്രോപിക്. തങ്ങളുടെ എഐ ചാറ്റ്ബോട്ടായ 'ക്ലോഡിലാണ്' ഈ സവിശേഷത ആന്ത്രോപിക് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ സാധാരണയായി ഉറക്കത്തിലൂടെ ഓര്‍മ്മകളെ ക്രമീകരിച്ച് അനാവശ്യമായ വിവരങ്ങള്‍ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് സമാനമാണ് ഈ പ്രത്യേകത. ഈ സവിശേഷത കൊണ്ട് ക്ലോഡ് മുന്‍കാലങ്ങളിലെ 100 സെഷനുകള്‍ വരെയുള്ള വിവരങ്ങളാണ് പരിശോധിച്ച് പഠിക്കുന്നത്. അതിന് ശേഷം പഴയ മെമ്മറിയിലെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വ്യക്തതയുളള ഒരു പുതിയ മെമ്മറി സ്റ്റോര്‍ സൃഷ്ടിക്കുന്നു. ഇതോടൊപ്പം 'ഔട്ട്കംസ്' എന്ന ഫീച്ചറും കമ്പനി പുറത്തിറക്കി. സ്വന്തം ജോലികള്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും തെറ്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവ തിരുത്തി വീണ്ടും ചെയ്യാനുമുളള അവസരം എഐ ഏജന്റിന് നല്‍കുന്നതാണ് ഈ പ്രത്യേകത.
◾ തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന് സംഗീതമൊരുക്കാന്‍ മലയാളി സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ്. നാനി നായകനായ 'ഹായ് നാനാ' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ശൗര്യവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ പീരിയഡ് ഡ്രാമയിലാണ് ഹിഷാം സംഗീതമൊരുക്കുന്നത്. കഴിഞ്ഞ മാസമാണ് വിജയ് ദേവരകൊണ്ട പുതിയ ചിത്രം പ്രഖ്യാപിച്ചത്. തെലുങ്കില്‍ ഇതിനോടകം ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഹിഷാം, വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. 'ഖുഷി' എന്ന വിജയ് ദേവരകൊണ്ട ചിത്രത്തിനാണ് ഇതിന് മുന്‍പ് ഹിഷാം സംഗീതമൊരുക്കിയത്.
◾ രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍ 2' സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കളക്ഷന്‍ 3000 കോടി കവിഞ്ഞു. ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. മെയ് 14 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ്ങിനെത്തുന്നു. 19 കോടിയ്ക്ക് പുറത്ത് ആണ് ധുരന്ധര്‍ 2 കേരളത്തില്‍ നിന്ന് നേടിയത്. ഒരു ബോളിവുഡ് ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. ചിത്രത്തിന്റെ ആദ്യ ഭാഗവും 1000 കോടി പിന്നിട്ടിരുന്നു. ഇതോടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന് ശേഷം ബോക്സ് ഓഫീസില്‍ തുര്‍ച്ചയായി 1000 കോടി നേടുന്ന നടന്‍ എന്ന നേട്ടമാണ് രണ്‍വീര്‍ സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ക്ക് 1000 കോടി എന്ന റെക്കോഡില്‍ ഇനി രണ്‍വീറിന്റെ പേരുമുണ്ട്.
◾ നെക്സോണിന് പുതിയ വേരിയന്റുമായി ടാറ്റ. പത്തു ലക്ഷം രൂപയ്ക്ക് പനോരമിക് സണ്‍റൂഫുള്ള ഇന്ത്യയിലെ ഏക മോഡല്‍ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. പ്യുവര്‍ പ്ലസ് പിഎസ് എന്ന മോഡലിന്റെ പെട്രോള്‍ മാനുവലിന് 9.59 ലക്ഷം രൂപയും, എഎംടിക്ക് 10.14 ലക്ഷം രൂപയും, ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജിക്ക് 10.39 ലക്ഷം രൂപയും, ഡീസല്‍ എംടിക്ക് 10.54 ലക്ഷം രൂപയും, ഡീസല്‍ എഎംടിക്ക് 11.19 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ് ട്രിമ്മുകള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന പ്യുവര്‍ പ്ലസ് പിഎസ് മോഡലില്‍ 118 പിഎസ് കരുത്തുള്ള 1.2 ലീറ്റര്‍ പെട്രോള്‍, 113 പിഎസ് കരുത്തുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. പനോരമിക് സണ്‍റൂഫ് കൂടാതെ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആറ് സ്പീക്കറുകള്‍, പവേര്‍ഡ് ഓര്‍വിഎം, എല്‍ഇഡി ഹെഡ്‌ലാംപ്, റിയര്‍പാര്‍ക്കിങ് ക്യാമറ, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ എന്നിവയുമുണ്ട്.
◾ മഞ്ഞില്‍ പൊതിഞ്ഞ വഴികളും, കാടിന്റെ നിശ്ശബ്ദതയും, അമ്മയോടൊപ്പം നടത്തുന്ന ഒരു മറക്കാനാകാത്ത യാത്രയും... മോസ്‌കോ നഗരത്തില്‍ നിന്ന് നീലമലയ്ക്കടുത്തുള്ള കാട്ടിലേക്ക്, അച്ഛനെ തേടി പുറപ്പെടുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അനുഭവിക്കുന്ന സാഹസിക നിമിഷങ്ങളാണ് ഈ കഥ. കുട്ടികളുടെ കൗതുകവും ധൈര്യവും സ്നേഹവും ചേര്‍ന്നൊഴുകുന്ന ഈ റഷ്യന്‍ ബാലസാഹിത്യകൃതി, വായനക്കാരെ ഒരു മഞ്ഞുകാല യാത്രയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. 'ചുക്കും ഗെക്കും'. അര്‍ക്കാദി ഗൈദാര്‍. വിവര്‍ത്തനം: ശാലിനി വിനീത്. ലോഗോസ് ബുക്സ്. വില 104 രൂപ.
◾ കേവലം പത്ത് മിനിറ്റ് നേരത്തെ നിര്‍മിതബുദ്ധി ഉപയോഗം പോലും ഒരു വ്യക്തിയുടെ ചിന്താശേഷിയെയും പ്രശ്നപരിഹാര ശേഷിയെയും അതിവേഗം പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. നിര്‍മിതബുദ്ധിയുടെ അമിതമായ ഉപയോഗം മനുഷ്യന്റെ തലച്ചോറിനെയും ചിന്താശേഷിയെയും എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പുതിയ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ശാസ്ത്രലോകം. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ഗണിത പ്രശ്നങ്ങളും വായനയുമായി ബന്ധപ്പെട്ട ടാസ്‌കുകളും ഓണ്‍ലൈനായി നല്‍കിയാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഇതില്‍ ചിലര്‍ക്ക് ടാസ്‌കുകള്‍ ചെയ്യാന്‍ സഹായിക്കുന്നതിനായി എഐ അസിസ്റ്റന്റുകളെ നല്‍കിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് ഈ എഐ അസിസ്റ്റന്റുകളെ മാറ്റിയപ്പോള്‍, ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാന്‍ എഐയെ ആശ്രയിച്ചിരുന്നവര്‍ പെട്ടെന്ന് തന്നെ ഉത്തരം കണ്ടെത്തുന്നതില്‍ നിന്ന് പിന്മാറുന്നതായും ഉത്തരങ്ങളില്‍ തെറ്റുകള്‍ വരുത്തുന്നതായും ഗവേഷകര്‍ കണ്ടെത്തി. എഐയുടെ അമിതമായ ഉപയോഗം ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചേക്കാമെങ്കിലും, അത് അടിസ്ഥാനപരമായ ചില പ്രശ്നപരിഹാര ശേഷികളെ ഇല്ലാതാക്കുന്നു എന്നാണ് പഠനം വ്യക്തമാകുന്നത്. എന്നാല്‍ കേവലം സൂചനകള്‍ക്കോ സംശയനിവാരണത്തിനോ വേണ്ടി മാത്രം എഐ ഉപയോഗിക്കുന്നത് ചിന്താശേഷിയെ കാര്യമായി ബാധിച്ചിട്ടില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഏകോപനമില്ലാതെ എഐ ഉപയോഗിച്ചില്ലെങ്കില്‍ അതിന് മനുഷ്യരെ തന്നെ അശക്തരാക്കാനുള്ള കെല്‍പ്പുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ പഠനം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 94.43, പൗണ്ട് - 128.75, യൂറോ - 111.31, സ്വിസ് ഫ്രാങ്ക് - 121.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.44, ബഹറിന്‍ ദിനാര്‍ - 250.21, കുവൈത്ത് ദിനാര്‍ -306.78, ഒമാനി റിയാല്‍ - 245.61, സൗദി റിയാല്‍ - 25.01, യു.എ.ഇ ദിര്‍ഹം - 25.71, ഖത്തര്‍ റിയാല്‍ - 25.94, കനേഡിയന്‍ ഡോളര്‍ - 69.05.
0 Comments