LATEST

6/recent/ticker-posts

പശ്ചിമ ബംഗാള്‍; സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപോര്‍ട്ട്; അക്രമം തുടരുന്നു


 *കൊല്‍ക്കത്ത* : പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ക്ക് അയവില്ല. വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം സംസ്ഥാനത്ത് നാല് പേര്‍ കൊല്ലപ്പെട്ടതായാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് ഏരിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസും സമീപത്തെ ഇറച്ചിക്കടയും തുണിക്കടയും തകര്‍ത്തു. കൊല്‍ക്കത്തയിലെ ഒരു പ്രമുഖ സ്‌കൂളിലെ ബസ് അറ്റന്‍ഡന്റ് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന തൃണമൂല്‍ നേതാവായ ശോഭന്‍ദേബ് ചതോപാധ്യായയുടെ വീടിന് നേരെ ആക്രമണമുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഉത്തരവിട്ടു. കൊല്‍ക്കത്തയില്‍ ഇതുവരെ 80 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെസിബികളോ ബുള്‍ഡോസറുകളോ ഉപയോഗിച്ചുള്ള പ്രകടനങ്ങള്‍ നിരോധിച്ച് കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ ഉത്തരവിട്ടു. മുര്‍ഷിദാബാദ് ജില്ലയില്‍ ലെനിന്റെ പ്രതിമ ബിജെപി തകര്‍ത്തെന്ന് സിപിഎമ്മും ആരോപിക്കുന്നു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പോലിസുകാര്‍ക്ക് വെടിയേറ്റതായി വിവരമുണ്ട്. ചേരിതിരിഞ്ഞ് രണ്ട് സംഘങ്ങള്‍ പരസ്പരം വെടിയുതിര്‍ത്തതാണ് കാരണം. ഇതുവരെ 85 പേരെ കൊല്‍ക്കത്ത നഗരത്തില്‍ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങള്‍ക്കിടയില്‍ വ്യാപകമായി കടകളും മറ്റുംകൊള്ളയടിക്കപ്പെടുന്നുവെന്നും പോലിസ് പറയുന്നു.

Post a Comment

0 Comments