LATEST

6/recent/ticker-posts

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റിൽ 2.46 ലക്ഷം വിദ്യാർഥികൾ

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മുതൽ 17 ന് വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം. 2,46,638 പേർക്കാണ് ആദ്യ അലോട്ട്‌മെന്റ് ലഭിച്ചിരിക്കുന്നത്. ഇനി 71,264 സീറ്റുകൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 3,17,902 സീറ്റാണ് ഏകജാലകം വഴിയുള്ള പ്രവേശനത്തിനുള്ളത്.

4,44,772 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 43,735 പേർ ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരാണ്. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരുടെ എണ്ണം ഒഴിവാക്കിയാൽ 1,54,399 പേർ ആദ്യ അലോട്ട്‌മെന്റിൽ പുറത്തു നിൽക്കുകയാണ്. 

71,264 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് വിവിധ സംവരണ വിഭാഗങ്ങളിൽ അർഹരായ അപേക്ഷകരില്ലാത്തതിനാലാണ്. അർഹരായ അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ തുടർ അലോട്ട്‌മെന്റുകളിൽ സംവരണ സീറ്റ് ആദ്യം മറ്റു സംവരണ സമുദായങ്ങൾക്കും ഒടുവിൽ പൊതു മെറിറ്റിലേക്കും മാറ്റും. അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ലെറ്ററുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. 

ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർ പുറത്തു നിൽക്കുന്നത് മലബാർ മേഖലയിൽ. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവർ കൂടാതെ പാലക്കാട് മുതൽ വടക്കോട്ടുള്ള ആറ് ജില്ലകളിൽ 2,20,899 അപേക്ഷകരാണുള്ളത്. ഇതിൽ 57 ശതമാനം പേർക്കാണ് ആദ്യ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളത്. 1,25,968 പേർക്ക്. 94,933 അപേക്ഷകർ പുറത്താണ്. ഇനി വിവിധ വിഭാഗങ്ങളിലായി 44,767 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. 

പത്തനംതിട്ട വരെയുള്ള നാല് തെക്കൻ ജില്ലകളിൽ 58 ശതമാനം പേർക്ക് അലോട്ട്‌മെന്റായിട്ടുണ്ട്. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരൊഴികെ 86,996 അപേക്ഷകളിൽ 50,657 പേർക്കാണ് അലോട്ട്‌മെന്റ്. 36,339 പേർ പുറത്തു നിൽക്കുന്നുണ്ട്. ഇനി 12,852 സീറ്റുകളാണുള്ളത്. കോട്ടയം മുതൽ തൃശൂർ വരെയുള്ള മധ്യകേരളത്തിലെ നാല് ജില്ലകളിൽ 48,748 പേർക്കാണ് അലോട്ട്‌മെന്റായിട്ടുള്ളത്. 94,222 അപേക്ഷകരുള്ള ഈ ജില്ലകളിൽ. 45,474 പേരാണ് പുറത്തുള്ളത്. 51 ശതമാനമാണ് അലോട്ട്‌മെന്റ്. 13,648 സീറ്റുകളാണ് ഈ ജില്ലകളിൽ ഇനി ഒഴിവുള്ളത്.

ജില്ലകളിൽ മലപ്പുറത്താണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്നത്. 33,986 പേർ.  82,753 പേർ അപേക്ഷിച്ചതിൽ 40,554 പേർക്കാണ് അലോട്ട്‌മെന്റ്. അപേക്ഷകരിൽ 8213 പേർ ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരാണ്. ഇനി 17,301 സീറ്റുകളാണ് ഇവിടെ ഒഴിവുള്ളത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ചെയ്തിരിക്കുന്നത് 3774 സീറ്റുകളും പട്ടികവർഗ വിഭാഗത്തിന് 5153 സീറ്റുകളും പട്ടിക ജാതിക്കാർക്ക് 3642 സീറ്റുകളും ലാറ്റിൻ കാത്തലിക്ക് വിഭാഗത്തിന് 1241 സീറ്റുകളുമാണുള്ളത്. അതേസമയം, പത്തനംതിട്ട ജില്ലയിലെ മുഴുവൻ പേർക്കും പ്രവേശനം ഉറപ്പായി.

Post a Comment

0 Comments