LATEST

6/recent/ticker-posts

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്; ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയെന്ന് ഹൈക്കോടതി, ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ലെന്ന് എസ് പി ശശിധരൻ

കൊച്ചി: എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ പോലും കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ പുരോഗതിയെക്കുറിച്ച് അറിയിക്കാനെത്തിയ സമയത്താണ് എസ് പി ശശിധരൻ ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കി എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുൽപ്പള്ളി, റാന്നി കേസുകളിൽ അന്വേഷണം പൂ‍ർത്തിയായെന്നും എസ് പി അറിയിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഇത് ലഭ്യമായാൽ കുറ്റപത്രം സമർപ്പിക്കുമെന്നും എസ് പി ശശിധരൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ സെപ്റ്റംബറിൽ തന്നെ പരിഗണിക്കാന്‍ പിന്നോക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. കേസിലെ അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നതിലും, വിചാരണ തുടങ്ങാത്തത്തിലും ഹൈക്കോടതി നേരെത്തെ അതൃപ്തി അറിയിച്ചിരുന്നു. മുൻപ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നത്.

മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എം എൻ സോമൻ അടക്കമുള്ള പ്രതികൾ അന്വേഷണത്തിൽനിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കാനും കോടതി വിജിലൻസിന് നിർദേശിച്ചിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ചൂണ്ടിക്കാട്ടി 2024ൽ കോടതി ഉത്തരവിട്ടെങ്കിലും കാലതാമസം ഉണ്ടായി. പിന്നീടാണ് എസ്പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

പിന്നോക്കവിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്തനാണ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. മൈക്രോ ഫിനാൻാസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നേരത്തെ കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ചും വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം ആരംഭിച്ചത്

Post a Comment

0 Comments