കൊടുവള്ളി: ലൈറ്റ്നിനിംഗ് ആർട്സ് ആന്റ്സ്പോർട്സ് ക്ലബ്ബ് കൊടുവള്ളി സംഘടിപ്പിച്ചു വരുന്ന കൊയപ്പ അഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണ നിലനിർത്തുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് അംഗീകാരം. 2024-25 സീസണിൽ ഏറ്റവും നല്ല സെവൻസ് ഫുട്ബോൾ ടൂർണമെന്റായി കൊയപ്പ സെവൻസ് ഫുട്ബോൾ തിരഞ്ഞെടുക്കപ്പെട്ടു.
1960-70 കളിൽ ഫുട്ബോൾ കളിക്കാരൻ പോലുമല്ലാത്ത കാൽപന്തുകളി കാണൽ കമ്പക്കാരൻ മാത്രമായിരുന്ന കൊടുവള്ളി സ്വദേശി കൊയപ്പ അയമ്മദ് കുഞ്ഞി ഹാജി ചരക്ക് ലോറികളിലും മറ്റും കയറി ദീർഘദൂരം യാത്ര ചെയ്ത് കൽകത്ത, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പോയി സന്തോഷ് ട്രോഫി, സേട്ട് നാഗ്ജി, തുടങ്ങിയ ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ മോഹൻ ബഗാൻ, മുഹമ്മദൻസ് സ്പോർട്ടിംഗ് തുടങ്ങിയ അക്കാലത്തെ പേരുകേട്ട ഫുട്ബോൾ ടീമുകളുടെ മത്സരങ്ങൾ കാണുകയും തിരികെ വന്ന് മത്സര വിശേഷങ്ങൾ നാട്ടിലെ സുഹൃത്തുക്കളുമായി പങ്ക് വെക്കുകയും പതിവായിരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുക ലക്ഷ്യമാക്കിയാണ് ലൈറ്റ്നിംഗ് ക്ലബ്ബ് 1971-ൽ കൊയപ്പ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചത്. ഈ വർഷം ജനവരിയിൽ 39ാം മത് ടൂർണ്ണമെന്റാണ് നടന്നത്. സുവർണ്ണ നഗരിയെന്ന വിശേഷണത്താൽ അറിയപ്പെടുന്ന കൊടുവള്ളിയുടെ വാർഷിക ഫുട്ബോൾ മാമാങ്കമാണ് കൊയപ്പ ഫുട്ബോൾ.
കോഴിക്കോട് നടന്ന 26ാംമത് ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വെച്ച് എം.കെ രാഘവൻ എം.പി ലൈറ്റ്നിംഗ് ക്ലബ്ബ് ഭാരവാഹികൾക്ക് പുരസ്‌കാരം കൈമാറി. മാക്സ് ഫൈസൽ, സി.കെ ജലീൽ, പി.കെ അബ്ദുൽ വഹാബ് എന്നിവർ ഏറ്റുവാങ്ങി. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു
0 Comments