ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. 12 ഗൾഫ്-അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ ഇറാനെതിരെ എടുത്ത സംയുക്ത നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളഞ്ഞു. ഈ നീക്കങ്ങൾ ഏകപക്ഷീയമാണെന്നും പ്രദേശത്തെ യഥാർത്ഥ ഭീഷണികളെ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും ഇറാൻ വ്യക്തമാക്കി. അയൽരാജ്യങ്ങൾ തങ്ങളുടെ ഭൂമി അമേരിക്കക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നതു അവസാനിപ്പിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള പിന്തുണ നൽകുന്ന രാജ്യങ്ങൾ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പങ്കാളികളാണെന്ന കടുത്ത വിമർശനവും ഇറാൻ ഉന്നയിച്ചു.തങ്ങളുടെ എണ്ണ-പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിശ്ചലമായി നിൽക്കില്ലെന്ന മുന്നറിയിപ്പും അവർ നൽകി. സായുധ സംഘങ്ങൾക്ക് നൽകുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ എണ്ണ റിഫൈനറികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ ഹോർമുസ് കടലിടുക്കും ബാബ് അൽ മന്ദബ് കടൽപാതയും അടയ്ക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ഈ അവശ്യങ്ങളും ഇറാൻ പൂർണമായും തള്ളിക്കളഞ്ഞു.
ആഗോള ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഹോർമുസ് കടലിടുക്ക് തുറക്കുക എന്നത് നിർണ്ണായകമാണ്. ഗൾഫ് രാഷ്ട്രങ്ങളുമായി നിരന്തര ചർച്ചകൾ നടത്തുന്ന ഇന്ത്യ ഇന്ന് ഒമാനുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തി. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാ രാഷ്ട്രങ്ങളും വലിയ ആശങ്കയിലാണ്. ഹോർമുസിലെ ഉപരോധം നീങ്ങാത്ത പക്ഷം ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
0 Comments