പേരാമ്പ്ര: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര -ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറും നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയിൽ ഹരീഷ് (മോനൂട്ടൻ-40) ആണ് മരിച്ചത്.
ഇന്നലെ ജോലി കഴിഞ്ഞു കാണാത്തതിനെ തുടർന്ന് രാത്രി 10.30 ഓടെ ഭാര്യ ഫോൺ വിളിച്ചപ്പോൾ ഹരീഷ് വരാമെന്ന് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ ബെൽ അടിഞ്ഞെങ്കിലും എടുത്തില്ല. ഇന്ന് പുലർച്ചെ 5.45 ഓടെ സഹോദരൻ വന്ന് അന്വേഷിച്ചപ്പോഴാണ് ബസ്സിന്റെയുള്ളിൽ പിൻവാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്നു മൃതദേഹം താഴെയിറക്കി. തുടർന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല. പേരാമ്പ്ര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്. ഭാര്യ: ആതിര. മക്കൾ: തന്മയ (വാല്യക്കോട് എയുപി സ്കൂൾ വിദ്യാർത്ഥി), ആലിയ (രാമല്ലൂർ എൽപി സ്കൂൾ വിദ്യാർത്ഥി). സഹോദരൻ: പ്രജീഷ് (ഡ്രൈവർ, വിക്ടറി പേരാമ്പ്ര).
0 Comments