LATEST

6/recent/ticker-posts

അങ്ങനെ പറയാൻ പാടില്ലായിരുന്നു’; പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോൺ


തിരുവനന്തപുരം: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും പരാമർശത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


സ്ത്രീകളോട് വിവേചനമില്ല, വിമർശനങ്ങളെ സ്വീകരിക്കുന്നു. പ്രിയദർശിനി ഞങ്ങളുടെ സുപ്രധാന പദ്ധതിയാണെന്നും സിപി ജോൺ പറഞ്ഞു. ചുരം കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ പ്രിയദർശിനി ബസുകൾ അനുവദിക്കുമെന്നും ബസ് മറിഞ്ഞ നെല്ലിയാമ്പതി റൂട്ടിൽ ഒരു പ്രിയദർശിനി ബസ് കൂടി അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപി ജോൺ പറഞ്ഞത്..

കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതിയെ പരാമർശിച്ചുകൊണ്ടാണ് മന്ത്രി സിപി ജോൺ വിവാദ പ്രസ്താവന നടത്തിയത്. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. എന്നാൽ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ പണം ചെലവഴിക്കുന്ന ഇവർ, ആശുപത്രിയിലെത്തുമ്പോൾ പണമില്ലെന്ന് പറഞ്ഞ് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

‘‘അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ‌ സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല’’ – സി.പി. ജോൺ പറഞ്ഞു.

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാമർശം വിവാദമായതിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വനിതാ സംഘടനകളിൽ നിന്നും വ്യാപക വിമർശനമാണ് ഉയർന്നത്

Post a Comment

0 Comments